ADVERTISEMENT

ദുബായ് ∙ ദുബായിയുടെ ഭാവിക്കൊപ്പം സഞ്ചരിച്ച് മലയാളിക്കൂട്ടം. ഈ വർഷം ഡിസംബർ അവസാനം ലോകത്തിന് സമർപ്പിക്കുന്ന ദുബായ് ഷെയ്ഖ് സായിദ് റോ‍ഡിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് വെളിച്ചം ക്രമീകരിച്ചത് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ബൈജു ചാലിയിലിന്റെ കമ്പനി. ദുബായിയുടെ ഏറ്റവും പുതിയ മുഖമുദ്രയ്ക്ക് പ്രകാശം പരത്താൻ സാധിച്ചതിന്റെ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ് ബൈജുവും 30 അംഗ സംഘവും. 2019 മേയിലാണ് ബൈജു മാനേജിങ് പാർട്ണറായ അമേരിക്കൻ കമ്പനി ജോൺസൺ ടെക്നിക്കൽ സർവീസസ് സഹിഷ്ണുതയുടെയും സംസ്കാരത്തിന്റെയും സമഭാവനയുടെയും പ്രതീകമായി നിർമിച്ച മ്യൂസിയം ഓഫ് ഫ്യൂച്ചറിന് ലൈറ്റ് ഇൻസ്റ്റാലേഷൻ എന്ന വലിയ ഉദ്യമം ഏറ്റെടുത്തത്. 

museum-of-the-future-dubai

കാഴ്ചകൊണ്ട് വിസ്മയം തീർക്കാൻ ഒരുങ്ങുന്ന മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ സാധാരണ മ്യൂസിയങ്ങളിൽ നിന്ന് വ്യത്യസ്തമായി വരുന്ന 50 വർഷങ്ങളിൽ ദുബായിൽ കാണാൻ പോകുന്ന പൂരത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രദർശിപ്പിക്കുക. അറബിക് കാലിഗ്രഫിയിൽ തീർത്ത ഏറെ ആകർഷകമായ രൂപത്തിലുള്ള ഈ ഒൻപത് നില കെട്ടിടത്തിൽ വളരെ സൂക്ഷ്മതയോടെയാണ് ബൈജുവും അമേരിക്കൻ പാർട്ണർ ബിൽ ജോൺസണും സംഘവും വെളിച്ചം വിതാനിച്ചത്. ഇവർ നിത്യേന 14 മണിക്കൂറോളം നടത്തിയ അധ്വാനഫലമാണ് പദ്ധതിയുടെ വിജയത്തിന് പിന്നിൽ. 2012ലായിരുന്നു ഇരുവരും ചേർന്ന് ദുബായിൽ ജോൺസൺ ടെക്നിക്കൽ സർവീസസ് സ്ഥാപിച്ചത്. കെട്ടിട മുഖങ്ങളിൽ ലൈറ്റ് ഇൻസ്റ്റലേഷൻ ചെയ്യുന്നതിൽ പ്രഗത്ഭരാണ് ഈ കമ്പനി. 

നേരത്തെ ബുർജ് ഖലീഫയിലെ മീഡിയാ സ്ക്രീൻ, ബീഹ ഹെഡ് ക്വാർട്ടേഴ്സ്, എക്സ്പോ 2020 അൽ വാസൽ പ്ലാസ തുടങ്ങിയവയിൽ വെളിച്ചം ക്രമീകരിച്ച് ശ്രദ്ധ നേടി. ദുബായിലെ അടുത്ത ആകർഷകങ്ങളായ ദി വൺ സബീൽ, വാസൽ 2020 ടവർ, അൽ ഫത്താൻ ടവർ, അബുദാബി ഗ്ലോബൽ മാർക്കറ്റ് എന്നിവയുടെ വെളിച്ചം ക്രമീകരണ ജോലിയേറ്റെടുത്തിട്ടുള്ളതും ബൈജുവിന്റെ കമ്പനിയാണ്. കഴിഞ്ഞ ഒന്നര വർഷമായി തന്റെ ടീം മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടത്തിയ കഠിനാധ്വാനം വിജയം കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് ബൈജു പറഞ്ഞു. 

museum-of-the-future-dubai1

കോഴിക്കോട് സ്വദേശി ഹസിൻ മുഹമ്മദ് ആയിരുന്നു പ്രൊജക്ട് എൻജിനീയർ. തിരുവനന്തപുരം സ്വദേശി സന്ദീപ് അജിത് കുമാർ സീനിയർ സൂപ്പർവൈസറായും മേൽനോട്ടം വഹിച്ചു. കില്ല ഡിസൈൻ, ബ്യൂറോ ഹപ്പോൾഡ്, ബാം ഇന്റർനാഷനൽ, ജെടിഎസ്, ഒസ്റാം ലൈറ്റിങ് ജർമ്മനി, ദെബ്ബാസ് ഇലക്ട്രിക്, ട്രാൻസ് ഗൾഫ് എന്നീ കമ്പനികളുടെ കൂടി കൂട്ടായ പ്രയത്നഫലമാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ തലയുയർത്തി നിൽക്കുന്നതിന് പിന്നിൽ. ഇത് യുഎഇയിലെ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന പദ്ധതിയാണെന്ന് 44– കാരൻ പറയുന്നു. 

Bill-johnson-baiju
ബിൽ ജോൺസൺ, ബൈജു ചാലിയിൽ.

വെള്ളിത്തിളക്കത്തിൽ ദുബായുടെ ഭാവി മന്ദിരം

പരമ്പരാഗത-അത്യാധുനിക വാസ്തുശിൽപ മാതൃകയിൽ നിർമിച്ച മന്ദിരത്തിന്റെ പ്രധാന ഘടകവും സ്ഥാപിച്ചതോടെ ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഡിസംബറിൽ ഔപചാരിക ഉദ്ഘാടനം നിർവഹിക്കപ്പെടുന്ന മ്യൂസിയത്തിലേയ്ക്ക് ജനുവരിയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചേക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം നടന്ന അനൗപചാരിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 

Museum-of-Future

എമിറേറ്റ്സ് ടവേഴ്സ്, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവയ്ക്കു സമീപമാണു പുതിയ വിസ്മയ മന്ദിരം പൂർത്തിയായത്.  30,000 ചതുരശ്ര മീറ്ററിൽ 77 മീറ്റർ ഉയരത്തിലാണ് പുതുമകളേറെയുള്ള മന്ദിരം. അറബിക് കലിഗ്രഫിയുടെ വെള്ളിത്തിളക്കമാണു മറ്റൊരു പ്രത്യേകത. 9 നിലകളിൽ അണിയിച്ചൊരുക്കിയ കാഴ്ചകളിൽ നൂതന ആശയങ്ങളും ഭാവി പദ്ധതികളും സുവർണ സങ്കൽപങ്ങളും ഓളമിടുന്നു. 

museum-of-the-future-dubai2

സന്ദർശകരെ കാത്തിരിക്കുന്നത് അത്യപൂർവ ദൃശ്യാനുഭവങ്ങളാണ്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കാബിനറ്റ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി തുടങ്ങിയവരും സംബന്ധിച്ചു. 

Museum-resized-1024x640

പുതുമുഖങ്ങൾക്ക് അവസരം

ഇന്ത്യയിൽ നിന്ന് പഠനം കഴിഞ്ഞെത്തുന്ന ഇലക്ട്രിക്കൽ എൻജിനീയർമാർക്ക് ജോലി നൽകുന്നതിൽ തത്പരരായ ഇ കമ്പനിയിൽ നിലവിൽ 110 പേർ ജോലി ചെയ്യുന്നു. പ്രവൃത്തി പരിചയം ഇല്ലെങ്കിൽ പോലും സന്ദർശക വീസയിലെത്തുന്നവർക്ക് ജോലി നൽകാൻ ജോൺസൺ ടെക്നിക്കൽ സർവീസസ്  തയാറാണെന്ന് ബൈജു പറയുന്നു. 

Museum-of-the-Future-under-construction-resized-1024x640

സാധാരണ ജോലി തേടിയെത്തുന്ന യുവതീ യുവാക്കളെ പ്രവൃത്തി പരിചയമില്ലെന്ന പേരിൽ ഒഴിവാക്കാനാണ് മിക്ക കമ്പനികളും ശ്രമിക്കുന്നത്. എന്നാൽ, ആരെങ്കിലും ജോലി കൊടുത്താലല്ലേ പ്രവൃത്തി പരിചയമുണ്ടാകൂ എന്ന് ചിന്തിക്കുന്നവരാണ് ഞങ്ങൾ. അതുകൊണ്ട് മിടുക്കരും യോഗ്യതയുള്ളവരുമായ ആര് വന്നാലും മാർക്കറ്റ് അനുസരിച്ചുള്ള ശമ്പളത്തോടെ ജോലി നൽകാറുണ്ടെന്ന് ബൈജു പറയുന്നു. താൽപര്മുള്ളവർക്ക് താഴെകാണുന്ന കമ്പനി ഇ– മെയിലിലേയ്ക്ക് സിവി അയക്കാം: Info@jts-me.com, Website- https://www.jts-me.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com