ADVERTISEMENT

ദോഹ ∙ ഇന്ത്യയില്‍ കഴിയുന്ന പ്രവാസികളുടെ ദോഹയിലേയ്ക്കുള്ള മടക്കം സംബന്ധിച്ചുള്ള ആശങ്കകള്‍ ഖത്തര്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും കോവിഡ് 19 നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ലഭിക്കുന്നത് അനുസരിച്ച് സ്ഥിതിഗതികള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുമെന്നും ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍. ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്ഥാനപതി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ദോഹയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പെര്‍മിറ്റ് ലഭിക്കാത്ത ഒട്ടേറെ പേര്‍ ഇന്ത്യയില്‍ തുടരുന്നുണ്ട്. ഇന്ത്യന്‍ പ്രവാസികളുടെ ആശങ്കകള്‍ സര്‍ക്കാരിനെ യഥാസമയം അറിയിക്കുന്നുമുണ്ട്. കോവിഡ്-19 വ്യാപനം തടയുന്നതില്‍ മികച്ച നടപടികളാണ് ഖത്തര്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നാട്ടില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്ക് ഹോം, ഹോട്ടല്‍ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. ഖത്തര്‍ ഭരണനേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചകളിലെല്ലാം ഇന്ത്യന്‍ പ്രവാസി സമൂഹത്തിനെക്കുറിച്ച് മികച്ച അഭിപ്രായം ലഭിച്ചത് അഭിമാനാര്‍ഹമായ കാര്യമാണെന്നും സ്ഥാനപതി വ്യക്തമാക്കി. 

ഇന്ത്യയിലേക്ക്  മടങ്ങിയത് 70,000 ത്തോളം പേര്‍

വന്ദേഭാരത്, എയര്‍ ബബിള്‍ വിമാനങ്ങളില്‍ ഖത്തറില്‍ നിന്ന് ഇതുവരെ ഇന്ത്യയിലേയ്ക്ക് മടങ്ങിയത് ഏകദേശം 70,000 ത്തോളം ഇന്ത്യക്കാരാണെന്നും സ്ഥാനപതി വെളിപ്പെടുത്തി. ഇക്കഴിഞ്ഞ മേയ് ആദ്യ വാരം മുതല്‍ക്കാണ് വന്ദേഭാരത് മിഷന്‍ ആരംഭിച്ചത്. നിശ്ചിത വ്യവസ്ഥകളോടെ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസിനുള്ള എയര്‍ ബബിള്‍ കരാര്‍ ഓഗസ്റ്റ് 18 മുതല്‍ക്കാണ് പ്രാബല്യത്തിലായത്. സാധാരണ വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് വരെ അല്ലെങ്കില്‍ ഒക്‌ടോബര്‍ 31 വരെയാണ് എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍.  

 കോണ്‍സുലാര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തും

നിലവിലെ കോവിഡ്-19 സാഹചര്യത്തില്‍ കോണ്‍സുലാര്‍ സേവനങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരികയാണ്. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ആവശ്യകത അനുസരിച്ച് സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷന്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍ എന്നീ സേവനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. കഴിഞ്ഞ ആഴ്ചകളിലായി മൂന്ന് അടിയന്തര കോണ്‍സുലാര്‍ ക്യാമ്പുകളാണ് നടത്തിയത്. ഇത്തരത്തില്‍ കൂടുതല്‍ ക്യാംപുകള്‍ നടത്തും. 

അടിയന്തരാവശ്യങ്ങള്‍ അറിയിക്കാം

കോവിഡ് സാഹചര്യമായതിനാല്‍ തിരക്കൊഴിവാക്കാന്‍ ഓണ്‍ലൈന്‍ മുഖേന മുന്‍കൂട്ടി അനുമതി തേടുന്നവര്‍ക്ക് മാത്രമാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭിക്കുന്നത്. ഓണ്‍ലൈനില്‍ മുന്‍കൂര്‍ അനുമതിയ്ക്ക് അപേക്ഷിക്കുന്നവര്‍ ആവശ്യം അടിയന്തരമെങ്കില്‍ അക്കാര്യം അപേക്ഷയില്‍ പ്രത്യേകം പറഞ്ഞാല്‍ സേവനം വേഗത്തില്‍ ലഭിയ്ക്കും. ഓണ്‍ലൈന്‍ അനുമതിയ്ക്കായി https://www.indianembassyqatar.gov.in/get-appointment എന്ന ലിങ്ക് ഉപയോഗിയ്ക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com