ADVERTISEMENT

ദുബായ് ∙ പ്രവാസ ലോകത്ത് കഞ്ഞിയുടെ കാലം തെളിഞ്ഞു. പുതിയ സാഹചര്യങ്ങൾ വരുത്തിയ മാറ്റങ്ങളിൽ പിന്നാമ്പുറത്തു നിന്നു കഞ്ഞിക്കു 'പ്രമോഷൻ'. കലം നിറഞ്ഞു തിളയ്ക്കുന്ന കഞ്ഞി ബാച്‌ലേഴ്സ് ഫ്ലാറ്റുകളിൽ വിവിധ രൂപങ്ങളിൽ എത്തിത്തുടങ്ങി.

പഴങ്കഞ്ഞി, പയർ കഞ്ഞി, ജീരകക്കഞ്ഞി, ഗോതമ്പുകഞ്ഞി, പൊടിയരിക്കഞ്ഞി, പച്ചരിക്കഞ്ഞി എന്നിങ്ങനെ പുത്തൻ ട്രെൻഡുകളുടെ അക്ഷയപാത്രമാകുകയാണ് കഞ്ഞിക്കലം. കോവിഡാണ് കഞ്ഞിയുടെ ഗ്ലാമർ ഇത്രയും കൂട്ടിയത്. ഹോട്ടലുകളിൽ ഒതുങ്ങിയിരുന്ന കഞ്ഞിയുടെ സാധ്യതകൾ കണ്ടറിഞ്ഞ് ബാച്‌ലേഴ്സ് അടക്കം ഫ്ലാറ്റുകളിൽ പരീക്ഷിക്കുകയായിരുന്നു. കഞ്ഞിയുടെ ഗുണം കീശയ്ക്കുമുണ്ടെന്നു തിരിച്ചറിഞ്ഞതോടെ അത്താഴം കഞ്ഞിയാക്കി. തയ്യാറാക്കാൻ എളുപ്പം, വയറിനു സുഖം, ചെലവ് കുറവ് എന്നിവയാണ് നേട്ടം.

ഒന്ന് ഇരുട്ടിവെളുത്താൽ ഗുണംകൂടുന്ന ഭക്ഷണമാണു കഞ്ഞിയെന്നു കൂടി തിരിച്ചറിഞ്ഞതോടെ ന്യൂജെൻ പയ്യന്മാർ വരെ പതിവുകൾ മാറ്റി. തനിനാടൻ പഴങ്കഞ്ഞിയെ സൂപ്പ് എന്നു വിളിച്ചു പരിഷ്കാരിയാക്കി. പച്ചക്കറിയുടെയും മറ്റും വില നോക്കുമ്പോൾ ഭക്ഷണശീലങ്ങളിൽ മാറ്റംവരുത്താതെ പിടിച്ചുനിൽക്കാനാവില്ലെന്നു പുതുതലമുറയിലുള്ളവരും സമ്മതിക്കുന്നു. തൊഴിൽ മേഖലയിലെ അനിശ്ചിതത്വവും നാട്ടിലെ ബാധ്യതകളും കണക്കിലെടുക്കുമ്പോൾ ചെലവു ചുരുക്കാതെ നിവൃത്തിയില്ല.

പ്രൗഢിയോടെ പഴങ്കഞ്ഞി

പഴങ്കഞ്ഞിയുടെ ബന്ധുബലം കൂട്ടി പ്രഭാതഭക്ഷണം വിഭവസമൃദ്ധമാക്കുന്നതും ട്രെൻഡ് ആയി. വെള്ളിയാഴ്ചകളിൽ ഇതു രാവിലത്തെ പതിവുകാഴ്ച. ചെലവും കുറവ്. തലേന്നു രാത്രിയിൽ കഞ്ഞിയിൽ അൽപം തൈരൊഴിച്ച്,  ചതച്ച ചെറിയ ഉള്ളിയും കാന്താരിയുമിട്ടു വയ്ക്കുന്നു.  പിറ്റേന്ന് അച്ചാറും മിച്ചം വന്ന മീൻകറിയും തോരനുമെല്ലാം ഇതിന്റെ കൂടെ ചേരുന്നതോടെ നാവിൽ രുചിമേളമാകും. കഞ്ഞിയുണ്ടാക്കാനും കഴിക്കാനും മൺചട്ടി വാങ്ങിയവരുമേറെയാണ്.

