ADVERTISEMENT
ദുബായ് ∙ കോവിഡ് സാഹചര്യത്തിൽ പകർച്ചപ്പനിക്കെതിരെ കൂടുതൽ ജാഗ്രത വേണമെന്നു ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ). വയോധികരും രോഗികളും നിർബന്ധമായും പ്രതിരോധ കുത്തിവയ്പ്പെടുക്കണം. യുഎഇയിൽ ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പൊതുവേ പകർച്ചപ്പനിക്കാലം. കുത്തിവയ്പ്പെടുത്താൽ രോഗം തടയുകയോ തീവ്രത കുറയ്ക്കുകയോ ചെയ്യാം.
 
തണുപ്പുകാലം, പനിക്കാലം

ഓരോ വർഷവും രോഗബാധിതരുടെ എണ്ണം കൂടുകയാണെന്നും ഡിഎച്ച്എ ഡയറക്ടർ ഖലീഫ് ജല്ലാഫ് പറഞ്ഞു. പ്രതിരോധ കുത്തിവയ്പ് ഏറെ ഫലപ്രദവും സുരക്ഷിതവുമാണ്. യുഎഇയിൽ കാലാവസ്ഥാ മാറ്റത്തോടനുബന്ധിച്ചാണ് പൊതുവേ വൈറൽ പനി വ്യാപകമാകുക. ചൂടുകാലം കഴിയുന്നതിനാൽ രോഗസാധ്യത കൂടുതലാണ്. നവംബർ മുതൽ ജൂലൈ വരെ വൈറൽ പനി  റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

‘കിടത്താതെ’ പനി വിടും

ആശുപത്രിയിൽ  കിടത്തി ചികിത്സിക്കാതെ തന്നെ 84.53% പേർക്കും രോഗം മാറിയതായി ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. 2017-2019 കാലയളവിലെ വൈറൽ പനി ബാധിതരുടെ പൊതുവിവര ശേഖരം വിലയിരുത്തിയായിരുന്നു പഠനം. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ വെബിനാറിൽ ആരോഗ്യമേഖലയിലെ പ്രമുഖർ പങ്കെടുത്തു. ഡിഎച്ച്എ പൊതു ആരോഗ്യവിഭാഗം ഗവേഷക ഡോ. ഹിബ  മംദൂഹ്,  ഡിഎച്ച്എ കൺസൽറ്റന്റ് ഡോ. ഹാമിദ് യഹ്യ ഹുസൈൻ, അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റി അസോഷ്യേറ്റ് ഡയറക്ടർ ഡോ. അബ്ദുഷുക്കൂർ അബ്ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു.

ഭയം വേണ്ട; അവഗണനയും

കോവിഡിന്റെയും വൈറൽ പനിയുടെയും ലക്ഷണങ്ങൾക്കു സാമ്യമുള്ളതായി ഡോ.ഹിബ മംദൂഹ് പറഞ്ഞു. രോഗലക്ഷണങ്ങൾ നിസ്സാരമായി കാണാതെ വൈദ്യസഹായം തേടണം. ഏറ്റവും ശാസ്ത്രീയമായ പരിശോധനാ-ചികിത്സാ സംവിധാനങ്ങൾ രാജ്യത്തുണ്ട്. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിൽ കോവിഡ് മരണനിരക്ക് വളരെ കുറവാണ്. ഫീൽഡ് ആശുപത്രികൾ, മൊബൈൽ പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങിയവ സജ്ജമാക്കി പോസിറ്റീവ് ആയവരെ പെട്ടെന്നു കണ്ടെത്താനും രോഗവ്യാപനം തടയാനും കഴിഞ്ഞതായി ചൂണ്ടിക്കാട്ടി.

വേണം, വാക്സിനേഷൻ

ഒരോ വർഷവും വൈറസിന്റെ ഘടനയും സ്വഭാവവും മാറുമെന്നതാണ്  ഇൻഫ്ലുവൻസയുെട പ്രത്യേകതയെന്ന് കരാമ ആസ്റ്റർ ക്ലിനിക് ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ശ്രീകുമാർ ശ്രീധർ മേനോൻ പറഞ്ഞു. അതുകൊണ്ട് ഒരുതവണ രോഗം വന്നവർക്ക് അടുത്തവർഷം  വീണ്ടും വരാം. കൂടുതൽ പേരുമായി അടുത്തിടപഴകുന്നവർ നിർബന്ധമായും വാക്സിനേഷൻ എടുക്കണം. ശ്വാസതടസ്സം ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണം. കടുത്ത പനിയും ശരീരവേദനയുമാണ് വൈറൽ പനിയുെട പ്രധാന ലക്ഷണങ്ങൾ. ക്ഷീണമോ ശരീര വേദനയോ ചുമയോ  ആയി തുടങ്ങുന്ന രോഗം അതിവേഗം കൂടുന്നു. ഭക്ഷണത്തോടുള്ള വിരക്തി ശരീരം ദുർബലമാക്കും. ഇൻഫ്ലുവൻസ എ, ബി വൈറസുകളെയും ഇതിലെ  വകഭേദങ്ങളെയും യഥാസമയം കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കഴിയുന്ന നൂതന ഉപകരണങ്ങൾ യുഎഇയിലുണ്ട്.

രോഗസാധ്യത ഉണ്ടെങ്കിൽ
 
∙ കടുത്ത ജലദോഷമോ പനിയോ മറ്റു രോഗങ്ങളോ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. രോഗമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്.  പല രോഗങ്ങളും ചുമയിലൂടെയും സംസാരത്തിലൂടെയുമാണ് പകരുക.

∙ രോഗമുള്ളപ്പോൾ പൂർണവിശ്രമമാണു സുരക്ഷിതം. രോഗം കുറഞ്ഞുവരുമ്പോഴേക്കും വ്യായാമം ചെയ്യുന്നത് ഒഴിവാക്കണം.

∙ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും സാലഡുകളും  ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. ശുദ്ധവെള്ളം, ശുദ്ധവായു എന്നിവയും ഉറപ്പാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com