ADVERTISEMENT

 

afi
അഫി അഹമ്മദ്

ഷാര്‍ജ ∙ 'ഇനിയും നിധി കാക്കുന്ന ഭൂതത്താനാകാൻ എനിക്ക് വയ്യ; പ്രിയപ്പെട്ട ഇക്കാ, ദയവു ചെയ്തു ഇതൊന്നു ഏറ്റെടുക്കൂ..'– ട്രാവൽ ഏജൻസി രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ കണ്ണൂർ പയ്യന്നൂർ സ്വദേശി അഫി അഹമ്മദിന്റെതാണ് ഇൗ അഭ്യർഥന. കണ്ണൂർ പുതിയങ്ങാടി സ്വദേശി യ മുൻ പ്രവാസി അബ്ദുൽ കരീം മുഹമ്മദ് ഹസൻ എന്നയാളോടാണ് തന്റെ കൈയിലിരിക്കുന്ന അദ്ദേഹത്തിന്രെ വിലമതിക്കാനാകാത്ത സ്റ്റാമ്പ്– കറൻസി–നാണയ–അപൂർവ വസ്തുക്കളുടെ ശേഖരം തിരികെ വാങ്ങണം എന്ന നിഷ്കളങ്കമായ അഭ്യർഥന നടത്തുന്നത്. നാട്ടിലുള്ള അബ്ദുൽ കരീം അവ ഏറ്റുവാങ്ങാൻ എത്താമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും കോടികൾ വിലമതിച്ചേക്കാവുന്ന അപൂർവ വസ്തുക്കൾ കഴിഞ്ഞ 11 വർഷമായി അഫി തന്റെ വശം സൂക്ഷിക്കുന്നു. നഷ്ടപ്പെട്ടുപോയെങ്കിലോ എന്ന ആശങ്കയാൽ ഒാരോ നിമിഷവും കടുത്ത മാനസിക സമ്മർദത്തിലാണ് താൻ കഴിയുന്നതെന്നും മറ്റൊരാളുടെ ജീവിതസമ്പാദ്യം കൈവശം വയ്ക്കുന്നതിലെ ടെൻഷൻ പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും ഇദ്ദേഹം പറയുന്നു.

കാൽനൂറ്റാണ്ടിന് മുൻപ് ഒരു സ്നേഹത്തലോടൽ പോലെ..

coin

അഫി അഹമ്മദും അബുദാബിയിൽ കാനൂ ഗ്രൂപ്പിൽ ഉദ്യോഗസ്ഥനുമായിരുന്ന അബ്ദുൽ കരീമും കണ്ടുമുട്ടുന്നത് 28 വർഷം മുൻപാണ്. ‌അന്ന് അഫിക്ക് ചെറുപ്രായം. കൈയിലിരിപ്പ് അത്ര 'നല്ല'തായതുകൊണ്ട് സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞയുടൻ പ്രവാസിയായിരുന്ന പിതാവ് മകനെ യുഎഇയിലെത്തിച്ചു. എന്നിട്ട്, അദ്ദേഹം പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. മഹാപ്രളയത്തിൽപ്പെട്ടതുപോലെയായി അഫി. അപരിചിതമായ നാട്, ആളുകൾ, ഭാഷ...അപ്പോഴാണ് മുൻപിൽ അബ്ദുൽ കരീം എന്ന സ്നേഹനിധിയായ മനുഷ്യൻ പ്രത്യക്ഷപ്പെടുന്നത്. അബുദാബിയിൽ ജോലി അന്വേഷിച്ചു നടന്നിരുന്ന അഫിയെ അദ്ദേഹം കരുതലോടെ ചേർത്തുപിടിച്ചു. മൂത്ത മകനായി സ്വന്തം മക്കളൊ‌‌‌‌‌‌ടൊപ്പം നിർത്തി. ശരിക്കും പറഞ്ഞാല്‍, ലോക്കൽ ഗാർഡിയൻ. അതോടെ തൻ്റെ വികൃതിത്തരങ്ങളെല്ലാം കൈവിടേണ്ടി വന്നുവെന്ന് അഫി പറയുന്നു. പക്ഷേ..

