ADVERTISEMENT

ഷാർജ ∙ ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു എന്ന പ്രമേയത്തിൽ നവംബർ നാലു മുതൽ 14 വരെ ഷാർജ അൽ താവുനിലെ എക്സ്പോ സെന്ററിൽ നടക്കുന്ന 39–ാമത് രാജ്യാന്തര പുസ്തകമേള സന്ദർശനത്തിന് റജിസ്ട്രേഷൻ ആരംഭിച്ചു. registration.sibf.com ൽ റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിൽ നിന്ന് 1,024 പ്രസാധകർ പങ്കെടുക്കും. സാംസ്കാരിക രംഗത്ത് നിന്ന് 60 വ്യക്തിത്വങ്ങൾ ഒാൺലൈനിലൂടെ വായനക്കാരോട് സംവദിക്കും. 

80,000 പുതിയ തലക്കെട്ടുകളാണ് പ്രദർശിപ്പിക്കുക. അറബ് പ്രസാധകാരണ് ഏറ്റവും കൂടുതൽ: 578. രാജ്യാന്തര തലത്തിൽ നിന്ന്: 129. ഇൗജിപ്ത്: 202, യുഎഇ:186, ലബനൻ: 93, സിറിയ: 72, സൗദി: 46, ഇംഗ്ലണ്ട്: 39, അമേരിക്ക: 29, ഇറ്റലി: 13, ഫ്രാൻസ്:12, കാനഡ: 8.

പ്രവേശനം 3 മണിക്കൂറിലേയ്ക്ക്; പ്രവേശനം 4 ഘട്ടങ്ങളിൽ

ഒരു പ്രാവശ്യം റജിസ്റ്റർ ചെയ്താൽ മൂന്നു മണിക്കൂറിലേയ്ക്കാണ് പ്രവേശനം അനുവദിക്കുക. നാല് ഘട്ടങ്ങളിലായാണ് പുസ്തകമേളയിലേയ്ക്ക് സൗജന്യ പ്രവേശനം. റജിസ്റ്റർ ചെയ്തവർക്ക് അവർ തിരഞ്ഞെടുത്ത സമത്തിനനുസരിച്ച് വിവിധ നിറങ്ങളിലുള്ള ബാൻഡുകൾ കൈയിൽ ധരിക്കാൻ നൽകും. ഒരു സമയം അയ്യായിരത്തോളം പേർക്ക് പ്രവേശിക്കാം.

SIBF-SharjahReads-Registration1

സമയക്രമം

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ

1 മുതൽ വൈകിട്ട് 4 വരെ 

4 മുതൽ രാത്രി 7 വരെ

7 മുതൽ 10 വരെ

പരിപാടികൾ ഒാൺലൈനിൽ തത്സമയം

സാഹിത്യ–സാംസ്കാരിക പരിപാടികൾ ലോകത്തിന്റെ ഏത് കോണിലിരുന്നും ഒാൺലൈനിലൂടെയും കാണാം. ഇതിന് sharjahreads.com എന്ന വെബ് സൈറ്റാണ് സന്ദർശിക്കേണ്ടത്. ഇന്ത്യയിൽ നിന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂർ എംപിയും ഇന്ത്യൻ–ഇംഗ്ലീഷ് എഴുത്തുകാരനായ രവീന്ദർ സിങ്ങുമാണ് പങ്കെടുക്കുക. കൂടാതെ, മാൻ ബുക്കർ ജേതാവും ലൈഫ് ഒാപ് പൈ എന്ന വ്യഖ്യാത നോവലിന്റെ രചയിതാവും കനേഡിയൻ എഴുത്തുകാരനുമായ യാൻ മാർടൽ, എഴുത്തുകാരിയും സമൂഹമാധ്യമങ്ങളിലെ സെൻസേഷനുമായ ലാൻഗ് ലീവ്, ഇംഗ്ലീഷ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഇയാൻ മാക് ഇവൻ, അമേരിക്കൻ ബിസിനസുകാരനും എഴുത്തുകാരനുമായ റോബർട് കിയോസകി, ലബനീസ് എഴുത്തുകാരി നജ് വ സാബിയൻ,  അമേരിക്കൻ റാപ്പർ റിചാർഡ് വില്യംസ് എന്ന പ്രിൻസി ഇഎ,  അമേരിക്കൻ കോമഡി നടൻ നീൽ പാട്രിക് തുടങ്ങിയവരും പങ്കെടുക്കും. 

