ADVERTISEMENT

ദുബായ്∙ ഇന്റലക്ച്വൽ പ്രോപ്പർട്ടി സംബന്ധിക്കുന്ന നയങ്ങളിൽ കാതലായ മാറ്റം വരുത്തി യുഎഇ. കേരളത്തിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ സോഫ്റ്റ് വെയർ കമ്പനികൾക്ക് ആശ്വാസകരമാണ് ഇഎസ്ആർ (ഇക്കണോമിക് സബസ്റ്റെൻസ് റെഗുലേഷൻ) ഭേദഗതികൾ. യുഎഇയിലുള്ള ഒരു കമ്പനി വിദേശത്തുള്ള സഹോദര സോഫ്റ്റ് വെയർ കമ്പനിയിൽ വികസിപ്പിക്കുന്ന ഉത്പന്നം ഏതു കമ്പനിക്കു വിറ്റ് വരുമാനം നേടിയാലും ഹൈ റിസക് ഇന്റലക്ച്വൽ പ്രോപ്പർട്ടി ലൈസൻസി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നതാണ് ഒഴിവാക്കിയത്. 

ഇപ്പോൾ സഹോദര സ്ഥാപനത്തിന് വിൽക്കുകയോ മറ്റേതെങ്കിലും രീതിയിൽ പ്രയോജനപ്പെടുത്തി വരുമാനം നേടുകയോ ചെയ്താൽ മാത്രമേ ഹൈ റിസ്കിൽ ഉൾപ്പെടുത്തൂ. ഹൈ റിസ്കിൽ വരുന്ന കമ്പനികൾ നികുതി കാര്യങ്ങളിൽ സുതാര്യത പുലർത്താതിരുന്നാൽ (ഇഎസ്ആർ ടെസ്റ്റ് പാസാകാതിരുന്നാൽ) വിവരങ്ങൾ അതത് സർക്കാരുകളെ അറിയിച്ച് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ചട്ടം. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് കമ്പനികൾ നികുതി ഒഴിവാക്കിയെടുക്കുന്നത് തടയാൻ ഉദ്ദേശിച്ചുള്ള ഭേദഗതിയിലാണു പുതിയ ഇളവ്. വ്യാപാരി വ്യവസായികൾ അവരുടെ ലാഭം ആദായ നികുതി ഇല്ലാത്തതോ നികുതി കുറഞ്ഞതോ ആയ രാജ്യങ്ങളിൽ വരവുവച്ച് ഒഴിവാക്കിയെടുക്കുന്നത് തടയാൻ കൂടിയാണ് യുഎഇയിലെ ഇഎസ്ആർ നിയമം.

മറ്റു ഭേദഗതികളെ തുടർന്ന് യുഎഇയിൽ താമസ വീസയുള്ളവർ ഒറ്റയ്ക്കു ലൈസൻസ് നേടി നടത്തുന്ന സ്ഥാപനങ്ങൾ ഇഎസ്ആറിൽ നിന്നൊഴിവായതും പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാണ്. അതേസമയം, വിദേശ രാജ്യങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ യുഎഇയിൽ കൊണ്ടു വന്ന് വിറ്റ് വരുമാനം നേടുന്ന കമ്പനികളെ മാത്രം ഇഎസ്ആർ പരിധിയിൽ പെടുത്തിയിരുന്ന നയവും മാറ്റി. യുഎഇയിൽ പ്രവർത്തിക്കുന്ന കമ്പനികൾ സാധനങ്ങൾ ഇവിടെ എത്തിക്കാതെ നേരിട്ടു മറ്റു രാജ്യങ്ങളിൽ വിറ്റ് വരുമാനം നേടിയാലും ഇഎസ്ആർ പരിധിയിൽ വരും. യുഎഇയിലുള്ള കമ്പനിയുടെ ശാഖ നികുതി ബാധകമായ ഇന്ത്യയടക്കമുള്ള രാജ്യത്ത് പ്രവർത്തിച്ചാൽ ഇഎസ്ആർ പരിധിയിൽ വരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com