ADVERTISEMENT

അബുദാബി∙ മഹാമാരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന യുഎഇയിൽ കോവിഡ്–19 രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവും രോഗമുക്തിനേടുന്നവർ വർധിക്കുകയും ചെയ്യുന്നു. അധികൃതരുടെ കഠിനപരിശ്രമവും ആരോഗ്യപ്രവർത്തകരുടെ ആത്മാർഥമായ സേവനവുമാണ് ഇതിന് പ്രധാന കാരണം. ഇതിന് അടിവരയിടുകയാണ്, കോവി‍ഡ് ബാധിച്ച് രോഗമുക്തിനേടിയ കണ്ണൂർ സ്വദേശി സുരേഷ് ജൂഡോ. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ക്വാറന്റീൻ അനുഭവവും ഇതേസമയം നാട്ടിലെ നിർധന കുടുംബത്തിലെ കുട്ടിയുടെ ചികിത്സാ കാര്യത്തിൽ നടത്തിയ സഹായങ്ങളും വിശദീകരിക്കുന്നു:

രണ്ടു മാസങ്ങൾക്ക് മുൻപ് ജോലിയുടെ ഭാഗമായാണ് ഞാൻ കോവിഡ് –19 പരിശോധനയ്ക്ക് വിധേയനായത്. രാവിലെ 7 ന് തന്നെ ഞാനും കൂടെ മറ്റ് രണ്ട്‌പേരും ടെസ്റ്റ് സെന്ററിൽ എത്തി. അതുവരെ ഇല്ലാത്ത ഒരു ടെൻഷൻ മനസ്സിനെ പിടികൂടി. കുറച്ചു ദിവസങ്ങളായി ചെറിയ തോതിൽ ജലദോഷവും പനിയും ഉണ്ടായിരുന്നു. കൂടാതെ വായയിൽ ചെറിയ കയ്പും. അവർ സ്വാബ് സാമ്പിൾ എടുത്തു 24 മണിക്കൂറിനുള്ളിൽ റിസൾട്ട് മൊബൈൽ സന്ദേശമായി ആയി ലഭിക്കും എന്ന് അറിയിച്ചു.

ഞാൻ തിരിച്ചു റൂമിൽ എത്തി. നന്നായി ശരീരം വിയർക്കുന്നുണ്ട്. ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിലായി. രാത്രിയിൽ പലപ്പോഴും ഞെട്ടി യുണർന്നു. ഒന്നു നേരം വെളുത്തുവെങ്കിൽ എന്ന് മനസ്സ് മന്ത്രിച്ചു. പിറ്റേദിവസം 9 ന് ഫോണിൽ ഒരു സന്ദേശം വന്ന ശബ്ദം. അതു വായിച്ചപ്പോൾ ഞെട്ടിപ്പോയി. സംശയം കൊണ്ട് വീണ്ടും വീണ്ടും വായിച്ചു . അതെ, കോവിഡ് വൈറസുകൾ എന്റെ ശരീരത്തിൽ പ്രവേശിച്ചിരിക്കുന്നു. ടെസ്റ്റ് ഫലം ചുവന്ന നിറച്ചിൽ എന്റെ ഫോട്ടോയോട് കൂടി–  "പോസിറ്റീവ്" !

ഞാൻ ആകെ ഇല്ലാതാകുന്ന അവസ്ഥ. എന്ത്‌ ചെയ്യണം എന്നറിയാതെ കട്ടിലിലേയ്ക്ക് കുറച്ചു നേരം ചാഞ്ഞു കിടന്നു. മനസിൽ ദുഷ് ചിന്തകൾ കടന്നുപോയി. ഈ രോഗത്തിന് മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്ന അറിവ് എന്നെ ഉരുക്കി. ജീവന്റെ പാതിയായ നാട്ടിലുള്ള ഭാര്യയെ ഫോണിൽ വിളിച്ചു പോസിറ്റീവ് ആണെന്ന വിവരം അറിയിച്ചു. ഞാൻ തമാശ പറഞ്ഞതാണെ അവൾ ആദ്യം കരുതി. ഞാൻ റിസൾട്ട് കോപ്പി ഫോർവേഡ് ചെയ്തു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത്, കോവിഡിനെ ചെറുക്കാനുള്ള ധൈര്യം ഭാര്യ പകർന്നു നൽകിയതാണ്.

