ADVERTISEMENT

ദോഹ ∙ ഖത്തറില്‍ ചില സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏതാനും ക്ലാസുകളിലെ പഠനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. താല്‍ക്കാലികമായി പഠനം നിര്‍ത്തിവെച്ച ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകന്‍ മുഹമ്മദ് അല്‍ ബാഷിരി പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലായി 3,40,000 വിദ്യാര്‍ഥികളും 30,000 ത്തോളം അധ്യാപകരുമാണുള്ളത്. സെപ്റ്റംബര്‍ ഒന്നിന് ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠനം ആരംഭിച്ചതോടെ മിക്ക സ്‌കൂളുകളിലും 85 ശതമാനത്തിലധികം വിദ്യാര്‍ഥികളാണുള്ളതെന്നും ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അല്‍ ബാഷിരി വ്യക്തമാക്കി. 

സ്‌കൂളുകളുടെ കാര്യത്തില്‍ വിദ്യാഭ്യാസ, പൊതുജനാരോഗ്യ മന്ത്രാലയങ്ങള്‍ തമ്മില്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രക്ഷിതാക്കള്‍ ആശങ്കപെടേണ്ടതില്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കിംവദന്തികളില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും വിശ്വസിക്കരുതെന്നും മന്ത്രാലയങ്ങളില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും അല്‍ ബാഷിരി ഓര്‍മപ്പെടുത്തി.

അതേസമയം, ഏതാനും ഇന്ത്യന്‍ സ്‌കൂളുകളിലും ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്ന സ്‌കൂള്‍ ബസിലെ നാലു ജീവനക്കാര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ സ്‌കൂളുകളിലൊന്ന് രക്ഷിതാക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. സ്‌കൂള്‍ ബസ് ഉപയോഗിച്ച വിദ്യാര്‍ഥികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും സ്‌കൂളില്‍ വരുന്നതിന് മുമ്പ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. 

ക്ലാസ് മുറി പഠനം തുടങ്ങിയെങ്കിലും മിക്ക ഇന്ത്യന്‍ സ്‌കൂളുകളിലും ഹാജര്‍ നില കുറവാണ്. രക്ഷിതാക്കളില്‍ മിക്കവരും നിലവിലെ സാഹചര്യത്തില്‍ മക്കളെ സ്‌കൂളിലേക്ക് അയയ്ക്കുന്നത് വേണ്ടെന്ന നിലപാടില്‍ തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com