ADVERTISEMENT

ദുബായ് ∙ മഹാമാരിക്കാലത്ത് പ്രവാസ ലോകത്ത് നിന്ന് പുറത്തിറങ്ങിയ ഹ്രസ്വചിത്രങ്ങൾക്കിടയിൽ വ്യത്യസ്തമായി മലയാളി കൂട്ടായ്മയുടെ ഒരു മണിക്കൂറിലേറെ ദൈർഘ്യമുള്ള വെബ് സിനിമ. ഒരു അറേബ്യൻ പ്രണയകഥ എന്ന ഈ ചിത്രം യൂ ട്യൂബിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ ആശങ്കകൾക്കിടയിൽ ഉള്ളിൽ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മധുരം നുണഞ്ഞ് കണ്ടിരിക്കാവുന്ന ചിത്രം പ്രവാസ ലോകത്തെ പതിവ് ദുരിതകഥാ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നു. ജയകൃഷ്ണൻ എന്ന യുവാവ് താൻ താമസിക്കുന്നതിനടുത്തുള്ള പെൺകുട്ടിയുമായി സൗഹൃദം നേടാൻ നടത്തുന്ന ശ്രമം 1990കളിലെ മുകേഷ്–ശ്രീനിവാസൻ– സിദ്ദീഖ് കൂട്ടുകെട്ടിന്റെ ഹാസ്യരസപ്രധാനമായ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. 

web-movie-2

ദുബായിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി വിഷ്ണു ഗോപി രചനയും സംവിധാനവും നിർവഹിച്ച ചിത്രം വൈറൽ ഗ്രിഡിന്റെ ബാനറിലാണ് നിർമിച്ചത്. ചിത്രത്തിന്റെ ഓരോ രംഗവും നർമരസത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് വിഷ്ണു ഗോപി പറഞ്ഞു. മലബാർ കഫേ എന്ന യു ട്യൂബ് ചാനലിലൂടെ സുപരിചിതനായ വിജിൽ ശിവൻ ജയകൃഷ്ണനായി വേഷമിടുന്നു.

പ്രവാസി മലയാളിയായ ദന്തഡോക്ടർ ദീപ്തി പ്രകാശാണ് ഐശ്വര്യ ലക്ഷ്മിയെ അവതരിപ്പിച്ചത്. ഷഫാസ് ബഷീർ, ദിലീപ് കുമാർ, സജി പട്ടത്തിൽ, ശരണ്യ സജി, റംഷാദ് അലി എന്നിവരും വേഷമിട്ടിരിക്കുന്നു. യുവത്വത്തിൻറെ തമാശകളും സൗഹൃദങ്ങളും പ്രണയവുമൊക്കെ വിരിഞ്ഞ മലയാളസിനിമയുടെ വസന്തം തിരികെയെത്തിക്കാനുള്ള ശ്രമം കൂടിയാണ് വിഷ്ണു ഗോപിയുടെ ഒരു അറേബ്യൻ പ്രണയകഥ. ദീപു നായരാണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു ഗോപി തന്നെ രചനയും സംഗീതവും നിർവഹിച്ച് ഷൈൻ കുമാർ ആലപിച്ച ഈറൻ കാറ്റിലൊരു പൂവായ് എന്ന മനോഹരമായ ഗാനവും ചിത്രത്തിൻറെ മാറ്റുകൂട്ടുന്നു. പശ്ചാത്തല സംഗീതം: ദീപു നായർ.  പിആ ഒ: അജിത് ദിവാകർ, ശബ്ദനിർവഹണം: അനൂപ് തോമസ്, പ്രോഗ്രാമിങ് പ്രിൻസ് റെക്സ്, ടൈറ്റിൽ: പ്രജീഷ് വടകര.

vishnu-gopi
വിഷ്ണു ഗോപി

മെച്ചപ്പെട്ട ജീവിതമൊരുക്കാൻ പ്രവാസലോകത്തെത്തി തിരക്കിനിടയിലും കലയോടുള്ള അഭിനിവേശം കെടാതെ സൂക്ഷിക്കുന്ന ഒരുകൂട്ടം യുവജനങ്ങളുടെ കൂട്ടായ്മയിലൂടെയാണ് വൈറൽ ഗ്രിഡ് പിറവികൊണ്ടത്. കോവിഡ് കാലത്തെ ആശങ്കകൾ കലയിലൂടെ അതിജീവിക്കാനുള്ള ശ്രമത്തിൻറെ ഫലംകൂടിയാണ് ഈ സിനിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com