ADVERTISEMENT

ദുബായ് ∙ ‘ആ ഇന്ത്യൻ കുട്ടികൾക്ക് ജീവിതത്തിൽ മറക്കനാവില്ല, ഫുട്ബോൾ ഇതാഹസത്തോടൊപ്പം ചെലവഴിച്ച ആ സുവർണ നിമിഷങ്ങളെ. അവർക്ക് അതിന് അവസരമൊരുക്കാനായതിന്റെ ചാരിതാർഥ്യം എന്നിലും എപ്പോഴുമുണ്ടായിരിക്കും’– 2012 ഏപ്രിലിൽ സെപ്റ്റ് ഫുട്ബോൾ അക്കാദമിയുടെ പരിശീലനത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് ദുബായിലെത്തിയ സ്‌പോര്‍ട്‌സ് ആന്‍ഡ് എഡ്യൂക്കേഷന്‍ പ്രൊമോഷന്‍ ട്രസ്റ്റി (സെപ്റ്റ്)ലെ ഒരു പറ്റം കുട്ടികൾക്ക് ഡിയേഗോ അർമാൻഡോ മറഡോണ എന്ന ഫുട്ബോൾ ഇതിഹാസത്തെ കാണാനും ഫോട്ടോ എടക്കാനും അവസരമൊരുക്കിയ അന്നത്തെ മലയാളി കോ ഒാർഡിനേറ്ററും  ഇന്ത്യൻ ദേശീയ ടീമിന്റെ മുൻ ഒാവർസീസ് കോ ഒാർഡിനേറ്ററും ഫിഫയുടെ മുൻ ലോജിസ്റ്റിക് മാനേജറുമായ ഷാനവാസ് പറയുന്നു.

സൂപ്പർ കപ്പ് കളിക്കാനായിരുന്നു കുട്ടികൾ ഇന്ത്യയിൽ നിന്നെത്തിയത്. അന്ന് അൽ വാസൽ ക്ലബിൽ ജോലി ചെയ്തിരുന്ന എന്റെ ബന്ധു റാഷിദിനോട് ഞാൻ കുട്ടികൾക്ക് ഫുട്ബോൾ ഇതിഹാസത്തെ കാണാൻ ആഗ്രഹമുണ്ടെന്നും അത് യാഥാർഥ്യമായാൽ അവരുടെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത മുഹൂർത്തത്തിന് വഴിയൊരുങ്ങുമെന്നും പറഞ്ഞപ്പോൾ ‌അദ്ദേഹം ശ്രമം നടത്തുകയായിരുന്നു. ഞാനദ്ദേഹത്തെ നേരത്തെ നേരിൽ കണ്ടിട്ടുണ്ടായിരുന്നു. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന നന്മനിറഞ്ഞ മനസ്സിനുടമായിരുന്നുവെങ്കിലും വലിയ തിരക്കുള്ള താരമായതിനാൽ, കുട്ടികളുമൊത്ത് അൽപനേരം ചെലവഴിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. കുട്ടികൾ അൽ വാസൽ ക്ലബിൽ ലൈനപ്പായി നിന്നപ്പോൾ മറഡോണ അവരെ ശ്രദ്ധിച്ചു. നീലനിറത്തിലുള്ള ജഴ്സിയണിഞ്ഞ്, കൈകളിൽ ഫുട്ബോളുമായി നിൽക്കുന്ന അവരുടെ അരികിലേയ്ക്ക് അദ്ദേഹം എത്തി. എല്ലാവരെയും ഒരുമിച്ച് ലൈനപ്പ് ചെയ്തു. മാത്രമല്ല, ക്ലബ് ഫൊട്ടോഗ്രഫറോട്  പടം എടുക്കാനും നിർദേശിച്ചു. അങ്ങനെയാണ് ഇൗ അവിസ്മരണീയ പടം നമുക്ക് ലഭിച്ചത്.

കുട്ടികൾ മറഡോണയെ അരികിൽ ലഭിച്ചപ്പോൾ പരമാവധി ആസ്വദിച്ചു. അദ്ദേഹത്തിന്റെ കൈകകാലുകളിളിൽ പിടിച്ചും ടാറ്റു നോക്കിയും താരത്തിന്റെ ഹൃദയത്തിലേയ്ക്ക് ഗോളടിച്ചു. അതൊക്കെ അദ്ദേഹം നന്നായി ആസ്വദിച്ചിരുന്നു. പിന്നീട് ബോളെടുത്ത് ഹെഡ് ചെയ്തു കുട്ടികൾക്ക് ഹരം പകർന്നു. വീണ്ടും കാണാം എന്ന് പറഞ്ഞാണ് അന്ന് അദ്ദേഹം അവിടെ നിന്ന് പോയത്. കുട്ടികൾ പലരും സന്തോഷം കൊണ്ട് മതിമറന്ന നിമിഷങ്ങളായിരുന്നു അത്. ഇന്ന് ആ കുട്ടികൾക്ക് ഏതാണ്ട് 20 വയസ് ആയിരിക്കും. പക്ഷേ, അവരൊരിക്കലും ആ അനർഘ നിമിഷങ്ങൾ മറക്കില്ലെന്നുറപ്പ്. അദ്ദേഹത്തിന്റെ പരിഭാഷകനായ മുഹമ്മദ് എന്ന ഇൗജിപ്തുകാരനാണ് സ്പാനിഷ് ഭാഷ അറബികിലേയ്ക്കും തിരിച്ചും പരിഭാഷപ്പെടുത്തിയിരുന്നത്. മുഹമ്മദുമായി എനിക്കുണ്ടായിരുന്ന സൗഹൃദം മൂലം പിന്നീട് ഒട്ടേറെ പ്രാവശ്യം മറഡോണയെ കാണാനും പരിചയം പുതുക്കാനും അവസരമുണ്ടായി.

shanavas-experience-with-maradona
ഷാനവാസിന്റെ മറഡോണ സെൽഫി.

