ADVERTISEMENT

ദുബായ് ∙ നാല് പതിറ്റാണ്ടിലേറെ ദുബായ് പൊലീസിനോടൊപ്പം നടന്ന മലയാളി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്നു. കോഴിക്കോട് പയ്യോളി സ്വദേശി കുഴിപരപ്പിൽ അമ്മദ്(61) ആണ് ഇൗ മാസം അവസാനത്തോടെ ജനിച്ച മണ്ണിലേയ്ക്ക് യാത്രയാകുന്നത്. തനിക്ക് മികച്ചൊരു ജീവിതം സമ്മാനിച്ച ഇൗ പോറ്റമ്മ നാടിനോട് വിട ചൊല്ലുമ്പോൾ ഇദ്ദേഹത്തിന്റെ മനസ്സ് യുഎഇയുടെ ഭരണാധികാരികളോടും ദുബായ് പൊലീസിനോടുമുള്ള കൃതജ്ഞതയാൽ തുളുമ്പുകയാണ്. 

42 വർഷം മുൻപ്, 1978 മേയിൽ തന്റെ 21–ാം വയസ്സിൽ ഉപജീവനം തേടി യുഎഇയിലെത്തിയ ഇദ്ദേഹം ഒക്ടോബർ നാലിന് ദുബായ് പൊലീസിൽ ഒാഫീസ് ബോയിയായാണ് ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് ദുബായിൽ അഞ്ചോ ആറോ പൊലീസ് സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. നായിഫ് പൊലീസ് സ്റ്റേഷനോട് ചേർന്നായിരുന്നു കോടതി പ്രവർത്തിച്ചിരുന്നത്. അൽ മുല്ല പ്ലാസയ്ക്കടുത്തെ ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലായിരുന്നു ആദ്യ നിയമനം. അലി ഖൽഫാനായിരുന്നു അന്ന് അവിടുത്തെ മേധാവി. നീണ്ട 20 വർഷം അവിടെ സേവനത്തിലേർപ്പെട്ടു. അതിനിടെ അലി ഖൽഫാൻ അടക്കമുള്ള ഉന്നത പൊലീസുകാരുമായി സൗഹൃദ ബന്ധമുണ്ടായി. തുടർന്ന് 2 വർഷം ജുമൈറ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തു. അവിടെ നിന്ന് എത്തിയ അൽ സഫയിലെ പൊലീസ് അക്കാദമിയിൽ 18 വർഷവും. ഏറ്റവും ഒടുവിൽ സേവനമനുഷ്ഠിച്ച ജുമൈറയിലെ പൊലീസ് അക്കാദമിയിൽ നിന്നാണ് വിരമിക്കുന്നത്. 

890 ദിർഹമായിരുന്നു ആദ്യ ശമ്പളം. കൂടാതെ, താമസവും ഭക്ഷണവും സൗജന്യമായി ലഭിച്ചു. പിന്നീട് തുക കൂടിക്കൂടി പിരിയുന്നതുവരെ നാലായിരത്തോളം ദിർഹം ശമ്പളം ലഭിച്ചുകൊണ്ടിരുന്നു. വളരെ സൗഹാർദപൂർവമായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ സമീപനം. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നൽകിയതാണ് പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നത്. മൂത്തമകൻ അബ്ദുല്ല ബിരുദത്തിന് ശേഷം ദുബായിൽ മലബാർ ഗോൾഡിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ ഹബീബ് റഹ് മാൻ നാട്ടിൽ ഫിസിയോതെറാപിസ്റ്റാണ്. മകൾ ഹസീബാ നൗഫൽ നാട്ടിൽ അധ്യാപികയും.

ആദ്യകാലത്ത് 2 വർഷത്തിലൊരിക്കൽ ഒരു മാസം നാട്ടിൽ പോയി വരുമായിരുന്നു. പിന്നീട് ഇത് വർഷത്തിലൊരുമാസമായി. ഏറ്റവുമൊടുവിൽ വർഷത്തിൽ 2 മാസത്തോളം നാട്ടിൽ നിൽക്കാൻ അനുവദിച്ചിരുന്നു. അവധിക്കാല വേതനത്തോടൊപ്പം പൊലീസുദ്യോഗസ്ഥർ സമ്മാനങ്ങളും തന്നുവിടാറുണ്ടെന്ന് അമ്മദ് പറയുന്നു. ആദ്യം ജോലി ചെയ്ത ഹെഡ് ക്വാർട്ടേഴ്സിന്റെ മേധാവി അലി ഖൽഫാൻ എല്ലാ റമസാനും വിളിച്ച് സമ്മാനം നൽകും. അതുപോലെ മറ്റു പൊലീസുദ്യോഗസ്ഥരുമായും മികച്ച ബന്ധം സൂക്ഷിക്കാനായതും നേട്ടമായി കരുതുന്നു. ഇതിനിടെ ബന്ധുക്കളെയും നാട്ടുകാരെയുമടക്കം ഒട്ടേറെ പേരെ ദുബായ് പൊലീസിൽ ഒാഫീസ് ബോയിമാരായി ജോലിയിൽ കയറാൻ സഹായിച്ചതും സംതൃപ്തി നൽകുന്നു. 

വിവിധ ആവശ്യങ്ങൾക്കായി മലയാളികൾ പൊലീസ് സ്റ്റേഷനുകളിലെത്താറുണ്ട്. ആരെയാണ് സമീപിക്കേണ്ടതെന്നറിയാതെ പലരും ഇത്തിരി ഭയത്തോടെ നിൽക്കുന്നത് കാണുമ്പോൾ അവർക്ക് ധൈര്യം കൊടുത്ത്, വഴികാട്ടിക്കൊടുക്കുമായിരുന്നു. അപ്പോൾ അവരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. എന്നാൽ, നേർവഴിക്കല്ലാതെ ആരെങ്കിലും സമീപിച്ചാൽ യാതൊരു മടിയും കൂടാതെ പറ്റില്ലെന്നു പറഞ്ഞിട്ടുണ്ട്. ജോലിയിലെ ഇൗ ആത്മാർഥത തന്നെയാണ് തനിക്ക് ഇത്രയും വർഷം ദുബായ് പൊലീസിൽ യാതൊരു തടസ്സവുമില്ലാതെ സേവനം ചെയ്യാൻ സാധിച്ചതെന്ന് ഇദ്ദേഹം പറയുന്നു. നാട്ടിൽ ചെന്ന് വിശ്രമ ജീവിതം നയിക്കാനാണ് അമ്മദിന്റെ ഉദ്ദേശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com