വരവും പോക്കും കടമ്പ : കല്യാണവും ഗൾഫിൽ
Mail This Article
ദോഹ ∙ കല്യാണം നാട്ടിൽ നടത്തണമെന്ന ഗൾഫ് മലയാളികളുടെ സ്വപ്നങ്ങൾക്ക് തടയിട്ട് കോവിഡ്. നാട്ടിൽ ആഘോഷപൂർവം നടത്താനിരുന്ന പത്തിലേറെ വിവാഹങ്ങളാണു മാസ്കിട്ട്, അകലം പാലിച്ച് ചുരുക്കം ആളുകളുമായി ഖത്തിറിൽ ഈയിടെ നടന്നത്. നാട്ടിലുള്ളവർ ഓൺലൈനായി കല്യാണം കൂടി. രക്ഷിതാക്കൾക്ക് ഖത്തറിൽ എത്താനാവാത്തത് കാരണം വരനും വധുവും മാത്രമായി നടന്ന കല്യാണങ്ങളുമുണ്ട്.
കോവിഡ് നിയന്ത്രണങ്ങളിൽ ഓഗസ്റ്റ് 1 മുതൽ ഖത്തർ ചില ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇവിടെ ജോലിയുള്ള വധൂവരൻമാരാണ് തലസ്ഥാന നഗരമായ ദോഹയിലെ വിവിധ സ്ഥലങ്ങളിൽ വിവാഹിതരായത്. വിവാഹത്തിന് നാട്ടിലേക്ക് പോയാൽ അവിടെയും തിരികെയെത്തി ദോഹയിലും ക്വാറന്റീൻ വേണം. ദോഹയിലേക്കു റീ എന്‍ട്രി പെർമിറ്റ് ഉൾപ്പെടെയുള്ള കടമ്പകളും ഇവരെ പിന്നോട്ടു വലിക്കുന്നു. വൈകിയാൽ ജോലി നഷ്ടമാകുമോ എന്ന ആശങ്കയുമുണ്ട്. മലയാളി വിവാഹങ്ങൾക്കു ദോഹ വേദിയാകാൻ തുടങ്ങിയതോടെ ബ്യൂട്ടി പാർലർ, സ്വർണ, വസ്ത്ര മേഖലകളിലും തിരക്കേറി.