ദോഹ ∙ അൽകരാന ചിറയിൽ ദൃശ്യവിരുന്നൊരുക്കി ദേശാടന പക്ഷികൾ എത്തിത്തുടങ്ങി. കുടിയേറ്റ പക്ഷികളുടെ ഖത്തറിലെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ അൽ കരാന ചിറയിലെത്തുന്ന പക്ഷികളിൽ മീൻകൊത്തിപ്പക്ഷി, വാട്ടർ പിപ്പിറ്റ്, പർപ്പിൾ ഹെറോൺ, കെസ്ട്രൽ എന്നിവയെല്ലാമുണ്ട്.
നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി പദ്ധതികളിൽ പ്രധാനപ്പെട്ട അൽ കരാന ലഗൂൺ കഴിഞ്ഞ വർഷമാണ് പുനരധിവാസശേഷം ദേശാടന പക്ഷികൾക്കായി വീണ്ടും ഇടത്താവളമൊരുക്കിയത്. പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചാണ് ജീവജാലങ്ങൾക്ക് പ്രകൃതിദത്തമായ ആവാസ വ്യവസ്ഥിതി ഒരുക്കിയിരിക്കുന്നത്. കൃത്രിമ ചിറകൾ, ജലപ്രവാഹം, സസ്യലതാദികൾ, മരങ്ങൾ തുടങ്ങി തണുപ്പുകാലം ആസ്വദിക്കാനെത്തുന്ന ദേശാടന പക്ഷികൾക്ക് മികച്ച സൗകര്യങ്ങളാണ് അൽകരാനയിലുള്ളത്.
ദോഹയുടെ തെക്കുപടിഞ്ഞാറു 60 കിലോമീറ്റർ അകലെയാണ് അൽ കരാന ലഗൂൺ. അൽ കരാനയിൽ മാത്രമല്ല രാജ്യത്തിന്റെ വടക്കൻ തീരങ്ങളും ദേശാടന കിളികൾ എത്തി തുടങ്ങി. ശൈത്യം അവസാനിക്കുന്നത് വരെ മൈലുകൾ താണ്ടി പാശ്ചാത്യ നാടുകളിൽ നിന്നുള്ള വിവിധയിനം പക്ഷികളാണ് രാജ്യത്തേക്ക് എത്തുന്നത്.