പുകവലി എന്ന വില്ലൻ‌; എന്നേക്കുമായി പിണക്കം

rare-objects

നാട്ടിലെ കൂട്ടുകാരിൽ നിന്ന് പുകവലി ശീലം അഫി വശത്താക്കിയിരുന്നു. ഒരിക്കൽ സിഗററ്റ് വലിച്ചു നിന്നപ്പോൾ അബ്ദുൽ കരീം അത് കൈയോടെ പിടികൂടി. അന്നാദ്യമായി അദ്ദേഹം ദേഷ്യപ്പെട്ടു. പുകവലിയുടെ ദൂഷ്യഫലങ്ങൾ പറഞ്ഞു തന്നു, മേലിൽ സിഗററ്റ് വലിക്കരുതെന്ന് ഉറപ്പുവാങ്ങി. കുറച്ചു നാൾ അഫി വലി നിർത്തുകയും ചെയ്തു. എന്നാൽ, ഒരു ദിവസം വീണ്ടും പുകവലിച്ച് നിൽക്കുന്നത് കണ്ടതോടെ അദ്ദേഹം എന്നേക്കുമായി പിണങ്ങി. തന്റെ വാക്കിന് ഏറെ വില കൽപിക്കുന്ന അദ്ദേഹത്തിന് 'മൂത്ത മകന്റെറെ' വാഗ്ദാന ലംഘനം അംഗീകരിക്കാനേ സാധിച്ചില്ല. 

അഫി അബുദാബിയിൽ നിന്ന് ഷാർജയിലേയ്ക്ക് കുടിയേറി. അതോടെ അബ്ദുൽ കരീമിൻ്റെ മുന്നിൽപ്പെടാതെ രക്ഷപ്പെട്ടു. എങ്കിലും, പിതാവിന്റെ സ്നേഹപരിലാളനകൾ നൽകുകയും നേർവഴി കാട്ടുകയും ചെയ്ത ഒരാളോട് താൻ ചെയ്തത് മഹാ അപരാധമാണെന്ന് തിരിച്ചറിഞ്ഞ അഫി പുകവലിയോട് എന്നെന്നേക്കുമായി മഹസ്സലാമ ചൊല്ലി. അബ്ദുൽ കരീമുമായുള്ള ആത്മബന്ധം വേർപ്പെടുത്തേണ്ടി വന്നതിലുള്ള ദുഃഖവുമായി കാലങ്ങൾ കടന്നുപോയി.

പ്രതിസന്ധിയിൽ ഒരു കൈ സഹായം;പെട്ടികൾ തുറന്നപ്പോൾ നിധി കൂമ്പാരം! 