സ്വകാര്യ ജീവിതത്തിലെ ഫൗളുകൾ നമ്മളറിയേണ്ട

ഫുട്ബോളിലെ മികച്ച വ്യക്തിത്വമായിരുന്നു മറഡോണ. എല്ലാവർക്കും അവരവരുടേതായാ സ്വകാര്യതകളുണ്ടായിരിക്കാം. അതുകൊണ്ട് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിന് ഫൗൾ വിളിക്കേണ്ടതില്ല. എവിടെ പോയാലും മറഡോണ ഒരു താരമായിരുന്നു. പല താരങ്ങളും കളിക്കുന്ന കാലത്തുള്ള പ്രശസ്തിയും തിളക്കവും വിരമിച്ച ശേഷം ഉണ്ടാകാറില്ല. ഉദാഹരണത്തിന് സചിൻ ടെണ്ടുൽക്കർ. അദ്ദേഹം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് കായികലോകത്തിനുണ്ടായിരുന്ന പ്രിയം പിന്നീട് അത്ര തീവ്രതയോടെ കണ്ടിട്ടില്ല. എന്നാൽ, മറഡോണ കളി മതിയാക്കിയ ശേഷം മുൻപത്തേതിനേക്കാൾ തിളങ്ങും നക്ഷത്രമായി. അത് ഫുട്ബോളിന്റെ മാന്ത്രികതയാണ്. 

അതേസമയം, മറ്റൊരു ഫുട്ബോൾ ഇതിഹാസമായ പെലെയ്ക്ക് ഇത്രമാത്രം തിളക്കം കാണാനാവില്ല. കാരണം, പെലെയുമായി ആളുകൾ നിശ്ചിത അകലം പാലിക്കുന്നുണ്ട്. മൂന്ന് പ്രാവശ്യം ലോക കപ്പ് നേടുമ്പോഴും ബ്രസീലിന് വേണ്ടി പെലെയോടൊപ്പം കളിച്ചിരുന്നത് ഒന്നിച്ച് നിൽക്കാവുന്ന പ്രതിഭകളായിരുന്നു. കാരണം ബ്രസീൽ ഒരു ഫുട്ബോൾ ഫാക്ടറിയാണ്. അതുകൊണ്ട് പെലെയ്ക്ക് കാര്യങ്ങൾ എളുപ്പമായി. പക്ഷേ, മറഡോണ അങ്ങനെയായിരുന്നില്ല. കളിക്കുന്ന കാലത്ത് അദ്ദേഹം തന്നെയായിരുന്നു കീ പ്ലേയറും പ്ലേ മേയ്ക്കറും സ്കോററും ടീം പ്രചോദകനും. അങ്ങനെ സർവോന്മുഖമായി തിളങ്ങിയതിനാലാണ് അർജന്റീനയ്ക്ക് 1986ലെ ലോക കപ്പ് നേടാനും 90ലെ കപ്പിൽ ഫൈനലിലെത്താൻ സാധിച്ചതും. ലയണൽ മെസ്സിക്ക് ഇദ്ദേഹത്തിന്റെ അത്രയും വ്യക്തിപ്രഭാവമുണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷേ, അർജന്റീന വീണ്ടും ലോക കപ്പ് നേടുമായിരുന്നു. 

ഇറ്റലിയിലെ നൈപ്പിൾസിൽ തന്റെ ഇറ്റാലിയൻ ലീഗ് ജയിപ്പിക്കാൻ കഴിയുക എന്നത് വ്യക്തിപ്രഭാവം കൊണ്ട് മാത്രം സാധിക്കുന്നതാണ് എന്നതിൽ തർക്കമുണ്ടാവില്ല. മാഫിയ സ്വൈരവിഹാരം നടത്തുന്ന നൈപ്പിൾസിൽ പെട്ടുപോയതുകൊണ്ടായിരിക്കാം കളിക്കു പുറത്ത് അദ്ദേഹത്തിന്റെ ജീവിതം ഇത്രമാത്രം ദുർബലമായിപ്പോയത്. കാൾ ലൂയിസ്, ബെൻ ജോൺസൺ, മരിയൻ ജോൺസുമടക്കം പല പ്രശസ്ത കായിക താരങ്ങളും ലഹരിമരുന്ന് ഉപയോഗിച്ച് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എന്നിട്ടും ആളുകൾ മറഡോണയുടെ സ്വകാര്യ ജീവിതത്തെ ചികയുന്നത് നിർഭാഗ്യകരമാണ്.

ഫുട്ബോൾ ഇത്രയ്ക്കും മനോഹരമാണ്

ഫുട്ബോൾ ഇത്രയ്ക്കും മനോഹരമാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത മഹാനായ കളിക്കാരനായിരുന്നു മറഡോണ. ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർക്ക് ആർക്കും ഇൗ താരത്തെ ഇഷ്ടപ്പെടാതിരിക്കാനാവില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com