തൽക്കാലം വീട്ടിലുള്ള മറ്റുള്ളവരെ അറിയിക്കണ്ട എന്നു ഞാൻ ഭാര്യയോട് പറഞ്ഞു .ഉടൻ തന്നെ ഹോസ്പിറ്റലിൽ നിന്നു കാൾ വന്നു– റൂം ക്വാറന്റീൻ ഒരുക്കുക. റൂമിൽ മറ്റാരും പാടില്ല. എമർജൻസി ആവശ്യം വന്നാൽ വിളിക്കേണ്ട ആംബുലൻസ് സർവീസ് നമ്പരും കൈമാറി. ഞാൻ ഉടനെ എന്റെ കമ്പനി അധികൃതരെ വിവരം അറിയിച്ചു. എനിക്ക് വേണ്ട എല്ലാ സഹായങ്ങളും അവർ ചെയ്ത് തന്നു.

ഒറ്റപ്പെട്ട അവസ്ഥ; തികഞ്ഞ മാനസികസമ്മർദം

അപ്പോഴേക്കും ഞാൻ ആകെ ഒറ്റപ്പെട്ടുപോയ അവസ്ഥയിൽ ആയിരുന്നു.  ഒരു വയസ്സുള്ള, ഒരിക്കൽ മാത്രം കണ്ടിട്ടുള്ള, കണ്ടു കൊതി തീരാത്ത എന്റെ മകന്റെയും വീട്ടുകാരുടെയും ഫോട്ടോകൾ ഞാൻ മാറി മാറി കണ്ടു കൊണ്ടിരുന്നു. പിന്നീട് ഇൗ പ്രവൃത്തി എല്ലാ ദിനവും തുടർന്നുകൊണ്ടിരുന്നു. വലിയ ഫ്ലാറ്റിന്റെ ഒരു മുറിയിൽ ഞാനും മറ്റൊരുമുറിയിൽ എന്റെ കൂടെ പരിശോധിച്ചപ്പോൾ പോസിറ്റീവായ ഉത്തർപ്രദേശുകാരനും. അയാൾ ശരിക്കും മാനസിക നില തെറ്റിയ അവസ്‌ഥ യിൽ ആയിരുന്നു. 

ആദ്യ നാളുകളിൽ രാത്രിയിലും ഉറക്കമില്ലാത്ത അവസ്‌ഥയായിരുന്നു. അഥവാ ഉറക്കം വന്നാൽ തന്നെ അത് രാത്രി രണ്ടിന് ശേഷം. ഒരുതരം ചിന്തകൾ മനസ്സിലൂടെ കടന്ന് പോകുന്നു. മൂക്കിൽ നിന്നും ശ്വാസം നിലച്ചു പോകുന്ന അവസ്ഥ. അടച്ചിട്ട മുറിയിൽ ഏകാന്തതയുടെ തടവറയിൽ നല്ല മാനസിക സമ്മർത്തിൽ ആയിരുന്നു ആദ്യ നാളുകളിൽ. രാവിലെയും ഉച്ചയ്ക്കും ഭക്ഷണ പൊതിയുമായി സഹപ്രവർത്തകനായ രാജേട്ടൻ എത്തും. ഭക്ഷണത്തിനായി വാതിൽ തുറക്കുമ്പോഴും ശരീരത്തിൽ വൈറ്റമിൻ "ഡി" ലഭിക്കാനായ് സൂര്യപ്രകാശ കിരണങ്ങൾ ശരീരത്തിൽ ഏൽക്കാൻ ജനാലകൾ തുറക്കുമ്പോഴും മാത്രമായിരുന്നു മനുഷ്യമുഖം പുറത്തു നിന്നു കാണാൻ കഴിയുക.  ആഹാരത്തിനും വെള്ളത്തിനും ഒന്നിനും നാവിൽ രുചി അറിയാത്ത അവസ്ഥ ആയിരുന്നു ആ ദിനങ്ങളിൽ. ഏറ്റവും മികച്ച സഹകരണം ഉണ്ടായത് അബുദാബി ആരോഗ്യപ്രവർത്തകരുടെ ഭാഗത്തു നിന്നായിരുന്നു. എല്ലാ ദിവസവും രാവിലെ വിളിച്ചു രോഗ ലക്ഷണങ്ങളെ പറ്റി ചോദിച്ചറിയും. ഏത് സമയത്തും ഞങ്ങളെ വിളിക്കാം എന്ന് അവർ പറഞ്ഞു ദിവസവും എനിക്ക് ആശ്വാസ വാക്കുകൾ സമ്മാനിക്കും. മാനസികമായുള്ള എന്റെ ഭയം നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ പതിയെ പതിയെ മാറിത്തുടങ്ങി. ഞാൻ തന്നെ എന്റെ മനസ്സിനോട് മന്ത്രിച്ചു– വൈറസിന് മുന്നിൽ ഞാൻ കിഴടങ്ങില്ല. ഈ പോരാട്ടത്തിൽ ജയിച്ചേ മതിയാകു.