dirham

2009ലാണ് അഫിയും അബ്ദുൽ കരീമും വീണ്ടും കണ്ട‌ുമുട്ടുന്നത്. കാനുവിൽ നിന്ന് റിട്ടയർ ചെയ്ത അബ്ദുൽ കരീമും ഷാർജയിലെത്തി ചെറിയൊരു ടെക്സ്റ്റൈൽ വ്യാപാരം ആരംഭിച്ചിരുന്നു. ഒരു ദിവസം അവിചാരിതമായി പരസ്പരം കണ്ട ഇരുവരും പിണക്കമെല്ലാം മറന്ന് വീണ്ടും സ്നേഹബന്ധത്തിലായി. മാസങ്ങൾക്ക് ശേഷം ഒരു ദിവസം ഷാർജയിൽ നിന്ന് ഒരു പരിചയക്കാരൻ ഫോൺ വിളിച്ചതോടെയാണ് സംഭവത്തിന് ട്വിസ്റ്റുണ്ടാകുന്നത്. ഷാർജയിൽ അബ്ദുൽ കരീം നടത്തിയിരുന്ന കട സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയായ സ്വദേശി പറഞ്ഞ പ്രകാരമായിരുന്നു ആ ഫോൺ കോൾ. അബ്ദുൽ കരീം അസുഖത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു പോയിരിക്കുന്നു.  തിരിച്ചുവരണം എന്ന ഉദ്ദേശ്യമുണ്ടായിരുന്നതിനാൽ അത്യാവശ്യ വസ്തുക്കൾ  മാത്രമേ കൊണ്ടുപോയുള്ളൂ. ബാക്കി സാധനങ്ങളെല്ലാം തന്‍റെ സ്ഥാപനത്തിൽ തന്നെ ഉണ്ട്. അതേസമയം, കെട്ടിട വാടകയിനത്തിൽ വൻതുക കുടിശ്ശിക വരുത്തിയിരിക്കുന്നു. അവ നൽകി സാധനങ്ങൾ ഏറ്റുവാങ്ങണമെന്നായിരുന്നു അഭ്യർഥന. പഴയതൊന്നും ഒരിക്കലും മറന്നിട്ടില്ലാത്ത അഫി ഉടനെ അവിടെയെത്തി കെട്ടിടയുടമയുമായി സംസാരിച്ച് കുടിശ്ശികയിലെ വൻ തുകയിൽ നിന്ന് ഇളവുവാങ്ങി 40,000 ദിർഹം അടച്ചു. കൂടാതെ, സാധനങ്ങളും ഏറ്റുവാങ്ങി.

അബ്ദുൽ കരീമിന്റെ പെട്ടികളിൽ വിലപിടിപ്പുള്ളവയും അത്യാവശ്യ സാധനങ്ങളും നാട്ടിലേയ്ക്ക് അയച്ചുകൊടുത്തേക്കാം എന്ന് കരുതി പെട്ടികൾ തുറന്ന അഫിയുടെ കണ്ണുതള്ളിപ്പോയി– പെട്ടികൾ നിറയെ വിലമതിക്കാനാകാത്ത നാണയങ്ങളും കറൻസികളും അപൂർവ വസ്തുക്കളും മറ്റും! ലോക രാജ്യങ്ങളുടെ കറൻസി, നാണയം, അപൂർവ വസ്തുക്കൾ തുടങ്ങിയവ ശേഖരിക്കുന്ന ഹോബി അബ്ദുൽ കരീമിനുണ്ട് എന്നറിയാമായിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് അഫി പറയുന്നു. 

ജീവിത സപര്യ; അപൂർവ നേട്ടം 

mamsan

സാധാരണയായി ആളുകൾ ചെറുപ്പത്തിൽ കാണിക്കുന്ന സ്റ്റാമ്പ് ശേഖരണ ഹോബി പിന്നീട് ഉപേക്ഷിക്കുന്നതാണ് കാണാറ്. എന്നാൽ, അപൂർവം ചിലർ അതു തുടർന്നേക്കും. എന്നാൽ, പ്രവാസികളിൽ ഇത്തരം താത്പര്യം അത്യപൂർവമാണെന്ന് തന്നെ പറയാം. അബ്ദുൽ കരീമിൻ്റെ ജീവ വായുവായിരുന്നു ഇൗ ശേഖരണം. അവ എന്തു ചെയ്യണമെന്ന് അന്വേഷിച്ചപ്പോൾ അബ്ദുൽ കരീമിൻ്റെ പ്രതികരണം കേട്ട് അഫി ഞെ‌ട്ടി– മോനേ, കോടികൾ വിലമതിക്കുന്ന അപൂർവ വസ്തുക്കളാണ്; ചരിത്ര നേർകാഴ്ചയാണ്. പലതും ലോകത്ത് എൻ്റെ കൈയിലേയുള്ളൂ. മോനത് ഒന്നും കളയാതെ സൂക്ഷിക്കണം. അപ്പോഴാണ് അഫി അതിൻ്റെ മൂല്യം തിരിച്ചറിയുന്നത് തന്നെ.