ഏഴാം നമ്പർ ഹാളില്ല; മലയാളം പ്രസാധകർ കുറയും

ഭൂരിഭാഗം മലയാളികളുൾപ്പെടുന്ന ഇന്ത്യൻ പ്രസാധകർക്ക് പ്രത്യേകം സജ്ജീകരിച്ചിരുന്ന ഏഴാം നമ്പർ ഹാൾ ഇപ്രാവശ്യം ഉണ്ടാവില്ല. ഇവിടെ ഇന്ത്യക്കാർക്ക് മാത്രമായി പുസ്തകപ്രകാശനം അടക്കമുള്ള പരിപാടികൾ നടത്താൻ പ്രത്യേക ഒാ‍ഡിറ്റോറിയവും ഒരുക്കിയിരുന്നു. നൂറ്റമ്പതോളം പരിപാടികളാണ് കഴിഞ്ഞ വർഷം ഇവിടെ നടന്നത്. ഇതിൽ മിക്കതും പുസ്തകപ്രകാശനങ്ങളായിരുന്നു.

ഇൗ ഹാൾ യാഥാർഥ്യമാകുന്നതിന് മുൻപത്തെ പോലെയായിരിക്കും ഇപ്രാവശ്യം സ്റ്റാളുകൾ ക്രമീകരിക്കുക. മലയാളത്തിൽ നിന്ന് ഡിസി ബുക്സ്, ലിപി, ചിന്ത, ഒലിവ്, ഇസഡ്4 തുടങ്ങിയ ചുരുക്കം പ്രസാധകരെ ഇപ്രാവശ്യം പങ്കെടുക്കുന്നുള്ളൂ എന്നാണ് വിവരം. മുൻവർഷങ്ങളിൽ മലയാളത്തിലെ മിക്ക പ്രസാധകരും ഷാർജയിലെത്തിയിരുന്നു.

ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു

ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് നൂറു കണക്കിന് പ്രസാധകർ പങ്കെടുക്കും. ഏറ്റവും പുതിയത് അടക്കം ഒട്ടേറെ പുതിയ പുസ്തകങ്ങൾ പ്രദർശിപ്പിച്ച് വിൽപന നടത്തും. വെള്ളിയാഴ്ചകളിലൊഴികെ രാവിലെ 9 മുതൽ രാത്രി 10 വരെയും  വെള്ളിയാഴ്ചകളിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം. രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളാണ് വേദിയിൽ ഒരുക്കുകയെന്ന് സംഘാടകരായ ബുക്ക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി പറഞ്ഞു. 

ravinder-singh-sasi-tharoor

തെർമൽ സ്കാനിങ്ങിന് ശേഷം പ്രവേശനം

പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മേള നടക്കുക. വേദിയായ എക്സ്പോ സെന്ററിലേയ്ക്കുള്ള എല്ലാ പ്രവേശന കവാടത്തിലും തെർമൽ സ്കാനർ സ്ഥാപിച്ച് സന്ദർശകര്‍ക്ക് പരിശോധന നടത്തും. തുടർന്ന് സാനിറ്ററൈസിങ് കവാടങ്ങളിലൂടെയാണ് പ്രവേശിപ്പിക്കുക. എല്ലാ ഹാളുകളിലും സ്റ്റാളുകളിലും 11 ദിവസവും അഞ്ച് മണിണിക്കൂർ അണുനശീകരണം നടത്തും. സന്ദർശകർ കർശനമായി മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശിച്ചു. സന്ദർശകരെയും പ്രസാധകരെയും നിരീക്ഷിക്കുന്നതിനായി പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com