ADVERTISEMENT

ദോഹ ∙ 2022 ഫിഫ ലോകകപ്പ് മാമാങ്കത്തിലേക്ക് ഇനി 836 ദിവസങ്ങൾ മാത്രം. 1950 കളുടെ ആദ്യനാളുകളിൽ ദോഹ സ്‌റ്റേഡിയത്തിലെ പിച്ചിൽ നിന്നാരംഭിച്ച ഖത്തറിന്റെ ഫുട്‌ബോൾ ആവേശം വർഷങ്ങൾക്കിപ്പുറം എത്തി നിൽക്കുന്നത് 2022 ലെ ഫിഫ ലോകകപ്പ് മാമാങ്കത്തിന്റെ ആതിഥേയ പദവിയിൽ.

1940 കളുടെ അവസാനത്തിലാണ് കാൽപന്തുകളി രാജ്യത്തേക്ക് എത്തിയത്. കായികാവേശത്തിലേക്ക് രാജ്യം ഉണർന്നതോടെ 1962 ൽ ദേശീയ ടീമിനായി ദോഹ സ്‌റ്റേഡിയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എന്നാൽ അതിനുമുമ്പേ തന്നെ 1950കളുടെ ആദ്യം മുതൽക്കേ അമച്വർ മത്സരങ്ങൾക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു തുടങ്ങിയിരുന്നു. ലോക കായിക ഭൂപടത്തിൽ മുൻനിരയിലാണ് ഇന്ന് ഖത്തറിന്റെ സ്ഥാനം. 2010 ഡിസംബർ 10ന് 2022 ൽ ഫിഫ ലോകകപ്പിന് ആതിഥേയരാകാൻ ഖത്തറിനെ തിരഞ്ഞെടുത്തത് മുതലാണ് രാജ്യത്തിന്റെ കായിക ലോകം പുതിയ വഴിത്താരയിലേക്ക് പ്രവേശിച്ചത്.

കായിക ചരിത്രമറിയാം

ദോഹ കോർണിഷിന് സമീപത്തെ ദോഹ സ്‌റ്റേഡിയം കായിക ചരിത്രത്തിൽ ഇടം നേടിയത്  1973 ൽ ബ്രസീലിയൻ ഫുട്‌ബോൾ താരം പെലെയുടെ സാന്റോസ് എഫ്‌സിയും ഖത്തറിന്റെ അൽ അഹ്‌ലിയും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിന് വേദിയായതോടെയാണ്. 1970 കളുടെ അവസാനത്തിൽ ഖലീഫ രാജ്യാന്തര സ്റ്റേഡിയം ഉയർന്നതോടെയാണ് ഖത്തറിന്റെ കായിക സംഘാടന മികവ് കായികലോകം അറിഞ്ഞു തുടങ്ങിയത്.  ഒട്ടേറെ വൻകിട രാജ്യാന്തര കായിക മത്സരങ്ങൾക്ക് വേദിയായ ഖലീഫ സ്റ്റേഡിയം 2022 ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾക്കും വേദിയാകും. 1981 ൽ ഓസ്‌ട്രേലിയയിൽ നടന്ന അണ്ടർ 20 ഫിഫ ലോകകകപ്പിൽ ഖത്തർ ഫൈനലിലേക്ക് എത്തിയതോടെയാണ് കാൽപന്തുകളിക്ക് ആവേശമേറിയത്. 1984 ലാണ് ഒളിംപിക് ഗെയിംസിലേക്ക് ഖത്തർ ആദ്യമായി യോഗ്യത നേടിയത്.

qatar-team
ഖത്തർ ദേശീയ ഫുട്ബോൾ ടീം

ഫുട്‌ബോൾ കരുത്തിലേക്ക്

ഖത്തറിന്റെ വികസനത്തിനൊപ്പം രാജ്യത്തിന്റെ ഫുട്‌ബോൾ കരുത്തും ആവേശവും വളർന്നു. 1988 ൽ ആദ്യമായി എഎഫ്‌സി ഏഷ്യൻ കപ്പിനും  1995 ൽ അണ്ടർ 20 ഫിഫ ലോകകപ്പിനും 2006 ൽ ഏഷ്യൻ ഗെയിംസിനും ഖത്തർ വേദിയായി. 

മേഖലയിലെ പ്രധാന കായിക മത്സരമായ അറേബ്യന്‍ ഗള്‍ഫ് കപ്പിനും    ഖത്തര്‍ ആതിഥേയത്വം വഹിച്ചു. 3 തവണ ജേതാക്കളുമായി. 2006ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിലൂടെയാണ് ഫുട്‌ബോളിൽ ആദ്യമായി ഖത്തർ ടീം സ്വർണ മെഡൽ നേടിയത്. ഫൈനലിൽ ഇറാഖിനെ എതിരില്ലാത്ത 1 ഗോളിന് പരാജയപ്പെടുത്തിയാണ് ഖത്തർ ചരിത്രം കുറിച്ചത്.  2014 ൽ എഎഫ്‌സി അണ്ടർ 19 ചാംപ്യൻഷിപ്പ് സ്വന്തമാക്കിയ ദേശീയ ഫുട്‌ബോൾ ടീം 2019 ൽ എഎഫ്‌സി ഏഷ്യൻ കപ്പ് ജേതാക്കളുമായി. 2019ൽ കോപ അമേരിക്കയിലും ഖത്തർ ടീം പങ്കെടുത്തു.ലോകം കണ്ടതിൽ വെച്ച് ഏറ്റവും സുരക്ഷിതവും അവിസ്മരണീയവുമായ ഫിഫ ലോകകപ്പ് ലോകത്തിന് സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യം ഇന്ന്. 8 വേദികളിലായുള്ള ലോകകപ്പ് മത്സരങ്ങൾക്ക് 2022 നവംബർ 21 ന് അൽഖോറിലെ അൽ ബെയ്ത് സ്‌റ്റേഡിയത്തിൽ തുടക്കമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com