ADVERTISEMENT

ദോഹ∙ നാറ്റോ-ഇതര സഖ്യ രാഷ്ട്ര പദവി ലഭിക്കുന്നതിലൂടെ ഖത്തറിനെ കാത്തിരിക്കുന്നത് നേട്ടങ്ങളുടെ നീണ്ടനിര. വാഷിങ്ടനുമായുള്ള പ്രതിരോധ വ്യാപാരത്തിലും സുരക്ഷാ സഹകരണത്തിനും കൂടുതൽ പരിഗണന ലഭിക്കുമെന്നതാണ് പ്രത്യേക പദവിയിലൂടെ ഖത്തറിനുണ്ടാകുന്ന പ്രധാന നേട്ടം. 

പദവി നൽകുകയെന്ന തീരുമാനവുമായി മുന്നോട്ട് പോകുകയാണെന്ന് ഗൾഫ് മേഖലാ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന യുഎസ് സ്‌റ്റേറ്റ് ഡപ്യൂട്ടി അസി.സെക്രട്ടറി തിമോത്തി ലെൻഡർകിങ് വാഷിങ്ടണിൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഖത്തർ ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയും വാഷിങ്ടനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 

പ്രത്യേക പദവി ലഭിക്കുന്നതോടെ 

∙ അതിവേഗ കയറ്റുമതി

∙ യുഎസ് സൈനിക ഉപകരണങ്ങളുടേയും സാങ്കേതിക വിദ്യകളുടേയും ലഭ്യതയിൽ മുൻഗണന

∙ സൗജന്യ യുദ്ധ സാമഗ്രികൾ

∙  പരിശീലനങ്ങളിൽ സഹകരിക്കുന്നതിന് മുൻഗണന 

നിലവിൽ കുവൈത്ത്, ബഹ്‌റൈൻ ഉൾപ്പെടെ 17 രാജ്യങ്ങൾക്കാണ് അമേരിക്കയുടെ പ്രത്യേക പദവിയുള്ളത്. അമേരിക്കയുടെ മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലെ അൽ ഉദൈദിലാണ് എന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നത്.

അമേരിക്കയുടെ പിന്തുണയിൽ യുഎഇ, ബഹ്‌റൈൻ രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ കരാർ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് ഖത്തറിന് പ്രത്യേക പദവി നൽകാനുള്ള യുഎസിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. 

അതേസമയം പലസ്തീൻ ജനതയുടെ ദുരിത ജീവിതത്തിന് പരിഹാരം കാണുന്നത് വരെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിൽ ആകില്ലെന്നും ഇസ്രയേലിന് പിന്തുണ നൽകിയ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഖത്തർ ഉണ്ടാകില്ലെന്നും ഖത്തർ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com