ADVERTISEMENT

ദോഹ∙ഫിഫ ഖത്തർ ലോകകപ്പിന് കൃത്യം രണ്ടു വർഷം മാത്രം ബാക്കിനിൽക്കെ താമസം, റോഡ്, യാത്ര തുടങ്ങിയ അടിസ്ഥാന സൗകര്യ നിർമാണങ്ങൾ ഫാസ്റ്റ് ട്രാക്കിൽ തന്നെ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്റ്റേഡിയം നിർമാണങ്ങൾ പുരോഗമിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും അതിവേഗം തയാറാകുന്നു. 

അടിസ്ഥാന സൗകര്യങ്ങളിൽ 90  ശതമാനവും പൂർത്തിയായി. സ്റ്റേഡിയങ്ങളിലേക്കുള്ള പ്രധാന റോഡുകളുടെ നിർമാണവും നവീകരണവും 98 ശതമാനവും റെഡി. 650 കോടി യുഎസ് ഡോളർ ചെലവിട്ടാണ്  സ്റ്റേഡിയങ്ങളും പരിശീലന സൈറ്റുകളും നിർമിക്കുന്നത്. 

doha-metro

യാത്ര പരിസ്ഥിതി സൗഹൃദം

കാണികൾക്ക് വേദികളിലേക്ക് യാത്ര ചെയ്യാൻ ദോഹ മെട്രോ സുസജ്ജമാണ്. ദോഹ മെട്രോ സ്റ്റേഷനുകളിൽ നിന്ന് സ്റ്റേഡിയങ്ങളിലേക്ക് വരാനും പോകാനും സൗജന്യ മെട്രോ ലിങ്ക് ബസുകളും മെട്രോ എക്സ്പ്രസ് ടാക്സികളുമുണ്ട്. 

എജ്യുക്കേഷൻ സിറ്റി, ലുസെയ്ൽ സിറ്റി സ്റ്റേഡിയങ്ങളിൽ ട്രാമുകളുമുണ്ട്. കർവബസുകളും ടാക്‌സികളും വൈദ്യുതീകരിച്ച് പരിസ്ഥിതി സൗഹൃദ പൊതുഗതാഗതമാകും 2022ലേത്. 

വിമാനത്താവള വികസനവും സ്റ്റേഡിയങ്ങളിലെ വാഹന പാർക്കിങ് സൗകര്യങ്ങളും  പുരോഗതിയിലാണ്. വേദികൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം 5 കിലോമീറ്ററും (എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയം മുതൽ അൽ റയ്യാൻ വരെ) കൂടിയ ദൂരം 75 കിലോമീറ്ററുമാണ് (അൽ ബെയ്ത് മുതൽ അൽ ജനൗബ് വരെ)

doha-pitch

കളിക്കാർക്ക് കിടിലൻ ക്യാംപുകള്‍

കളിക്കാർക്ക് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ടീം ബേസ് ക്യാംപുകൾ (ടിബിസി) തയാറാക്കിയിരിക്കുന്നത് താമസ-പരിശീലന ആശയത്തിലാണ്.

ഇരുപതിലധികം ടിബിസികളാണുള്ളത്. ഓരോ ടീമുകൾക്കുമുള്ള പ്രത്യേകം പരിശീലന ഇടങ്ങളിൽ ഫിഫയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഫ്ലഡ്‌ലിറ്റ് പിച്ചുകൾ, അനുബന്ധ ടീം സൗകര്യങ്ങൾ, പാർക്കിങ്, പൊതുപരിശീലന സെഷനുകളിൽ കാണികൾക്കുള്ള ഇടങ്ങൾ എന്നിവയുണ്ട്. ഓരോ പരിശീലന സ്ഥലത്തും പിച്ചുകൾ തമ്മിൽ 5 മീറ്റർ അകലമുണ്ട്. 2022 മത്സരവേദികളിലെ പിച്ചുകൾക്ക് സമാനമാണ് പരിശീലന സ്ഥലങ്ങളിലേതും. ഒരേ തരത്തിലും ഗുണനിലവാരത്തിലുമുള്ള കളിസ്ഥലം, ജലസേചന, ഡ്രെയ്‌നേജ് സംവിധാനം എന്നിവയാണുള്ളത്. ഓരോ ടിബിസികളിലും ഡ്രസിങ് മുറികൾ, വാർത്തസമ്മേളനങ്ങൾക്കുള്ള ഇടം, ഭക്ഷണ, വിശ്രമ മുറികൾ, ഐടി, കമ്യൂണിക്കേഷൻ സൗകര്യങ്ങൾ, ബ്രോഡ്കാസറ്റ്, മീഡിയ സൗകര്യങ്ങളുമുണ്ട്.  

doha-floating-hotel

താമസവും ഹൈടെക്

മറ്റു ലോകകപ്പുകളിൽ നിന്നു വേറിട്ട താമസ സൗകര്യങ്ങളാണ് കളിക്കാർക്കും കാണികൾക്കും അതിഥികൾക്കും പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഒരുക്കുന്നത്.

