ADVERTISEMENT

ദോഹ ∙ അജ്യാൽ ചലച്ചിത്രമേളയിൽ ജൂറി ആകാൻ അവസരം. 8നും 25നും ഇടയിൽ പ്രായമുള്ളവർക്കാണു എട്ടാമത് അജ്യാൽ ജൂറി മത്സര പ്രോഗ്രാമിലേക്ക് ക്ഷണം. സിനിമയെ അടുത്തറിയാൻ യുവതലമുറയ്ക്കുള്ള മികച്ച അവസരം കൂടിയാണിത്. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിഖ്യാത ചലച്ചിത്ര മേളയായ അജ്യാൽ നവംബർ 18 മുതൽ 23 വരെയാണു നടക്കുന്നത്.

ജൂറി മത്സര പ്രോഗ്രാമിന് നവംബർ 11 നും തുടക്കമാകും. ദിവസേന സിനിമ പ്രദർശനങ്ങൾ, ശിൽപശാലകൾ, ചർച്ചകൾ എന്നിവ മാത്രമല്ല ലോകപ്രശസ്ത സിനിമാ പ്രവർത്തകരെ നേരിട്ട് കാണാനും അവരുമായി സംവദിക്കാനുമുള്ള അവസരം കൂടിയാണു ജൂറിമാർക്ക് ലഭിക്കുന്നത്. മുഹഖ് (8-12 വയസ്സ് വരെ ), ഹിലാൽ (13-17),  ബദർ (18-25) എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് ജൂറിയെ തിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇന്ത്യ ഉൾപ്പെടെ 45 രാജ്യങ്ങളിൽ നിന്നായി 400ലധികം ജൂറിമാരാണ് അജ്യാലിൽ എത്തിയത്. ഒക്‌ടോബർ 31 ന് മുൻപായി ജൂറി മത്സര പ്രോഗ്രാമിലേക്ക് അപേക്ഷ നൽകണം. ജൂറിയാകാനുള്ള താൽപര്യം സ്ഥിരീകരിക്കാനായി 50 റിയാൽ റജിസ്‌ട്രേഷൻ ഫീസ് നൽകണം. റജിസ്‌ട്രേഷനായി  https://www.dohafilminstitute.com/ajyaljury എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. കൂടുതൽ അന്വേഷണങ്ങൾക്ക് ajyaljury@dohafilminstitute.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണം.

'മെയ്ഡ് ഇൻ ഖത്തർ' അപേക്ഷ സെപ്റ്റംബർ 3 വരെ

അജ്യാൽ ചലച്ചിത്രമേളയിലെ പ്രധാന വിഭാഗങ്ങളിലൊന്നായ 'മെയ്ഡ് ഇൻ ഖത്തർ' വിഭാഗത്തിലേക്ക് സിനിമകൾ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 3 വരെയാണ്. ഖത്തറിലെ പ്രഗത്ഭരായ പ്രാദേശിക സിനിമ പ്രവർത്തകരുടെ മികച്ച ഡോക്യുമെന്ററി സിനിമകളും മറ്റുമാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 23 സ്വദേശി  സംവിധായകരുടെയും ഖത്തർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിനിമ സംവിധായകരുടെയും ചിത്രങ്ങളാണ് മെയ്ഡ് ഇൻ ഖത്തറിൽ പ്രദർശിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com