ADVERTISEMENT

ദുബായ് ∙ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യുഎഇയിൽ വന്നു പോകുന്നത് സംബന്ധിച്ച്  വ്യവസ്ഥകൾ കർശനമാക്കി. അതേ സമയം,  ഷാർജയിൽ പ്രവേശനത്തിന് അത്ര നിയന്ത്രണങ്ങളില്ല. നാട്ടിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്ന ദുബായ് താമസ വീസക്കാർക്ക് യുഎഇയിൽ നിന്നുതന്നെ  മടക്ക യാത്രാനുമതിക്ക്  മുൻകൂട്ടി അപേക്ഷിക്കാമെന്ന് ജിഡിആർഎഫ്എ (ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്)  അറിയിച്ചു. യുഎഇയിൽ നിന്ന് ചുരുങ്ങിയ ദിവസത്തേക്ക് വിദേശ സന്ദർശനം നടത്തുന്നവർക്ക് ഇത് സഹായകമാകും. യാത്രാനുമതിക്ക്  30 ദിവസത്തെ കാലാവധിയുണ്ട്. വീസ  കാലാവധി ഉള്ളവർക്ക് മാത്രമേ യുഎഇ യിൽ നിന്ന് ഇത്തരത്തിൽ  മടക്ക യാത്രാനുമതി നൽകൂ.

 

യുഎഇ യാത്രാ നിയമങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കുള്ള മറുപടി

∙യുഎഇയിലേക്ക് ആർക്കൊക്കെ വരാം

യുഎഇ  പൗരന്മാർ, പാസ്പോർട്ടിൽ റസിഡന്റ് വീസ മുദ്രണം ചെയ്തിട്ടുള്ളവർ, ദുബായിൽ നിന്നും ഷാർജയിൽ നിന്നും വിസിറ്റ് വീസ ലഭിച്ചിട്ടുള്ളവർ.

∙അബുദാബിയിലേക്ക് പ്രവേശനം

യുഎഇ പൗരന്മാർക്കും താമസവീസയുള്ളവർക്കും പ്രവേശനം. പക്ഷേ ഐസിഎ അനുമതി വാങ്ങിവേണം  അബുദാബിയിൽ ഇറങ്ങാൻ. ഐസിഎ അനുമതിയില്ലാതെ ദുബായ് വഴി പോകാൻ അനുവാദമില്ല.

∙ദുബായിലേക്ക് 

യുഎഇ പൗരന്മാർ, പാസ്പോർട്ടിൽ താമസ വീസ സ്റ്റാംപ് ചെയ്തിട്ടുള്ളവർ, സന്ദർശക വീസ നേടിയിട്ടുള്ളവർ എന്നിവർക്ക് പ്രവേശിക്കാം.

∙ഷാർജയിലേക്ക്

എല്ലാ യുഎഇ പൗരന്മാർക്കും താമസ വീസക്കാർക്കും നിയന്ത്രണങ്ങളില്ലാതെ ഷാർജയിൽ പ്രവേശിക്കാം. സന്ദർശക  വീസയുള്ളവർക്കും വരാം. പക്ഷേ ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം.

∙വിസിറ്റ് വീസ നൽകുന്ന എമിറേറ്റുകൾ?

ദുബായ്, ഷാർജ. അബുദാബി ഇതുവരെ വിസിറ്റ് വീസ അനുവദിച്ചിട്ടില്ല.

∙യുഎഇയിലേക്ക്  വരാൻ കോവിഡ്  സർട്ടിഫിക്കറ്റ് നിർബന്ധമോ? 

12 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധം. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുൻപുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ്  വേണം. ദുബായിലേക്ക് വരുന്നവർ പ്യുവർ ഹെൽത്തിൽ നിന്നോ അവരുടെ അംഗീകൃത ശാഖകളിൽ നിന്നോ സർട്ടിഫിക്കറ്റ് നേടണം.

∙ആരോഗ്യ ഇൻഷുറൻസ് ?

സന്ദർശക വീസയിൽ വരുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം.