ഇന്ത്യ–ബ്രിട്ടൻ ബന്ധത്തിൻ്റെ ചരിത്ര നിമിഷങ്ങൾ വിളംബരം ചെയ്യുന്ന അത്യപൂർവ സ്റ്റാമ്പുകളാണ് ശേഖരത്തിൻ്റെ വലിയൊരു ശതമാനവും. ബ്രിട്ടീഷ് ഇന്ത്യയിൽ വിക്ടോറിയ രാജ്ഞി മുതൽ ജോർജ് ആറാമൻ വരെ ഒാരോ ചക്രവർത്തിമാരുടെയും പേരിലുള്ള സ്റ്റാമ്പുകൾ, ഇന്ത്യ റിപബ്ലിക്കാവുന്ന ദിനത്തിലെ അപൂർവ സ്റ്റാമ്പുകൾ, 1961ൽ എലിസബത് രാജ്ഞി ഇന്ത്യ സന്ദർശിച്ച വേളയിൽ പുറത്തിറക്കിയ സ്റ്റാമ്പ്, ഇന്ത്യൻ നാഷനൽ കോൺഗ്രസിൻ്റെ ശതാബ്ദിയാഘോഷവേളയിൽ പുറത്തിറക്കിയ സ്റ്റാമ്പുകൾ, ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ എല്ലാ സ്റ്റാമ്പുകളും, യുഎഇ രൂപീകരണത്തിന് മുൻപും ശേഷവുമുള്ള സ്റ്റാമ്പുകളും നാണയങ്ങളും മറ്റും, ഇതര ഗൾഫ് രാജ്യങ്ങളുടെ സ്റ്റാമ്പുകളും നാണയങ്ങളും. ഏറ്റവും വിലപിടിപ്പുള്ള ടോഗോ സ്റ്റാമ്പുകൾ തുടങ്ങി 300ലേറെ രാജ്യങ്ങളുടെ സ്റ്റാമ്പുകളും നാണയങ്ങളുമാണ് ശേഖരത്തിലുള്ളത്. 16, 17 നൂറ്റാണ്ടുകളിലെ സ്റ്റാമ്പുകളും ശ്രദ്ധേയമാണ്. പലതും അധ്വാനിച്ചുണ്ടാക്കിയ പണം നൽകി സ്വന്തമാക്കിയവ. അരനൂറ്റാണ്ടിലേറെ വർഷത്തിലേറെ നീണ്ട ജീവിതസപര്യ അദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ സ്റ്റാമ്പ് കളക്ടറാക്കിയിരിക്കുന്നു. 

10-dirham

സ്റ്റാമ്പും നാണയങ്ങളും കൂടാതെ, മഹാത്മാഗാന്ധി കൊല്ലപ്പെട്ട ദിവസം തന്നെ ദുരന്ത വാർത്തയുമായി ഇറങ്ങിയ ന്യൂയോർക്ക് ടൈംസ് പത്രം അടക്കമുള്ള അപൂർവ വസ്തുക്കളും ശേഖരത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതുപോലെ ചരിത്രപ്രധാനമായ പല സംഭവങ്ങളുടെയും ഒറിജൻ രേഖകളും പത്രങ്ങളും കൂട്ടത്തിലുണ്ട്. ‌സ്വന്തം കുടുംബത്തിന് എഴുതിയ കത്തുകളുടെ എൻവലപ്പുകൾ സൂക്ഷിച്ചുവയ്ക്കുന്നതും ശീലമായിരുന്നു. പലതും കൊച്ചു കുറിപ്പുകളോടെയാണ് വച്ചിട്ടുള്ളത്.

