ADVERTISEMENT

ദോഹ ∙ മീൻ ഉൽപാദനത്തിൽ  75% സ്വയം പര്യാപ്തത കൈവരിച്ചു രാജ്യം. ലക്ഷ്യമിടുന്നത് 2023ൽ 95% ഉൽപാദനം. ഒഴുകുന്ന കൂടുകളിലെ മീൻ വളർത്തൽ പദ്ധതി ഉൾപ്പെടെയുള്ളവയാണ് ഉൽപാദനം 75 ശതമാനത്തിലേക്ക് എത്തിച്ചതെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടർ മസൗദ് ജറല്ല അൽമാരി പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ പദ്ധതികളുടെ വിജയവും കാര്യക്ഷമതയുമാണ് ഉൽപാദനത്തിൽ ദ്രുതഗതിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നത്. കാർഷിക, മീൻപിടിത്ത മേഖലകളിൽ 2023നകം സ്വയംപര്യാപ്തതാ നിരക്ക് വർധിപ്പിക്കാൻ നിക്ഷേപകർക്കായി അതിവേഗ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. പച്ചക്കറികൾക്കായുള്ള 11 പദ്ധതികളും അടുത്ത വർഷം അവസാനത്തോടെ ഉൽപാദനം ആരംഭിക്കും. പ്രതിവർഷം 2,100 ടൺ പച്ചക്കറി വിതരണമാണ് ഓരോ പദ്ധതികളിലൂടെയും പ്രതീക്ഷിക്കുന്നത്.

2023ൽ പച്ചക്കറി, മുട്ട ഉൽപാദനം 70% വീതമാണ് ലക്ഷ്യമിടുന്നത്.  പ്രതിവർഷം 50,000 ചെമ്മരിയാടുകളെ ഉൽപാദിപ്പിക്കുന്നതിനുള്ള 10 പദ്ധതികളും പുരോഗതിയിലാണ്. അടുത്ത വർഷം ആഗോള ഭക്ഷ്യ സുരക്ഷാ സൂചികയിലെ ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടാൻ ഈ പദ്ധതികൾ സഹായകമാകുമെന്നും അൽമാരി വ്യക്തമാക്കി. 2017ൽ സൂചികയിൽ 29-ാം സ്ഥാനത്തായിരുന്നു ഖത്തർ. 2018ൽ 22-ാം സ്ഥാനത്ത് നിന്നാണ് 2019ൽ 13-ാം സ്ഥാനത്തേക്ക് ഉയർന്നത്.

നിലവിലെ ഉൽപാദന നിരക്ക്

∙ ക്ഷീര ഉൽപന്നങ്ങൾ -106 %

∙  ഫ്രഷ് ചിക്കൻ- 127 %

∙ പച്ചക്കറി-34 %

∙ മുട്ട-34 %

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com