ADVERTISEMENT

ദുബായ് ∙ മഹാമാരിക്കാലത്തും മനസുകളില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും വസന്തം വിരിയിച്ച് ഗള്‍ഫ് മലയാളികള്‍ തിരുവോണം ആഘോഷിക്കുന്നു. അവധി ദിനമല്ലാത്തതിനാൽ മിക്കവരും ഒാഫീസുകളിലും ജോലി സ്ഥലത്തുമൊരുക്കിയ ചെറിയ രീതിയിലുള്ള ഒാണാഘോഷത്തിൽ അന്യ സംസ്ഥാനക്കാരും രാജ്യക്കാരും പങ്കെടുത്തു. സാമൂഹിക അകലം പാലിച്ചായിരുന്നു എല്ലായിടത്തും ആഘോഷമെന്നതിനാൽ പുറത്തുനിന്നുള്ള ആരും ആഘോഷത്തിൽ പങ്കെടുത്തില്ല.

പ്രവാസി മലയാളികൾ താമസ സ്ഥലങ്ങളില്‍ ഇന്നലെ തന്നെ പൂക്കളമിടാനും സദ്യയ്ക്കുള്ള ഒരുക്കവും ആരംഭിച്ചിരുന്നു. പലരും ജോലി സ്ഥലങ്ങളിൽ നിന്ന് അവധിയെടുത്താണ് ആഘോഷം. ചിലർ വൈകിട്ട് ഇത്തിരി നേരത്തെ ജോലിയിൽ നിന്നിറങ്ങി ആഘോഷം ആരംഭിക്കാനുള്ള പദ്ധതിയിലുമാണ്.

കേരളീയ വസ്ത്രമണിഞ്ഞ സ്തീ-പുരുഷന്മാരും കുട്ടികളും പൂക്കളമൊരുക്കിയും വിഭവസമൃദ്ധമായ സദ്യയൊരുക്കിയും പാട്ടുപാടിയും നൃത്തമാടിയും ആഘോഷം പൊടിപൊടിക്കുന്നു.  ഒരേ നിറത്തിലുള്ള ജൂബ്ബയും മുണ്ടുമായിരുന്നു ബാചലർമാരുടെ പ്രധാന വേഷം. മുൻ വർഷങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ നാട്ടില്‍ നിന്ന് പ്രായമുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും ഇങ്ങോട്ട് കൊണ്ടുവന്ന് ആഘോഷം കെങ്കേമമാക്കാറുണ്ടായിരുന്നത് കോവിഡ് പശ്ചാത്തലത്തിൽ ഇപ്രാവശ്യം നടന്നില്ല.

ഒാണസദ്യക്കുള്ള പച്ചക്കറി നുറുക്കുന്നവർ. ഉത്രാട രാത്രിയിൽ ദുബായ് കരാമ ബാച്‌ലേഴ്സ് ഫ്ലാറ്റിലെ ദൃശ്യം

ഒാണമാഘോഷിക്കാൻ നാട്ടിലേയ്ക്കുള്ള യാത്രയും പലരും വേണ്ടെന്ന് വച്ചു. ഇന്നലെ രാത്രി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അഭൂതപൂര്‍വ തിരക്ക് അനുഭവപ്പെട്ടു. മിക്കയിടത്തും വമ്പൻ വിലക്കുറവ് ഏർപ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നെത്തിയ വാഴയിലയടക്കം സകലതും ആളുകള്‍ ഇവിടങ്ങളില്‍ നിന്ന് സ്വന്തമാക്കി. പൂക്കളമിടാനുള്ള പൂക്കള്‍ തേടി വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കയറിയിറങ്ങി. വിലയൊന്നും കാര്യമാക്കാതെയായിരുന്നു മലയാളികളുടെ ഉത്രാടപ്പാച്ചില്‍.

ബാച്‌ലര്‍മാര്‍ ഭൂരിഭാഗവും പതിവുപോലെ റസ്റ്ററന്റുകളില്‍ നിന്നാണ് സദ്യ വാങ്ങിയത്. നാലോളം പായസവും മുപ്പതോളം കറികളുമായുള്ള സദ്യക്ക് 35 ദിര്‍ഹത്തോളമാണ് വില. കഴിഞ്ഞ വർഷം ഇത് 50 ദിര്‍ഹം വരെ ഈടാക്കിയിരുന്നു. ഉച്ചയ്ക്ക് സദ്യയുണ്ട ശേഷം പലരും വീടുകളിൽ തന്നെ കഴിച്ചുകൂട്ടുന്നു. വൈകിട്ട് പാര്‍ക്കുകളിലും ബീച്ചുകളിലും സമയം ചെലവഴിക്കാനും ചിലർ തീരുമാനിച്ചിട്ടുണ്ട്.

സിനിമാ താരങ്ങളും സീരിയൽ–കോമഡി താരങ്ങളും അണിനിരക്കുന്ന സ്റ്റേജ് ഷോകളും തിയറ്ററിൽ ചെന്നുള്ള സിനിമകളും ഇപ്രാവശ്യം പഴങ്കഥയായി. എങ്കിലും നെറ്റ് ഫ്ലിക്സിൽ റിലീസായ ദുൽഖർസൽമാൻ നിർമിച്ച മണിയറയിലെ അശോകൻ പലരും ഇന്നലെ അർധരാത്രി തന്നെ കണ്ടു. ചിത്രത്തിന് പ്രവാസികളുടെ ഇടയിൽ ഭിന്നാഭിപ്രായമാണുള്ളത്. ആദ്യപകുതി വലിച്ചുനീട്ടിയതായും രണ്ടാം പകുതി സൂപ്പറായതായും സിനിമാ പ്രേമികൾ അഭിപ്രായപ്പെട്ടു. കോവിഡ് നിയന്ത്രണമുള്ളതിനാൽ സന്നദ്ധ സംഘടനകളും കൂട്ടായ്മകളുമെല്ലാം ഇപ്രാവശ്യത്തെ ഒാണാഘോഷം ഉപേക്ഷിച്ചിരിക്കുകയാണ്.

English Summary: Gulf malayali onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com