ADVERTISEMENT

അബുദാബി∙ പരിമിതികൾക്കിടയിൽ പ്രവാസ ലോകത്തും അത്യാവശ്യ പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിക്കാം. ജൈവ കൃഷിക്ക് തയാറെങ്കിൽ മണ്ണൊരുക്കാൻ സമയമായി.  ഫ്ലാറ്റിന്റെ ബാൽക്കണിയിലോ വില്ലയിലോ തുറസ്സായ സ്ഥലത്തോ കൃഷി ചെയ്യാം. ദിവസേന കുറച്ചു സമയം മാറ്റിവച്ചാൽ മനസ്സും വയറും നിറയ്ക്കാം.

മണ്ണൊരുക്കൽ

ആദ്യം മണ്ണ് ഇളക്കി മറിച്ച് സംസ്കരിക്കാത്ത വളവും ചേർത്ത ശേഷം വെള്ളം കെട്ടി നിർത്തി 4-5 ദിവസം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിയിടണം. ഇങ്ങനെ ചെയ്യുന്നതോടെ സൂര്യതാപത്തിൽ വെള്ളം ചൂടായി പുഴുകി മണ്ണ് പഴുക്കും (സ്റ്റെറിലൈസേഷൻ). ഇതോടെ മണ്ണിലേയും വളത്തിലേയും അനാവശ്യ കീടങ്ങളും ബാക്ടീരിയയും ഫംഗസുമെല്ലാം നശിച്ച് കൃഷിക്ക് യോഗ്യമാകും. പിന്നീട്  വിത്തിടാം. സംസ്കരിച്ച വളമാണെങ്കിൽ ഇതോടൊപ്പം ചേർക്കാം. ഉപ്പുരസമുള്ള മേൽമണ്ണ് ഒരടി മാറ്റി ചുവന്ന മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ്, ആര്യവേപ്പിൻപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയെല്ലാം ചേർത്ത് മണ്ണൊരുക്കി കൃഷി ചെയ്യുന്നവരുമുണ്ട്.

ചട്ടിയിലാണോ കൃഷി

ചട്ടിയിലെ പഴയ മണ്ണിനെ പുറത്തിട്ട് അതിൽ വളവും വെള്ളവും ചേർത്ത് ഇതുപോലെ പരുവപ്പെടുത്തി കൃഷി ചെയ്യാം. വിപണിയിൽനിന്ന് സംസ്കരിക്കാത്ത മണ്ണും വളവുമെല്ലാം വാങ്ങി കൃഷി ചെയ്യുന്നവരുമുണ്ട്. എന്നാൽ ഇതിലെ കീടങ്ങൾ ചെടിയെ നശിപ്പിക്കുന്നതോടെ പലർക്കും കൃഷിയോടുള്ള താൽപര്യവും ഇല്ലാതാകും. അതിനാൽ മണ്ണൊരുക്കുന്നതും വിത്തും വളവും തിരഞ്ഞെടുക്കുന്നതുമെല്ലാം കരുതലോടെയായാൽ കൈനിറയെ ഫലം ലഭിക്കും.

വിത്ത് കിട്ടുമോ

പ്രധാനമായും നാട്ടിൽനിന്ന് കൊണ്ടുവന്ന വിത്താണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. പ്രാദേശിക മാർക്കറ്റിൽ ഹൈ ബ്രിഡ് ഇനം വിത്തുകളും ലഭ്യമാണ്. ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിദേശ വിത്തുകൾ പരീക്ഷിച്ച് വിജയിച്ചവരുമുണ്ട്.

വിത്ത് മുളപ്പിക്കാം

നാട്ടിലെ അപേക്ഷിച്ച് മരുഭൂമിയിൽ വിത്ത് മുളയ്ക്കാൻ 5–6 ദിവസം എടുക്കും. അതുകൊണ്ടുതന്നെ നേരിട്ട് വിത്തിടുന്നതിന് പകരം മുളപ്പിച്ചിട്ട് പാകുന്നതാകും ഉചിതം. പോട്ടിങ് സോയിലിൽ വിത്തിട്ട് മുളപ്പിക്കാം. വിത്തിനു മുകളിൽ ഒരു സെന്റിമീറ്ററിലധികം മണ്ണു പാടില്ല.

