ADVERTISEMENT

ദോഹ ∙ മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് ശനിയാഴ്ച മുതൽ ഡെലിവറി നിരക്ക് ഈടാക്കും. സെപ്റ്റംബർ 26 മുതൽ സേവനത്തിന് നിരക്ക് ഈടാക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. 30 റിയാൽ ആണ് നിരക്ക്. മരുന്നിന്റെയും മറ്റ് മെഡിക്കൽ സാമഗ്രികളുടെയും നിരക്ക് കൂടാതെയാണിത്. മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ട്, ജനന സർട്ടിഫിക്കറ്റുകൾ, മെഡിക്കൽ ലൈസൻസിങ് രേഖകൾ, പ്രമേഹ, പോഷക സംബന്ധമായ മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവയെല്ലാം രോഗികളുടെ ആവശ്യപ്രകാരം മേൽവിലാസത്തിൽ സുരക്ഷിതമായി എത്തിക്കും.

കാലാവധിയുള്ള ഹെൽത്ത് കാർഡുള്ളവർക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി രോഗീസുരക്ഷ ഉറപ്പാക്കാൻ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വീടുകളിൽ നേരിട്ട് എത്തിച്ചു കൊടുക്കുന്ന സേവനത്തിന് ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് തുടക്കമിട്ടത്. ഡെലിവറി നിരക്ക് ഈടാക്കാതെയായിരുന്നു ഇതുവരെയുള്ള സേവനം. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി), പ്രാഥമിക പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) എന്നിവ ഖത്തർ പോസ്റ്റുമായി സഹകരിച്ചാണ് ഹോം ഡെലിവറി നടത്തുന്നത്.

പ്രയോജനപ്പെട്ടത് 3 ലക്ഷം പേർക്ക്
 
മരുന്നുകളുടെ ഹോം ഡെലിവറി സേവനം ഇതുവരെ പ്രയോജനപ്പെട്ടത് 3 ലക്ഷത്തോളം രോഗികൾക്കാണ്. ഏപ്രിൽ മുതൽ ഇതുവരെ എച്ച്എംസിയുടെ കീഴിലെ 2,30,000 രോഗികൾക്കായി 7,50,000 മരുന്നുകളാണ് ഖത്തർ പോസ്റ്റ് വിതരണം ചെയ്തത്. പിഎച്ച്‌സിസിയുടെ 70,000 രോഗികൾക്കും ആവശ്യമായ മരുന്നുകൾ എത്തിച്ചിരുന്നു. ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മരുന്ന് വാങ്ങുന്നതിനുള്ള അനുമതിയും നിലവിലുണ്ട്.

കറൻസി സ്വീകരിക്കില്ല

സമ്പർക്ക രഹിത ഹോം ഡെലിവറി സേവനങ്ങൾ ഉറപ്പാക്കാൻ കറൻസി സ്വീകരിക്കില്ല. മരുന്നുകളുടെയും മറ്റും തുക  ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ മുഖേന അടയ്ക്കണം.
ഡെലിവറി നിരക്കായ 30 റിയാൽ മരുന്നുമായി എത്തുന്ന ഡെലിവറി ജീവനക്കാരന് പ്രത്യേകമായാണ് നൽകേണ്ടത്. എച്ച്എംസിയിൽ നിന്നുള്ള മരുന്നുകളുടെ തുക രോഗികൾക്ക് എച്ച്എംസി അയയ്ക്കുന്ന ഓൺലൈൻ പേമെന്റിനുള്ള പ്രത്യേക ലിങ്ക് വഴി ഓൺലൈനിൽ നേരിട്ട് അടയ്ക്കുകയോ അല്ലെങ്കിൽ മരുന്ന് വീട്ടിലെത്തുന്ന സമയത്തോ നൽകാം.

സേവനങ്ങൾ വിളിപ്പുറത്ത്

എച്ച്എംസിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന രോഗികൾക്ക് 16000 എന്ന നമ്പറിൽ വിളിച്ച് ആവശ്യമായ മരുന്നുകൾക്ക് ഓർഡർ ചെയ്യാം. പൊതുവായ അന്വേഷണങ്ങൾക്ക് എച്ച്എംസിയുടെ ഉപഭോക്തൃ സേവന കേന്ദ്രമായ നെസ്മാകിനെ 16060 എന്ന നമ്പറിലും ബന്ധപ്പെടാം. പിഎച്ച്‌സിസിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നവർ 107 എന്ന നമ്പറിലും സേവനം തേടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com