ADVERTISEMENT

ദോഹ  ∙തിയറ്ററിൽ നിറഞ്ഞ സദസ്സിൽ വലിയ ആരവങ്ങൾക്കും കയ്യടികൾക്കും നടുവിലിരുന്നുള്ള സിനിമ കാണുന്നതിന്റെ ആസ്വാദനം ഒന്നു വേറെ തന്നെയാണ്. പക്ഷേ, ഇനി അങ്ങോട്ട് മാസ്‌കിട്ട്, അകലമിട്ടുള്ള കാഴ്ചകൾ മതിയെന്ന ജാഗ്രതയ്ക്ക് നടുവിലേക്ക് പ്രവാസികളുടെ തിയറ്റർ കാഴ്ചകൾ ചുരുങ്ങുകയാണ്. നീണ്ട അഞ്ചര മാസങ്ങൾക്ക് ശേഷം ദോഹയിലെ തിയറ്ററുകൾ സെപ്റ്റംബർ 1 മുതൽ പരിമിത ശേഷിയിൽ പ്രവർത്തനം തുടങ്ങിയെങ്കിലും സ്‌ക്രീനിൽ  സ്റ്റാർ എത്തുമ്പോഴുള്ള വിസിലടിക്കും കയ്യടികൾക്കും പഴയതുപോലെ ആവേശമില്ല.

ഡയലോഗുകളിൽ കോരിത്തരിക്കാൻ മാത്രം കാണികളില്ലെന്നതാണ് കാരണം. മലയാളത്തിന്റെ പുത്തൻ പടങ്ങൾ ഇറങ്ങാത്തതിനാൽ തിയറ്റർ തുറന്നത് അറിയാത്ത സിനിമാ പ്രേമികളുമുണ്ട്. പ്രവാസി മലയാളികളുടെ പ്രധാന സിനിമാ കേന്ദ്രമായ ഏഷ്യൻ ടൗണിലെ തിയറ്ററുകൾ ഇനിയും സജീവമായിട്ടില്ല. ഷോപ്പിങ് മാളുകളിലെ തിയറ്ററുകളിൽ ഇംഗ്ലിഷ്, ഹിന്ദി സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

വാരാന്ത്യങ്ങളിൽ കുടുംബ സമേതം അല്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം തിയറ്ററിൽ പോയി സിനിമ കണ്ടിരുന്നവരാണ് ദോഹയിലെ മിക്ക പ്രവാസി മലയാളികളും. എത്ര തിരക്കെങ്കിലും കടൽ കടന്ന് തിയറ്ററിലെത്തുന്ന മലയാളത്തിന്റെ പുത്തൻ പടങ്ങൾ കാണാനുള്ള അവസരങ്ങൾ മലയാളികൾ നഷ്ടപ്പെടുത്താറുമില്ല. നിലവിലെ കോവിഡ് സാഹചര്യത്തിൽ പ്രവാസികളുടെ സിനിമാ കമ്പം ഒടിടി (ഓവർ-ദ-ടോപ്) പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തിയതോടെ തിയറ്ററിൽ പോയുള്ള സിനിമ കാണലിന്റെ കമ്പം കുറഞ്ഞു. 18 വയസ്സിൽ താഴെയുള്ളവർക്ക് തിയറ്ററിൽ പ്രവേശനമില്ലെന്നതിനാൽ കുടുംബവുമൊത്ത് പോകാൻ കഴിയില്ലെന്നതും ആവേശം കുറഞ്ഞതിന്റെ കാരണങ്ങളാണ്.

കയ്യടി നേടി ഒടിടി പ്ലാറ്റ്‌ഫോമുകൾ

ലോക്ഡൗൺ കാലത്ത് ആശ്രയമായിരുന്ന നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഒക്കെ ഉപേക്ഷിച്ച് തിയറ്ററിലേക്ക് ചേക്കേറാൻ പലർക്കും മടിയാണ്. ഡിജിറ്റൽ വേദികളിലൂടെ കപ്പേള, സൂഫിയും സുജാതയും, മണിയറയിലെ അശോകൻ, സി യൂ സൂൺ തുടങ്ങിയ മലയാള സിനിമകൾ പ്രവാസികളുടെ ഹൃദയം കീഴടക്കുകയാണ്. കോവിഡ്-19 മുൻകരുതൽ പാലിച്ചാണ് തിയറ്ററുകളുടെ പ്രവർത്തനം. തിയറ്ററിൽ പോയി സിനിമ കണ്ടു തുടങ്ങിയോ എന്ന് ചോദിച്ചാൽ റിസ്‌ക് എടുത്ത് പോയി സിനിമ കാണുന്നതിനേക്കാൾ വീട്ടിലിരുന്ന് സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമാധാനമായി ആഘോഷമായി മാസ്‌കില്ലാതെ ഗ്യാപ്പില്ലാതെ ഇഷ്ടാനുസരണം സിനിമ കണ്ടാൽ പോരെ എന്നാണ് മിക്ക മലയാളികളുടെയും ഉത്തരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com