ADVERTISEMENT

ദുബായ് ∙ ഇതുവരെ ദുബായിൽ 7,000 ഗോൾഡൻ കാർഡ് വീസകൾ അനുവദിച്ചതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു. നിക്ഷേപകർ, ശാസ്ത്രജ്ഞർ, വിവിധ മേഖലകളിലെ പ്രതിഭകൾ, രാജ്യാന്തര കായിക താരങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കാണ് ഇത്തരത്തിൽ-വീസ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ നടന്ന സിറ്റിസ്കേപ്പ് ഗ്ലോബൽ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അൽ മർറി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് ബിൻ അൽ മക്തും 2019 മേയിലാണ് ഗോൾഡ് കാർഡ് വീസാ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭാവി വികസനത്തിനായി കഴിവുള്ളവരെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. 5, 10 വർഷം കാലാവധിയുള്ള വീസയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 

റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ശക്തമായ ഉത്തേജനമാണ് ഈ പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നു. 50 ലക്ഷം ദിർഹമിന്റെ സമ്പത്ത് കൈവശമുള്ളവർക്കാണ് ഈ മേഖലയിൽ നിന്ന് ഇതിന്റെ ഭാഗമാകാൻ കഴിയുക. അതിനിടെ 103 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് ദുബായിൽ ഗോൾഡൻ കാർഡ് വീസാ അനുവദിച്ചതെന്നും വ്യക്തമാക്കി.

കൂടുതൽ പ്രഫഷനുകൾക്ക് 10 വർഷത്തെ വീസ

കൂടുതൽ വിഭാഗങ്ങളിലെ പ്രഫഷനലുകൾക്ക് 10 വർഷത്തെ ഗോൾഡൻ റസിഡൻസി വീസ അനുവദിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

പിഎച്ച്ഡിയുള്ളവർ, ഡോക്ടർമാർ, കംപ്യൂട്ടർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്ങ്, ഇലക്ട്രിസിറ്റി, ബയോ ടെക്നോളജി എന്നീ വിഭാഗങ്ങളിലുള്ള എൻജിനിയർമാർ, അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് 3.8 ൽ കൂടൂതൽ സ്കോർ ലഭിച്ചവർ എന്നിവർക്കാണ് ഗോൾഡൻ വീസ ലഭിക്കുക. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, വൈറൽ എപ്പിഡമോളജി എന്നിവയിൽ ബിരുദമുള്ളവർക്കും ഇൗ വീസ ലഭിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com