suresh-judo-2

ആശ്വാസമായി എഴുത്തുകാർ; അക്ഷരങ്ങൾക്ക് നന്ദി

അങ്ങനെ കട്ടിലിൽ കിടന്നു നോക്കുമ്പോൾ ആണ് തൊട്ടരികിൽ കുറെ പുസ്തകങ്ങൾ എന്നെ നോക്കി ചിരിക്കുന്നത് കണ്ടത്. കഴിഞ്ഞ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നിന്ന് കൂടെ കൂട്ടിയവ. കുറേയെണ്ണം ഇതിനകം  ജിവിതത്തിൽ പലപ്പോഴും ഒറ്റയ്ക്ക് ഉള്ള ദിനരാത്രങ്ങളിൽ ഇവർ ആയിരുന്നു കൂട്ടുകാർ.

അങ്ങനെ ഞാൻ അക്ഷരങ്ങളെ വീണ്ടും പ്രണയിച്ചുതുടങ്ങി. ആദ്യം പെരുമാൾ മുരുകന്റെ അർദ്ധനാരീശ്വരൻ, പൗലോ കൊയ്‌ലോയുടെ കഥകൾ, ബഷീറും എം മുകുന്ദനും വരെ എന്റെ മനസിന്റെയും ശരീരത്തിന്റെയും വേദനകൾക്ക് ആശ്വാസം പകർന്നു.

ഇതിനിടയിൽ ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിച്ചിരിന്നു. പലരും മെസ്സേജുകളിലൂടെയും ഫോണിലൂടെയും എന്നെ തിരക്കി. ആദ്യംതന്നെ ഒരുകാര്യം ഉറപ്പിച്ചിരുന്നു– സുഹൃത്തുക്കളെ കോവി‍ഡ് പോസിറ്റീവായത് അറിയിക്കില്ല എന്ന്. കാരണം മറ്റൊന്നുമല്ല, അന്ന് മുതൽ  അവരുടെ മനസ്സിന്റെ സ്വസ്ഥതയും ഉറക്കവും നഷ്ടപ്പെട്ടപ്പെടും; എന്നെയോർത്ത്. രോഗം മാറുന്നത് വരെ അവരുടെ മനസ്സ് വേദനപ്പികരുത്.

