ADVERTISEMENT

ദോഹ∙ഇമ്പമാർന്ന ശബ്ദ സൗകുമാര്യവുമായി സംഗീത ലോകത്ത് ശ്രദ്ധ നേടുകയാണ് ഖത്തർ മലയാളിയായ ആറാം ക്ലാസുകാരി മെറിൽ ആൻ മാത്യു. ഖത്തറിലെ പ്രവാസി കലാവേദികൾക്ക് സുപരിചിതയായ മെറിലിനെ സംഗീതലോകം കൂടുതൽ അറിഞ്ഞുതുടങ്ങിയത് 'ദേശീ രാഗ്' എന്ന ദേശഭക്തി ഗാനത്തിലൂടെയാണ്.

അഹിംസാ സന്ദേശവും ഇന്ത്യൻ സൈനികർക്കുള്ള സമർപ്പണവുമായി മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ പുറത്തിറങ്ങിയ  ഗാനത്തിൽ, പ്രശസ്ത ഗായകരായ അഫ്‌സൽ, ഇഷാൻ ദേവ്, ഇന്ത്യൻ ഐഡൽ ഫെയിം വൈഷ്ണവ് ഗിരീഷ് എന്നിവർക്കൊപ്പം പാടാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മെറിലും കുടുംബവും.

ഫായിസ് മുഹമ്മദിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ദേശീ രാഗ്  മോഹൻലാലും മഞ്ജു വാര്യരുമാണ് അവതരിപ്പിച്ചത്. യുട്യൂബിൽ ഇതിനകം ഒരു ലക്ഷത്തിലധികം പേർ ഈ ആൽബം കണ്ടുകഴിഞ്ഞു.

പാട്ടിൻ വഴിയേ
 
4 വയസ്സ് മുതൽ മെറിൽ പാട്ടിന്റെ വഴിയിലാണ്. ദോഹയിലെ കലാഭവനിലാണ് സംഗീത, നൃത്ത പഠനം തുടങ്ങിയത്. മകളുടെ സംഗീത അഭിരുചി തിരിച്ചറിഞ്ഞ് പിന്തുണയും പ്രോത്സാഹനവുമായി ദോഹ ഡിഎൻവിയിലെ ഉദ്യോഗസ്ഥനായ അച്ഛൻ കണ്ണൂർ ആലക്കോട് അറക്കൽ മനോജ് മാത്യുവും ഹമദ് മെഡിക്കൽ കോർപറേഷനിലെ നഴ്‌സായ അമ്മ നിഷ വർഗീസും ഒപ്പമുണ്ട്. അനിയത്തി നാലാം ക്ലാസുകാരി ജുവലിനും ഇഷ്ടം പാട്ടിനോടു തന്നെ. അച്ഛന്റെ വക മക്കൾക്കായി വീട്ടിൽ തന്നെ ചെറിയ സ്റ്റുഡിയോയുമുണ്ട്.

സംഗീതത്തിനൊപ്പം ക്ലാസിക്കൽ നൃത്തത്തിലും മെറിൽ പ്രതിഭ തെളിയിച്ചു. ഒട്ടേറെ സംഗീത ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും മെറിൽ പാടിയെങ്കിലും ദേശീ രാഗ് നൽകിയ സ്വീകാര്യത സംഗീത ലോകത്ത് പുതിയ പ്രതീക്ഷകളാണ് മെറിലിന് നൽകുന്നത്. യേശുദാസിന്റെ ശിഷ്യനായിരുന്ന ശങ്കർദാസ് ഓമനക്കുട്ടന്റെയും അഭിലാഷ് കട്ടക്കകത്തിന്റെയും ശിക്ഷണത്തിലാണ് മെറിൽ സംഗീത പഠനം നടത്തുന്നത്. കർണാട്ടിക്, വെസ്റ്റേൺ സംഗീതത്തിൽ മാത്രമല്ല വയലിൻ, കീ ബോർഡ് വായനയിലും ദോഹ ബിർള പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസുകാരി വിസ്മയം സൃഷ്ടിക്കുന്നു.  ശ്രേയ ഘോഷാലും ഹരിശങ്കറുമാണ് ഇഷ്ടഗായകർ. ഗോപീസുന്ദറിന്റെ സംഗീത സംവിധാനത്തോടും പ്രിയം തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com