ADVERTISEMENT

ജിദ്ദ∙തീർഥാടകരുടെ ആരോഗ്യവും സുരക്ഷയുമാണ് സൗദി മുഖ്യമായി കണക്കാക്കുന്നതെന്നു ഹജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബെൻദൻ പറഞ്ഞു. 'ലളിതമായ നടപടിക്രമങ്ങൾക്കും കർശനമായ മുൻകരുതലുകൾക്കുമിടയിലെ ഉംറ' എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

വിശ്വാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ അവരെ സേവിക്കാൻ സൗദി അധികൃതർ സമഗ്രമായ ശ്രമങ്ങൾ നടത്തുകയാണ്. രണ്ട് വിശുദ്ധ പള്ളികളുടെ തലവൻ ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ സുദൈസ്, ഡെപ്യൂട്ടി ഹജ് മന്ത്രി ഡോ. അബ്ദുൾ ഫത്താഹ്‌  മഷാത്ത് എന്നിവരും സെമിനാറിൽ പങ്കെടുത്തു. ഉംറ തീർഥാടകർ തവക്കൽന ആപ്പിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സർക്കാർ സ്ഥാപനങ്ങളും കൂട്ടായി പ്രവർത്തിക്കുന്നു. കൊറോണ വൈറസ് ബാധിച്ചവരോ ലക്ഷണങ്ങൾ ഉള്ളവരോ ആയി അടുത്തിടപഴകിയവരോ സന്ദർശകരിൽ ഇല്ലെന്ന് ഉറപ്പുവരുത്താൻ വിവിധ വകുപ്പുകൾ  പിന്തുടരുന്നു എന്നും മന്ത്രി പറഞ്ഞു.

ആഗോള സ്ഥിതിഗതികൾ പഠിച്ച ശേഷമാണ് ഉംറ ക്രമേണ പുനരാരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഉംറ തീർഥാടകരുടെ പരിധി വീണ്ടും വർധിപ്പിക്കുന്നത്  തള്ളിക്കളയാനാവില്ലെന്നും ഇതു ലോകമെമ്പാടുമുള്ള അണുബാധകളുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കുമെന്നും വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയവുമായി നിരന്തര ആശയ വിനിമയം നടത്തുന്നുണ്ട്. അസ്വാഭാവികമായ എന്തെങ്കിലും കണ്ടെത്തിയാൽ ഉടൻ തന്നെ നിലവിലെ പദ്ധതികളിൽ മാറ്റം വരുത്തും. അതേസമയം, കേസുകളിൽ കുറവുണ്ടായാൽ സന്ദർശകരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും. 

വിദേശത്ത് നിന്നുള്ള സന്ദർശകർക്കായി ഉംറ പുനരാരംഭിക്കുന്നത് അസാധാരണമായ തീരുമാനമാണ്. പകർച്ചവ്യാധിയുടെ സമയത്ത് ഇത്രയധികം സന്ദർശകരെ ഒരുമിച്ച് കൂട്ടുന്ന ആദ്യ രാജ്യമാകും സൗദി. അനുഷ്ഠാനങ്ങൾക്ക് പ്രയാസമാകാതെ എന്നാൽ കർശനമായ സുരക്ഷാ നടപടികൾക്കകത്ത് തീർഥാടകരെ സഹായിക്കുന്നതിന് രാജ്യം സ്വീകരിച്ച മുഴുവൻ നടപടികളെയും  അൽ സുദൈസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com