പെട്ടെന്ന് മുളയ്ക്കാൻ
 

veg

സ്യൂഡോമോണസ് ലായനിയിൽ 1–2 മണിക്കൂർ വിത്ത് ഇട്ടുവച്ച ശേഷം തുണിയിൽ കെട്ടിവച്ചാൽ പിറ്റേ ദിവസം മുള വരും. അല്ലെങ്കിൽ ഉപയോഗിച്ച ചായപ്പിണ്ടി രണ്ടോ മൂന്നോ തവണ കഴുകിയെടുത്ത് അതിൽ 8 മണിക്കൂർ വിത്തിട്ടാൽ മുളയ്ക്കും. ചായപ്പൊടിയിൽ അടങ്ങിയ രാസവസ്തു കട്ടികൂടിയ വിത്തിന് മൃദുവാക്കി മുളയ്ക്കാൻ സഹായിക്കുന്നു. നനഞ്ഞ ടിഷ്യുവിൽ വിത്തിട്ട് കുപ്പിയിലിട്ട് വെയിൽ കൊള്ളാത്ത വിധം അടച്ചുവച്ചാലും എളുപ്പത്തിൽ മുളയ്ക്കും.
 
നനയ്ക്കുന്നത്
    
വിത്തിട്ട് മുളച്ചു വരുന്നതുവരെ ദിവസേന 200 മില്ലിലീറ്റർ വെള്ളമേ നനയ്ക്കാവൂ. വെള്ളം കെട്ടിനിന്നാൽ വിത്ത് ചീഞ്ഞുപോകും. രണ്ടില വന്നാൽ സൗരോർജം സ്വീകരിച്ച് മണ്ണിൽനിന്ന് വളം എടുത്തു തുടങ്ങും. മൂന്നാമത് ഇല വന്ന ശേഷം ചെറിയ തോതിൽ വളം നൽകാം. പിന്നീട് ചെടി വളരുന്നതിന് ആനുപാതികമായി ഇടയ്ക്കിടെ വളം ചേർക്കാം.

ശീതകാല പച്ചക്കറി

തക്കാളി, പയർ, പാൽ, വെണ്ട, വഴുതന, മത്തൻ, കുമ്പളം, കക്കിരി, ചീര, പടവലം, ചൊരക്ക, പച്ചമുളക്, ബീൻസ്, കാപ്സികം, കാരറ്റ്, ബീറ്റ് റൂട്ട്, ബ്രക്കോളി, കോളിഫ്ലവർ, കാബേജ്, സവാള, വെളുത്തുള്ളി തുടങ്ങി 30ഓളം പച്ചക്കറികൾ ശീതകാല വിളകളായി ഉൽപാദിപ്പിക്കാം.

വെള്ളം പാഴാക്കണ്ട

വീട്ടിൽ അരി, പച്ചക്കറി, മത്സ്യം, മാംസം എന്നിവ കഴുകുന്ന വെള്ളം ശേഖരിച്ചു വച്ചാൽ കൃഷിക്ക് ധാരാളമായി. പച്ചക്കറിയും മത്സ്യവും മാംസവുമെല്ലാം അടങ്ങുന്ന അവശിഷ്ടങ്ങൾകൊണ്ട് കമ്പോസ്റ്റ് വളമുണ്ടാക്കിയാൽ ചെലവും കുറയ്ക്കാം. മികച്ച പരിചരണംകൂടിയാകുമ്പോൾ ഏപ്രിൽ വരെ പച്ചക്കറി പുറത്തുനിന്നു വാങ്ങേണ്ടിവരില്ല.

കടപ്പാട് ജൈവ കൃഷി വിദഗ്ധർ: സിപി വിജയൻ കൊല്ലം, അബ്ദുൽസലാം ചാവക്കാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com