3 മുതൽ 5 സ്റ്റാർ വരെയുള്ള ഹോട്ടൽ മുറികൾ, ആഡംബര കപ്പലുകൾ, ഖെതെയ്ഫാൻ ഐലൻഡിലെ തീരങ്ങളിൽ വെള്ളപരപ്പിന് മീതേ 16 ഹോട്ടലുകൾ, മരുഭൂമിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അറബ് കൂടാരങ്ങൾ എന്നിവിടങ്ങളിലാണ് താമസ സൗകര്യങ്ങൾ. 90,000ത്തോളം മുറികളാണ് ഒരുക്കുന്നത്. റിയൽ എസ്റ്റേറ്റ് ഉടമകളിൽ നിന്നു പാർപ്പിട സമുച്ചയങ്ങളും ഫ്ലാറ്റുകളും വാടകയ്ക്കും എടുക്കുന്നുണ്ട്. 150 പ്രോപ്പർട്ടികളിലായി ഇതുവരെ 15,000ത്തോളം മുറികൾ സജ്ജമാക്കി.

 ലോകകപ്പിനെത്തുന്ന കാണികൾക്ക് വീടുകളിൽ ആതിഥേയത്വം ഒരുക്കാൻ തയാറാണോയെന്നറിയാൻ രാജ്യത്തെ സ്വദേശി, പ്രവാസി ജനതകളുടെ അഭിപ്രായവും സുപ്രീം കമ്മിറ്റി  തേടിയിട്ടുണ്ട്. സർവേ മികച്ച പ്രതികരണം നേടിയാൽ 'ഹോസ്റ്റ് എ ഫാൻ' എന്ന പദ്ധതിയിലൂടെ കാണികൾക്ക് വീടുകളിലും താമസമൊരുങ്ങും.

ലോകകപ്പ് : പ്രത്യേക പരിപാടികൾ ഇന്ന് ബിഇൻ ചാനലിൽ 

ദോഹ∙ 2022 ഫിഫ ഖത്തർ ലോകകപ്പിന്റെ രണ്ടു വർഷത്തെ കൗണ്ട് ഡൗൺ തുടങ്ങുന്നതിനാൽ കായിക ചാനലായ ബിഇൻ ഇന്ന് പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്യും. മിന മേഖലയിലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ കൂടിയാണ് ബിഇൻ. ലോകകപ്പ് മത്സരങ്ങളിലെ ഇതുവരെ കാണാത്ത മികച്ച ദൃശ്യങ്ങളും കായിക വിദഗ്ധരുടെ അഭിമുഖങ്ങളും ഇന്ന് സംപ്രേഷണം ചെയ്യുന്നവയിൽ ഉൾപ്പെടും. ഫിഫ ലോകകപ്പ് ഖത്തർ 2022 സിഇഒ നാസർ അൽ ഖാദർ ആണ് അതിഥി. ശനി രാവിലെ മുതൽ ഞായർ പുലർച്ചെ വരെയാണ് പ്രത്യേക പരിപാടികൾ.

beach

കാണികൾക്ക് വിനോദ സൗകര്യങ്ങൾ

കാണികൾക്ക് വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങളോടെയാണ് സ്റ്റേഡിയങ്ങളുടെ നിർമാണം. ഉദ്ഘാടന വേദിയായ അൽ ബെയ്ത്തിലെ പാർക്കിൽ കൃത്രിമ തടാകങ്ങൾ, റസ്റ്ററന്റുകൾ, കളിസ്ഥലങ്ങൾ, പൂന്തോട്ടങ്ങൾ, ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. കാണികൾക്ക് തണലേകാൻ സ്റ്റേഡിയങ്ങളുടെ ചുറ്റിനുമായി 16,000 ത്തോളം മരങ്ങളാണ് നട്ടുവളർത്തുന്നത്. ഫാൻ സോണുകളിലൊന്ന് ദോഹ കോർണിഷിലെ അൽ ബിദ പാർക്കാണെന്നാണു സൂചന. ഖത്തർ ദേശീയ ടൂറിസം കൗൺസിലിന്റെ നേതൃത്വത്തിൽ കാണികൾക്കായി മികച്ച വിനോദപരിപാടികളും ഉണ്ടാകും.

പഴുതടച്ച സുരക്ഷ

ഏറ്റവും സുരക്ഷിതമായ ലോകകപ്പിനുള്ള തയാറെടുപ്പുകളാണ് സുപ്രീം കമ്മിറ്റിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനം നൽകി. ഇന്റർപോളുമായി ചേർന്നാണ് ലോകകപ്പ് സുരക്ഷ ഒരുക്കുന്നത്. വൻകിട കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുമ്പോഴുള്ള സൈബർ വെല്ലുവിളികളെ നേരിടാനുള്ള സുരക്ഷകളും സജ്ജമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com