sections
MORE

പുതിയ തട്ടിപ്പുകളുമായി സൈബർ മോഷ്ടാക്കൾ; ഷോപ്പിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

online-sale
representative image
SHARE

ദുബായ്∙ അവധിദിനങ്ങളിൽ പുതിയ തട്ടിപ്പുകളുമായി സൈബർ മോഷ്ടാക്കൾ രംഗത്ത്.  ഓൺലൈൻ  ഷോപ്പിങ് നടത്തുന്നവരെ  ലക്ഷ്യമിട്ടു ധാരാളം വ്യാജ സൈറ്റുകളുണ്ടെന്നും വളരെ കരുതലോടെ വേണം ഷോപ്പിങ് നടത്താനെന്നും സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. വ്യക്തിവിവരങ്ങൾ ചോർത്തുന്നതിനു പുറമെ ബാങ്ക് രേഖകൾ കൂടി കൈക്കലാക്കി തട്ടിപ്പ് നടത്തുന്നതാണ് പല സൈറ്റുകളും. കോവിഡ് മൂലം ഓൺലൈൻ ഷോപ്പിങ് വർധിച്ചതും തട്ടിപ്പ് പെരുകാൻ കാരണമായി.

വ്യാജന്മാർ 100 കോടി

ഈ വർഷം ജനുവരിക്കും ഒക്ടോബറിനും ഇടയിൽ  മാത്രം 100 കോടി വ്യാജന്മാരുടെ ആക്രമണം തടഞ്ഞതായി മൈംകാസ്റ്റ് എന്ന സൈബർ സുരക്ഷാ സ്ഥാപനം വ്യക്തമാക്കി. 2019നെ അപേക്ഷിച്ച് 34% വർധനയാണ് ഇക്കാര്യത്തിലുള്ളത്. ഒക്ടോബറിൽ മാത്രം ഈ രംഗത്ത് 22% വർധന ഉണ്ടായതായും അറിയിച്ചു.

ബ്രാൻഡുകളുടെ വ്യാജന്മാർ 14000

20 പ്രമുഖ ചില്ലറ വ്യാപാര ബ്രാൻഡുകളുടെ പേരിൽ വ്യാജന്മാരായ 14000 സൈറ്റുകൾ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു ബ്രാൻഡിന്റെ പേരിൽ ഒരു ദിവസം മാത്രം  53 മുതൽ 87 വ്യാജ ഡൊമെയ്നുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സൈറ്റുകൾ സൃഷ്ടിച്ചും പ്രശസ്തരുടെ വ്യാജ വിഡിയോകളും വ്യാജവാർത്തകളും ചമച്ച് കെണിയൊരുക്കും. 90% വരെ ഇളവുകളും മറ്റ് ആകർഷകമായ ധാരാളം ഓഫറുകളുമാണിവർ മുന്നോട്ടുവയ്ക്കുന്നത്. നല്ല ഡിസൈനർ വസ്ത്രങ്ങളുടെ  ചിത്രം നൽകി  സൈറ്റിലേക്ക് ആകർഷിച്ച്, കുറഞ്ഞ തരം തുണിത്തരങ്ങൾ വീട്ടിലെത്തിച്ചു മുങ്ങുന്നവരുമുണ്ട്. ഒരു പ്രമുഖ ബ്രാൻഡിന്റെ പേരിലുള്ള സൈറ്റിൽ 75 ദിർഹത്തിന് നാല് വസ്ത്രങ്ങൾ എന്ന പരസ്യം കണ്ട് ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ചപ്പോൾ കബളിപ്പിക്കപ്പെട്ടതായി ഖിസൈസിലുള്ള അബ്ദുല്ല പറയുന്നു. നല്ല ഡിസൈൻ വസ്ത്രം  കണ്ടാണ് ഓൺലൈനിൽ ഓർഡർ നൽകിയത്. രണ്ടുദിവസത്തിനുള്ളിൽ സാധനം എത്തിക്കുമെന്നും അപ്പോൾ പണം നൽകിയാൽ മതിയെന്നും മെസഞ്ചറിൽ സന്ദേശവും വന്നു. പാഴ്സൽ തുറക്കാൻ കുറിയറുകാരൻ സമ്മതിച്ചില്ല. കിട്ടിയത് ഇരട്ടി വലുപ്പത്തിലുള്ള വെറും കുറഞ്ഞ തരം ഉടുപ്പുകൾ. സൈറ്റ് പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് വ്യാജനാണെന്ന് മനസ്സിലായതെന്നും അബ്ദുല്ല പറഞ്ഞു.

വീണ്ടും ശ്രദ്ധിക്കണം

∙ വിശ്വസിക്കാവുന്ന നെറ്റ്‌വർക്കിലാണ് കയറിയതെന്ന് ഉറപ്പാക്കുക.

∙ വ്യക്തി- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാതിരിക്കുക.

∙ എളുപ്പം കണ്ടെത്താൻ കഴിയാത്ത പാസ്‌വേഡ് ഉപയോഗിക്കുക.

∙ അറ്റാച്ച്മെന്റുകൾ തുറക്കുന്നത്  ശ്രദ്ധയോടെ വേണം.

∙ പുതിയതായി റജിസ്റ്റർ ചെയ്ത വെബ്സൈറ്റുകൾ ജാഗ്രതയോടെ മാത്രം കൈകാര്യം ചെയ്യുക.

∙ ഉൽപന്നങ്ങളുടെ നിലവാരം സംബന്ധിച്ച സ്റ്റാർ റേറ്റിങും കമന്റുകളും ശ്രദ്ധിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA