ADVERTISEMENT

ദുബായ് ∙ ആയിരം വട്ടം ഒരു കാര്യത്തെക്കുറിച്ച് കേൾക്കുന്നതിനേക്കാൾ ഒരൊറ്റ പ്രാവശ്യം അതു കാണുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന മലയാളി വ്ലോഗർ ‘മല്ലു ട്രാവലർ’ പക്ഷേ, യുഎഇയിലെത്തിയത് താൻ വർഷങ്ങളോളം ജോലി ചെയ്ത ദുബായിയുടെ കൗതുകങ്ങൾ പരിചയപ്പെടുത്താൻ. ഇവിടെയെത്തിയ ശേഷം ദുബായ് ടൂറിസം വകുപ്പും ഷാർജ ഷുറൂഖും റാസൽഖൈമ വിനോദ സ‍ഞ്ചാര വകുപ്പും ഇൗ കണ്ണൂർ സ്വദേശിയെ തങ്ങളുടെ അതിഥിയാക്കിയപ്പോൾ, കാലത്തിന്റെ ഒാരോ വികൃതിയോർത്ത് ഉള്ളാലെ ചിരിക്കുകയാണ് ഇൗ യുവാവ്. അതോടൊപ്പം താൻ ജോലി ചെയ്ത കമ്പനിയിൽ അടുത്തയാഴ്ച ചെല്ലുമ്പോൾ അവിടെ ഒരു സർപ്രൈസ് ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.   

mallu-traveler-visit-in-dubai2

സ്മാർട് ട്രാവൽസ് എംഡി ആഫി അഹമദാണ് ഷാകിറിനെ യുഎഇയിലെത്തിച്ചത്. കോവിഡ് 19 ലോക്ഡൗണിൽ നാട്ടിൽ വെറുതെയിരുന്ന് മടുത്തപ്പോൾ യുഎഇ സന്ദർശന മോഹമുദിക്കുകയായിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണർന്നാലേ യുഎഇ മുന്നോട്ടു കുതിക്കുകയുള്ളൂ എന്നതിനാൽ താൻ ഷാകിറിനെ കൊണ്ടുവരികയായിരുന്നുവെന്ന് ആഫി മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

വർഷങ്ങളോളം ദുബായ് മുഹൈസിനയിലെ ഒരു കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തയാളാണ് ഷാകിർ. സെയിൽസ് മാനായതുകൊണ്ടു തന്നെ രാജ്യത്തിന്റെ മുക്കും മൂലയും സഞ്ചരിച്ചു. എന്നാൽ അപ്പോഴും കാണാത്ത നാടുകൾ തന്നെ മാടി വിളിക്കുന്നതായി തോന്നിയിരുന്നു. ഇൗ സമ്മർദം കൂടിയതോടെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. എന്നാൽ, എവിടെ നിന്നാണ് തുടങ്ങേണ്ടതെന്നറിയാതെ ഒട്ടേറെ നാളുകൾ പ്രതിസന്ധിയിലായി. സ്വകാര്യ പ്രശ്നങ്ങൾ കൂടിയായപ്പോൾ മനസ് ഉഴറി. ആശ്വാസമായത് യാത്രകളായിരുന്നു. 

mallu-traveler-visit-in-dubai11

എട്ട് ഭാഷകൾ സംസാരിക്കാനറിയാവുന്ന ഷാകിർ 24 വിദേശ രാജ്യങ്ങളും ഇന്ത്യയിലെ 24 സംസ്ഥാനങ്ങളും ഇതിനകം സന്ദർശിച്ചു. ഇൗ യാത്രകളുടെ വിഡിയോ യൂ ട്യൂബിലിട്ടപ്പോൾ ലക്ഷങ്ങളാണ് കണ്ടത്. ദുബായിൽ സ്കൈ ഡൈവ് അടക്കമുള്ള സാഹസങ്ങളിലേർപ്പെട്ടു. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. ഷാർജയിൽ നൂർ െഎലൻഡ്, മലീഹ എന്നിവിടങ്ങൾ പകർത്തി. റാസൽഖൈമയിൽ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അതിഥിയായി റോപ് വേ അനുഭവം നുകർന്നു. അതേ ദിവസം തന്നെ സ്വയം എഡിറ്റ് ചെയ്ത് വിഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്യുമ്പോൾ കാത്തിരുന്ന പോലെ ലക്ഷങ്ങളാണ് ആസ്വദിക്കുന്നത്. 

2018ൽ നേപ്പാളിലേയ്ക്ക് നടത്തിയ യാത്ര ഒാട്ടക്കീശയുമായിട്ടായിരുന്നു. അന്ന് 12 ദിവസം  5000ത്തോളം കിലോ മീറ്ററുകൾ സഞ്ചരിച്ചു. വഴിയരികിൽ താമസിച്ചും മറ്റുമുള്ള യാത്ര ജീവിതവീക്ഷണത്തെ മാറ്റിമറിച്ചതായി ഷാകിർ പറയുന്നു. കൂടാതെ, കൂടുതൽ സാഹസികമായ യാത്രയായിരിക്കണം അടുത്തതെന്ന് തീരുമാനിച്ചു. തുടർന്നാണ് ട്രക്ക്, പബ്ലിക് ബസുകളിലൂടെ യാത്ര ആരംഭിച്ചത്. 65 ദിവസം കൊണ്ട്, ഭൂട്ടാൻ, മ്യാന്മർ, തായ്‌ലൻഡ്, ലാവോസ്, വിയറ്റ് നാം, കംബോഡിയ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങൾ സന്ദർശിച്ചു. കെനിയ, ടാൻസാനിയ, ഉഗാണ്ട, റുവാണ്ട, സിൻസിബർ തുടങ്ങിയ സ്ഥലങ്ങൾ 56 ദിവസം കൊണ്ട് പിന്നിട്ടു. 

mallu-traveler-visit-in-dubai

ഇനിയാണ് ശരിക്കും പരീക്ഷണ കാലം. കാശ്മീർ വരെ സ്കൂട്ടറിൽ സഞ്ചരിച്ചത് വഴിത്തിരിവായി. ഇൗ യാത്ര പകർന്ന ധൈര്യത്താൽ 2019ൽ ഒക്ടോബറിൽ സ്വദേശമായ കണ്ണൂരിൽ നിന്ന് മോട്ടോർ ബൈക്കിൽ യൂറോപ്പിലേയ്ക്ക് യാത്ര തിരിച്ചു. അഞ്ച് രാജ്യങ്ങളിലൂടെ കടന്നുപോയി. ഒടുവിൽ മഹാമാരി വ്യാപകമായപ്പോൾ അസർബൈജാനിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങി. ഇൗ യാത്ര പൂർത്തിയാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഷാകിർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com