∙അബുദാബി താമസ വീസയുള്ളവർ അറിയാൻ

ദുബായിലേക്കാണ് വരുന്നതെങ്കിൽ നിർബന്ധമായും ഐസിഎ അംഗീകാരം നേടണം. ഐസിഎ വെബ്സൈറ്റിൽ അപേക്ഷിക്കുമ്പോൾ പച്ച സിഗ്നൽ ലഭിക്കുന്നവർക്ക് മാത്രമേ എത്താനാകൂ. ഐസിഎ അനുമതിക്കായി uaeentry.ica.gov.ae സൈറ്റിൽ റജിസ്റ്റർ ചെയ്യണം

∙ആരോഗ്യ ഇൻഷുറൻസ് ?

സന്ദർശക വീസയിൽ വരുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

∙ദുബായിൽ വരുന്നവർക്ക് ജിഡിആർഎഫ്എ അനുമതി വേണോ ?

തീർച്ചയായും ജിഡിആർഎഫ്എ അനുമതി വേണം. ദുബായ് വീസക്കാർ  Smart.gdrfa.gov.ae എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്ത് അനുമതി തേടണം. അബുദാബിയിലേക്കും ഷാർജ ഒഴികെ മറ്റ് എമിറേറ്റുകളിലേക്കും പോകുന്നവർക്ക് ഐസിഎ അനുമതി വേണം. ഷാർജയിലേക്ക് പോകുന്നതിന് പ്രത്യേക അനുമതി വേണ്ട. ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാൻ,ശ്രീലങ്ക, ബംഗ്ലദേശ്,ഇറാൻ,ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നു വരുന്നവർക്ക്   പ്രത്യേകം  പിസിആർ ടെസ്റ്റ്  വിമാനത്താവളത്തിൽ നടത്തും. അംഗപരിമിതരെ ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കി.

∙ഡൗൺലോഡ് ചെയ്യേണ്ട ആപ്പുകൾ

ദുബായിൽ വരുന്നവർ covid-19DXB Smart App ഡൗൺലോഡ് ചെയ്യണം. എന്നാൽ മറ്റ് എമിറേറ്റുകളിലേക്ക് വരുന്നവർ Al-Hosan app ആണ് ഡൗൺലോഡ് ചെയ്യേണ്ടത്.

∙ടെസ്റ്റ് കഴിഞ്ഞ് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാണോ ?

അബുദാബിയിൽ എത്തുന്നവർക്ക് 14 ദിനം   നിർബന്ധിത ക്വാറന്റീനുണ്ട്.  ദുബായിൽ നിന്നോ  മറ്റ് എമിറേറ്റുകളിൽ നിന്നോ റോഡു മാർഗം അബുദാബിയിലേക്ക് പോകുന്നവർക്ക് ആറു ദിവസം കഴിഞ്ഞ് കോവിഡ് പരിശോധനയുമുണ്ട്. വിമാനമാർഗം അബുദാബിയിൽ എത്തുന്നവർക്ക് ഈ പരിശോധന ആവശ്യമില്ല. ദുബായിലും മറ്റ് എമിറേറ്റുകളിലും നിർബന്ധിത ക്വാറന്റീനില്ല. എന്നാൽ വിമാനത്താവളത്തിലെ കോവിഡ് പരിശോധനാഫലം വരുന്നതു വരെ വീട്ടിൽ ക്വാറന്റീനിൽ കഴിയണം. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കും.

∙വിവരങ്ങളറിയാൻ, ടോള്‍ഫ്രീ: 8005111

പ്രത്യേക കോവിഡ് സാഹചര്യത്തിൽ  അടിക്കടി  നിയമങ്ങളിൽ മാറ്റം വരാം.  ദുബായ് വീസയുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമങ്ങൾ അറിയാനും സംശയനിവാരണത്തിനും ടോൾഫ്രീ നമ്പർ: 8005111. വിദേശ രാജ്യങ്ങളിൽ നിന്ന് 009714313999  എന്ന നമ്പറിലേക്ക്  വിളിക്കണം. 

ഇതിന് പുറമേ വകുപ്പിന്റെ വെബ്സൈറ്റ് വഴിയുള്ള  ചാറ്റ് ബോക്സിലൂടെ ബന്ധപ്പെടാം. amer@dnrd.ae എന്നതിൽ ഇമെയിൽ ചെയ്താലും  വിവരങ്ങൾ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com