sections
MORE

കെഎംസിസി ചാർട്ടേർഡ് വിമാനം: തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കും

press-meet
SHARE

ദുബായ്∙ സേവനം എന്ന ഏക ലക്ഷ്യത്തോടെയാണ് ദുബായ് കെഎംസിസി ചാർട്ടേഡ് വിമാന സർവീസ് നടത്തിയതെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചില ട്രാവൽ ഏജൻസികൾ‍ ഉയർത്തിയ ആശങ്കകൾ‍ അസ്ഥാനത്താണെന്നും ദുബായ് കെഎംസിസി. കെഎംസിസിയുടെ സർവീസുകൾ ട്രാവൽ ഏജൻസികളുടെ നിലനിൽപിന് പ്രതിബന്ധമുണ്ടാക്കുന്നതല്ലെന്നും ആർക്കും ബുദ്ധിമുട്ടുണ്ടാക്കാൻ കെഎംസിസിക്ക് താൽപര്യമില്ലെന്നും ദുബായ് കെഎംസിസി പ്രസിഡന്റ് ബ്രാഹിം എളേറ്റിൽ, ആക്ടിങ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ഓർഗ.സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറിയും ഫ്ലൈറ്റ് ചാർട്ടറിങ് കോഓർഡിനേറ്ററുമായ അഡ്വ. ഇബ്രാഹിം ഖലീൽ അരിമല എന്നിവർ‍ സൂം വാർ‍ത്താ സമ്മേളനത്തിൽ‍ അറിയിച്ചു.43 ചാർട്ടേഡ് വിമാനസർവീസുകൾക്കാണ് കെഎംസിസിക്ക് അനുമതി കിട്ടിയത്.

അതിൽ 33 എണ്ണം നടത്തി. അടുത്തദിവസങ്ങളിൽ നാലെണ്ണം കൂടി നടത്തും. വന്ദേഭാരത് വിമാനങ്ങളിൽ 850 ദിർഹം ഈടാക്കുമ്പോൾ കെഎംസിസി 825 ദിർഹത്തിനാണ് ടിക്കറ്റ് നൽകുന്നത്. ആംനെസ്റ്റി പോലെയാണ് ഇപ്പോൾ യുഎഇ സർക്കാർ വീസ കാലാവധി കഴിഞ്ഞവരെ പോകാൻ അനുവദിക്കുന്നത്. പ്രതിബദ്ധതയുള്ള സാമൂഹിക സംഘടന എന്ന നിലക്കാണ് ഇവരെ സഹായിക്കാൻ വിമാന സർവീസ് നടത്തുന്നത്. 43 സർവീസുകൾ പൂർത്തിയാകുന്നതോടെ പുതിയവ വേണ്ടതില്ലെന്നാണ് ഇപ്പോഴത്ത തീരുമാനം. വന്ദേ ഭാരത് മിഷൻ വിമാന സർവീസുകൾ‍ അപര്യാപ്തമായപ്പോൾ‍ ചാർട്ടേഡ് സർവീസുകൾക്കായി ദുബായ് കെഎംസിസിയാണ് ആദ്യം രംഗത്ത് വന്ന സാമൂഹിക പ്രസ്ഥാനം. ‍ കേരള ഹൈക്കോടതിയിലും‍ ദുബായ് കെഎംസിസി കേസ് കൊടുത്തു. കെഎംസിസിയുടെ നിരന്തര ശ്രമങ്ങളെ തുടർന്നാണ് ചാർട്ടേഡ് വിമാന സർവീസുകൾക്ക് അനുമതിയായത്. ഏറ്റവും കുറഞ്ഞ നിരക്കും ഏർ‍പ്പെടുത്താൻ സാധിച്ചു.

അക്ബർ‍ ട്രാവൽസുമായി സഹകരിച്ച് ഇൻഡിഗോ സർവീസായിരുന്നു ആദ്യം നടപ്പാക്കിയത്. 1,050 ദിർ‍ഹമിനാണ് ടിക്കറ്റ് ലഭിച്ചത്. ദുബായ് കെഎംസിസി ഓരോ യാത്രക്കാരനും 60 ദിർഹം നൽകി 990 ദിർഹമിന് ആ സമയത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാക്കി. ഇങ്ങനെ 60 ദിർഹം നൽകാനായി 32,000 ദിർ‍ഹം ദുബായ് കെഎംസിസിക്ക് ചെലവാക്കേണ്ടി വന്നു. പിന്നീട്, ഫ്‌ളൈ ദുബായ് മുഖേന 925 ദിർ‍ഹമിന് ഇരുപതോളം സർവീസുകൾ നടത്തി. ഒരു ഫിൽസു പോലും വരുമാനമുണ്ടാക്കാൻ കെഎംസിസി ശ്രമിച്ചിട്ടില്ല. സുതാര്യമാണ് ദുബായ് കെഎംസിസിയുടെ പ്രവർത്തനമെന്നും നേതാക്കൾ‍ പറഞ്ഞു. കെഎംസിസിയുടെ പേരിൽ ആരെങ്കിലും തെറ്റായി പ്രവർ‍ത്തിച്ചുവെന്ന് തെളിഞ്ഞാൽ അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കോവിഡ് ആളിപ്പടർ‍ന്ന കാലയളവിൽ‍ ദുബായ് കെഎംസിസിയുടെ വൊളന്റിയർമാരും പ്രവർത്തകരും സ്വജീവൻ പോലും പണയപ്പെടുത്തി മഹത്തായ രക്ഷാപ്രവർത്തനങ്ങൾ നിർവഹിച്ചു. ആ നിലയിൽ‍ ദുബായ് കെഎംസിസിക്ക് ലഭിച്ച വ്യാപക പിന്തുണയെ ഇകഴ്ത്താനും അവമതിക്കാനും ചിലർ നടത്തുന്ന ദുഷ്ട നീക്കമായേ ഇപ്പോഴത്തെ ആക്ഷേപങ്ങളെ കാണുന്നുള്ളൂ. ഇത് അർ‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണെന്നും മഹത്തായ ജനസേവന താൽപര്യവുമായി ദുബായ് കെഎംസിസി മുന്നോട്ടു പോകുമെന്നും നേതാക്കൾ‍ കൂട്ടിച്ചേർ‍ത്തു.

English Summary: KMCC chartered flights

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA