ADVERTISEMENT

അബുദാബി∙ കോവിഡ് മാനദണ്ഡം പാലിച്ചു പരീക്ഷകൾ സ്കൂളിൽ നടത്താൻ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ഇതോടെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ    ഇ–ലേണിങ് തുടരുന്ന വിദ്യാർഥികൾക്കും  പരീക്ഷയ്ക്ക്  സ്കൂളിൽ എത്താം. പ്രാദേശിക, വിദേശ സിലബസിലുള്ള സ്കൂളുകളിലെ ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 15ന് ആരംഭിക്കും. എന്നാൽ ഏപ്രിലിൽ അധ്യയനം തുടങ്ങിയ ഇന്ത്യൻ സ്കൂളുകൾ പകുതി ടേം പൂർത്തിയാക്കി. ചില സ്കൂളുകൾ പരീക്ഷയും നടത്തി.

മറ്റു ചില സ്കൂളുകളിൽ 11നാണ് പരീക്ഷ. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) പ്രത്യേക അനുമതിയോടെ 10, 12 ക്ലാസുകാരെ മാത്രം സ്കൂളിൽ  എത്തിച്ചാണ് അബുദാബിയിലെ പല സ്കൂളുകളും നേരത്തെ പരീക്ഷ നടത്തിയത്. കോവിഡ് മൂലം മാർച്ച്  5നു അടച്ച യുഎഇയിലെ സ്കൂളുകൾ ഓഗസ്റ്റ്  30നു തുറന്നിരുന്നു. എന്നാൽ 5% താഴെ കുട്ടികൾ മാത്രമാണ് സ്കൂളിലെത്തിയത്.

ബാക്കിയുള്ളവർ ഇ–ലേണിങ് തുടരുകയാണ്. ഓൺലൈൻ പരീക്ഷയിൽ കുട്ടികളുടെ പഠനനിലവാരം കൃത്യമായി പരിശോധിക്കാൻ കഴിയുന്നില്ലെന്ന് വിവിധ സ്കൂൾ അധികൃതർ അഡെകിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷ സ്കൂളുകളിൽ നടത്താൻ അനുമതി ലഭിച്ചത്.

ഓണ്‍ലൈൻ പരീക്ഷയിൽ ഉഴപ്പന്മാർക്കും ഫുൾ മാർക്ക്

പഠനത്തിൽ മോശമായ കുട്ടികൾക്കുവരെ ഓൺലൈൻ പരീക്ഷയിൽ മുഴുവൻ മാർക്ക്. വിദഗ്ധ പരിശോധന നടത്തിയ സ്കൂൾ അധികൃതർക്കു ലഭിച്ചത് ഹൈടെക് കോപ്പിയടി കഥകൾ. കംപ്യൂട്ടർ സ്ക്രീനിനു പിറകിലെ ടിവിയിൽ തൽസമയം ഉത്തരങ്ങൾ തെളിയുന്ന സാങ്കേതിക  വിദ്യ വികസിപ്പിച്ചായിരുന്നു ചിലരുടെ കോപ്പിയടി. സ്കൂളിലെ വെർച്വൽ സ്ക്രീനിൽ നിന്ന് വിദ്യാർഥിയുടെ ശ്രദ്ധ മാറാത്ത വിധം തൊട്ടു പിറകിൽ മറ്റൊരു സ്ക്രീൻ ഒരുക്കിയായിരുന്നു ഉത്തരങ്ങൾ കൈമാറിയിരുന്നത്. പരീക്ഷാ ചുമതലയിലുള്ള അധ്യാപകർക്ക് കൃത്രിമം കണ്ടെത്താനായില്ല. എന്നാൽ ചില രക്ഷിതാക്കൾ ദൃശ്യം സഹിതം പ്രിൻസിപ്പലിനു എത്തിച്ചപ്പോഴാണ് വിവരം പുറത്തായത്.

വേണം, നെഗറ്റീവ് സർട്ടിഫിക്കറ്റ്

12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് സ്കൂളിൽ എത്തണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതിനാൽ സൗജന്യ പരിശോധനയ്ക്ക് അബുദാബിയിൽ സംവിധാനം ഏർപ്പെടുത്തി. സ്കൂളിൽ എത്തുന്ന വിദ്യാർഥിയുടെ ശരീരോഷ്മാവും പരിശോധിക്കും. മാസ്ക് ധരിച്ചും അകലം പാലിച്ചുമാണ് ഇരിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com