Diet



കഞ്ഞി പാക്കേജിൽ 'ഹെവി ലോഡ്'

ദുബായ് കരാമയിലെ ചെറുതും വലുതുമായ ഹോട്ടലുകളിൽ ആകർഷകമായ 'കഞ്ഞി പാക്കേജ്' ഉണ്ട്. കപ്പപ്പുഴുക്ക്, അസ്ത്രം, കൊണ്ടാട്ടം, പപ്പടം, അച്ചാർ, ചമ്മന്തി, ഉണക്കമുളക് എന്നിവ ഉണ്ടാകും. പുഴുക്ക് ഓരോ ദിവസവും മറിക്കൊണ്ടിരിക്കും. കപ്പപ്പുഴുക്ക്, പയറും കടലയും ചേർന്ന മിക്സഡ് പുഴുക്ക് എന്നിവയ്ക്കു പുറമേ സീസണിൽ ചക്കപ്പുഴുക്കും പ്രതീക്ഷിക്കാം. ചമ്മന്തിയിലുമുണ്ട് മാറ്റങ്ങൾ. ചെമ്മീൻ ചമ്മന്തി, പുളിഞ്ചമ്മന്തി, മാങ്ങാ ചമ്മന്തി എന്നിവയാണുണ്ടാകുക. ഓരോ കടയിലും വിഭവങ്ങളിൽ വ്യത്യാസമുണ്ടാകും. ചിലയിടങ്ങളിൽ മത്തി വറുത്തത്, ഉണക്കമീൻ, ചിക്കൻ ഫ്രൈ എന്നിവയും കിട്ടും. .
 
രുചികരം, പോഷകസമൃദ്ധം

പഴയ തലമുറയിലുള്ളവരുെട പ്രിയ ഭക്ഷണമായിരുന്ന പഴങ്കഞ്ഞിക്ക് ഗുണങ്ങളേറെയാണെന്ന് ദുബായ് എമിറേറ്റ്സ് ആയുർവേദിക് സെന്ററിലെ ഫിസിഷ്യൻ ഡോ.പ്രശാന്ത് കടകംതാഴത്ത്. മറ്റു ഭക്ഷണങ്ങളിൽ വളരെ കുറഞ്ഞ അളവിലുള്ള വൈറ്റമിൻ ബി 12 പഴങ്കഞ്ഞിയിൽ ധാരാളം. രാവിലെ പഴങ്കഞ്ഞി കുടിക്കുമ്പോൾ ലഭ്യമാകുന്ന ഗ്ലൂക്കോസ് തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. സെലേനിയം ധാരാളമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇതു സന്ധിവാതം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ നിയന്ത്രിക്കുന്നു. ധാരാളം നാരുകൾ ഉള്ളതിനാൽ ദഹനപ്രക്രിയ സുഗമമാകുന്നു. അതേസമയം പ്രമേഹരോഗികൾ, അമിത കൊളസ്ട്രോൾ ഉള്ളവർ, വ്യായാമം ഇല്ലാത്തവർ എന്നിവർക്ക് യോജിച്ച ഭക്ഷണമല്ല. ശരീരികമായി നന്നായി അധ്വാനിക്കുന്നവർക്കാണ് കഞ്ഞി കൂടുതൽ ഗുണകരം.

കഞ്ഞികുടിച്ചാൽ ഗുണമേറെ

∙ വേനൽക്കാലത്ത് ശരീരം തണുപ്പിക്കുകയും ക്ഷീണമകറ്റുകയും ചെയ്യും.

∙ ധാരാളം ആന്റി ഓക്സിഡന്റുകൾ. ചർമത്തിന്റെ തിളക്കം കൂടും.

∙ കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലം വർധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com