നാണയങ്ങളും കറൻസികളും സ്റ്റാമ്പുകളുമെല്ലാം കൂട്ടിവയ്ക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിൻ്റെ ശേഖരണം. ഒാരോ സ്റ്റാമ്പിനെയും മറ്റും കുറിച്ച് അവ എന്നാണ് , എന്തുകൊണ്ടാണ് ഇറങ്ങിയത് തുടങ്ങിയ കൃത്യമായുള്ള വിവരങ്ങളും തയാറാക്കി അതോടൊപ്പം സൂക്ഷിച്ചിരുന്നു. ചിട്ടയോടെയും സൂക്ഷ്മതയോടെയും ജീവിച്ച ഒരാൾക്ക് മാത്രം സാധ്യമാകുന്ന ശീലം. അബ്ദുൽ കരീമിൻ്റെ ശേഖരം കണ്ടു കഴിഞ്ഞാൽ ഒരു വലിയ മ്യൂസിയത്തിൽ നിന്നിറങ്ങിയ അനുഭവമാണുണ്ടാകുക എന്ന് പലരും സാക്ഷ്യപ്പെടുത്തിയിരുന്നു. 

തിരിച്ചുപോയത് ജീവൻ ബാക്കിവച്ച്

അബ്ദുൽ കരീം നാട്ടിലേയ്ക്ക് തിരിച്ചുപോയത് താൻ ജീവനേക്കാളേറെ സ്നേഹിക്കുന്ന  അപൂർവ ശേഖരം ബാക്കി വച്ചിട്ടാണ്. എന്നാൽ, കടുത്ത സാമ്പത്തിക പ്രശ്നം കൂടിയുള്ളതിനാൽ മടങ്ങിവരവ് അസാധ്യമായിരുന്നു. ഇപ്പോഴും വലിയ പ്രയാസത്തിലാണ് അദ്ദേഹം കഴിയുന്നതെന്ന് അഫി പറയുന്നു. ഇവ ആർക്കെങ്കിലും കൈമാറി ബാക്കി കാലം സുഖമായി ജീവിച്ചുകൂടെ  എന്ന ചോദ്യം ഉയർത്തിയപ്പോഴൊക്കെ മൗനമായിരുന്നു മറുപടി. അദ്ദേഹത്തിന് അതിന് ഒരിക്കലും മനസുവരില്ലെന്നറിയാം. പക്ഷേ, ഇവയെല്ലാം ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകണമെന്നത് ഏറെ മെനക്കേടുള്ള കാര്യമാണ്. ഇവിടെ തന്നെ ആർക്കെങ്കിലും കൈമാറുകയേ നിർവാഹമുള്ളൂ. അല്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര വിഭാഗം ഇടപെടണം. അക്കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ യുഎഇയിലെത്താൻ അബ്ദുൽ കരീമിനോട് നിരന്തം അഭ്യർച്ചുകൊണ്ടിരിക്കുകയാണ്. 3 പ്രാവശ്യം ഇതിനായി അഫി സന്ദർശക വീസ അയച്ചുകൊടുത്തെങ്കിലും വന്നില്ല. അടുത്തയാഴ്ച അറിയിക്കാമെന്നാണ് ഇപ്പോഴുമുള്ള മറുപടി. ആ ആഴ്ച ഇതുവരെ ആയിട്ടുമില്ല. അദ്ദേഹത്തിന്റെ സമ്മപ്രകാരം മക്കൾ നാല് പേരും ഒന്നിച്ച് വന്ന് ചോദിച്ചാലും ഇവയെല്ലാം കൈമാറാനാണ് തീരുമാനം. പക്ഷേ, ഒരേയൊരു നിബന്ധന–അബ്ദുൽ കരീം എന്ന മുൻ പ്രവാസിയുടെ ജീവിതസമ്പാദ്യമാണിത്, ജീവനാണിത്. നിധിപോലെ സൂക്ഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com