ADVERTISEMENT
ഷാർജ ∙ ഷാർജയുടെ കിഴക്കൻ തീരദേശമേഖലയിൽ വൻ വികസനപദ്ധതികൾ. കൽബ, ഖോർഫക്കാൻ, ദിബ്ബ അൽ ഹിസ്ൻ എന്നിവിടങ്ങളിലാണു വൻ പദ്ധതികൾ ഒരുങ്ങുന്നത്. റോഡുകൾ, പരിസ്ഥിതി സൗഹൃദ ഹോട്ടൽ സമുച്ചയങ്ങൾ, റിസോർട്ടുകൾ എന്നിവ നിർമിക്കും. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കും തുടക്കമിട്ടു. പൈതൃക കേന്ദ്രങ്ങൾ പഠന, ഗവേഷണ, ഉല്ലാസ മേഖലകളാക്കി വികസിപ്പിക്കും. കിഴക്കൻ മേഖലയിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. ഇതിൽ വലിയൊരു വിഭാഗം ചെറുകിട കച്ചവടക്കാരാണ്.

റോഡ്

ഖോർഫക്കാൻ-ഷാർജ പാതയടക്കം 5 പ്രധാന റോഡുകൾ പദ്ധതികളിൽ ഉൾപ്പെടുന്നു. കൽബ-ഷാർജ, വെസ്റ്റ് ഖോർഫക്കാൻ റിങ് റോഡ്, കൽബ റിങ് റോഡ്, ദിബ്ബ അൽ ഹിസ്ൻ റോഡ് എന്നിവ കൂടുതൽ ട്രാക്കുകളോടെ നവീകരിക്കും. കാലാവസ്ഥാ  വ്യതിയാനങ്ങൾ  സംബന്ധിച്ചു മുന്നറിയിപ്പു നൽകുന്ന ഇലക്ട്രോണിക് ബോർഡുകൾ എന്നിവയടക്കം ഉണ്ടാകും.

ടൂറിസം

ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള ചില പദ്ധതികൾ പൂർത്തിയാക്കി. 9.5 കോടി ദിർഹം മുതൽ മുടക്കുള്ള ഖോർഫക്കാൻ ബീച്ച് പദ്ധതി, കൽബ വാട്ടർഫ്രണ്ട് (11.9 കോടി), റഫീസ അണക്കെട്ട് (3.7 കോടി), ഷിസ് കോട്ട നവീകരണം, കൽബ കിങ്ഫിഷർ ലോഡ്ജ് എന്നിവയാണ് പൂർത്തിയായത്. ഖോർഫക്കാൻ ബീച്ച്, കൽബ വാട്ടർഫ്രണ്ട് എന്നിവിടങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ നിർമിക്കും. ഖോർഫക്കാൻ ഹോട്ടലിൽ 66 മുറികളുണ്ടാകും. കൽബ ഹോട്ടലിനോടനുബന്ധിച്ചു ഷോപ്പിങ് കേന്ദ്രവും ഉണ്ടാകും. കൽബയിൽ 45 മീറ്റർ ഉയരമുള്ള ക്ലോക് ടവർ ആണ് മറ്റൊരു പദ്ധതി. ദിബ്ബ അൽ ഹിസ്നിൽ ഷാർജ കോ–ഓപ്പറേറ്റീവ് സൊസൈറ്റി മന്ദിരം, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഹാൾ, ഷോപ്പിങ് മാൾ, വാട്ടർ കനാലിനോടു ചേർന്ന് 890 മീറ്റർ നടപ്പാത എന്നിവ നിർമിക്കും.

വികസനത്തിലേക്കുള്ള ദൂരം കുറയും

ഖോർഫക്കാൻ-ഷാർജ റോഡ് കിഴക്കൻ മേഖലയുടെ വികസനത്തിൽ വലിയ പങ്കു വഹിക്കും. 55 കിലോമീറ്റർ വരുന്ന ഷാർജ-കൽബ റോഡാണ് മറ്റൊന്ന്. ഷാർജയിൽ നിന്നു കൽബയിലേക്ക് 45 മിനിറ്റ് കൊണ്ട് എത്താനാകും. നിലവിൽ ഒന്നര മണിക്കൂർ വേണം. ഗ്രാമീണ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് ഖോർഫക്കാൻ വെസ്റ്റ് റിങ് റോഡ്. പ്രധാന പാതകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സഹായകമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com