നാട്ടിൽ നിന്നൊരു സന്ദേശം

ഇതിനിടയിൽ എനിക്ക് നാട്ടിലെ സുഹൃത്ത് സാജിത് സായിയുടെ ഒരു മെസ്സേജ് വന്നു .പത്തു വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടിൽ ആണെന്ന്. എന്തെങ്കിലും ഒരു സഹായം ചെയ്തു തരണമെന്ന് അഭ്യർഥിച്ചു. ആ കുട്ടിയുടെ രോഗാവസ്‌ഥയാണ്‌ എന്റെ രോഗത്തിന്റെ വേദനയേക്കാൾ വലുത് എന്ന് മനഃസാക്ഷി എന്നോട് പറഞ്ഞു. ഉടനെ ഞാൻ ഒരു വീഡിയോ ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തു. ഒരു പാട് പേർ അതു ഷെയർ ചെയ്തു, സഹായംനൽകി.

മരുന്നുകളേക്കാൾ വേണ്ടത്, ആത്മധൈര്യം

12 ദിവസം കഴിഞ്ഞപ്പോൾ എന്റെ ശാരീരിക, മാനസിക സമ്മർദങ്ങളെല്ലാം ഒഴിഞ്ഞുപോയി.  എനിക്ക് ഒരു കാര്യം മനസ്സിലായി, ഈ മഹാവൈറസിനെ കിഴടക്കാൻ ഒരാൾക്ക് വേണ്ടത് മരുന്നുകളെക്കാൾ ഏറെ മാനസിക ധൈര്യം ആണ് എന്ന്. രണ്ട് ദിവസം കഴിഞ്ഞാൽ (പതിനാലാം ദിവസം) ടെസ്റ്റിന് വീണ്ടും പോകണമെന്ന് അറിയിപ്പു വന്നു. രാവിലെ ടെസ്റ്റിന് പോയി. അന്നു രാത്രി മുഴുവൻ നന്നായി ഉറങ്ങി. പിറ്റേന്ന് രാവിലെ വന്ന സന്ദേശം വായിച്ചു– ഫലം നെഗറ്റീവ്. ആദ്യം ഭാര്യയെ വിളിച്ചു വിവരം അറിയിച്ചു. പിന്നെ ആരോഗ്യപ്രവർത്തകരെയും എന്റെ കമ്പനി അധികൃതരെയും ഇത്രയും നാൾ ആഹാരം കൊണ്ട്‌ തന്ന രാജേട്ടനെയും. എല്ലാവരും എനിക്ക്  ആശംസകൾ നേർന്നു. എങ്കിലും ഒരു തവണ കൂടി ടെസ്റ്റിന് വിധേയനാകണം രണ്ടു ദിവസം കഴിഞ്ഞ്. എന്നാലേ പൂർണമായും വൈറസ് എന്നിൽ നിന്നും വിട്ടു മാറി എന്ന സർട്ടിഫിക്കറ്റ് ലഭിക്കുക ഉള്ളു. രണ്ടു ദിവസം കഴിഞ്ഞു അടുത്ത ടെസ്റ്റിന് വരി നിൽക്കുന്ന സമയം എനിക്ക് സുഹൃത്തിന്റ മെസ്സേജ് വീണ്ടും വന്നു–ദൈവ കാരുണ്യം കൊണ്ട് ആ കുട്ടിയുടെ ചികിത്സയ്‌ക്ക് ആവശ്യത്തിൽ  കൂടുതൽ തുക വന്നു കഴിഞ്ഞു. ഉടനെ തന്നെ ആ കുട്ടിയുടെ ചികിത്സ തുടങ്ങും. എല്ലാവർക്കും നന്ദി.

പൊരുതുക, പോരാടുക, വിജയിക്കുക

കൊറോണ വൈറസ് ബാധിച്ചു കിടക്കുന്നവരോടും ഈ മഹാമാരിയെ ഭയക്കുന്നവരോടും ഒന്നേ പറയാൻ ഉള്ളു. പലരും മരണത്തിന് കിഴടങ്ങുന്നത് ഭയ ഭീതിയിലാണ്. ഏത് വൈറസ് ആയാലും എന്തു പ്രതിസന്ധികളായാലും ജീവിതത്തിൽ വന്നു ചേർന്നാൽ ആത്മവിശ്വാസം കൈവിടാതെ പൊരുതുക, പോരാടുക, വിജയിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com