ADVERTISEMENT

ദോഹ ∙ കോവിഡ് വാക്‌സീൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ ആരോഗ്യ സേവനങ്ങൾ ലഭിക്കാനുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർ ഉടൻ കാർഡ് എടുക്കണമെന്ന് നിർദേശം. രാജ്യത്ത് ആദ്യ ഘട്ട കോവിഡ്-വാക്സിനേഷൻ പുരോഗമിക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും വാക്സിനേഷൻ ഉറപ്പാക്കാനാണ് ഹെൽത്ത് കാർഡ് എടുക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ മേധാവി ഡോ.സോഹ അൽ ബയാത് നിർദേശിച്ചത്.

വാക്സിനേഷന്റെ അടുത്ത ഘട്ടങ്ങളിലായി എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും വാക്‌സീൻ ലഭിക്കും. എല്ലാവർക്കും സൗജന്യമായാണ് വാക്‌സീൻ നൽകുന്നത്. സ്വകാര്യ മെഡിക്കൽ ഇൻഷുറൻസ് ഉള്ളവരാണെങ്കിൽ പോലും ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ ഉടൻ കാർഡ് എടുക്കണമെന്നും ഡോ.സോഹ നിർദേശിച്ചു.

ഹെൽത്ത് കാർഡ് എടുത്താൽ വാക്സിനേഷന് അർഹതയുണ്ടെങ്കിൽ പ്രാഥമിക പരിചരണ കേന്ദ്രങ്ങളിൽ നിന്നും ബന്ധപ്പെടും. വാക്സിനേഷൻ രാജ്യത്ത് നിർബന്ധമല്ലെങ്കിലും സമൂഹത്തിന്റെ സംരക്ഷണത്തിനായി ഏവരും വാക്‌സീൻ സ്വീകരിക്കണമെന്നാണ് അധികൃതർ ശുപാർശ ചെയ്യുന്നത്. ഹെൽത്ത് കാർഡ് ലഭിക്കുന്നതിലൂടെ സർക്കാർ സേവനങ്ങളെല്ലാം വേഗത്തിൽ ലഭിക്കുമെന്നതാണ് നേട്ടം.

വാക്‌സിനേഷൻ ആദ്യ ഘട്ടം 31 വരെ

ഇൗ മാസം 31 വരെ നീളുന്ന ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവർ, മുൻനിര ആരോഗ്യ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ എന്നിവർക്കാണ് വാക്‌സീൻ നൽകുന്നത്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും വാക്സിനേഷന് അർഹരായവരുടെ പട്ടിക പുതുക്കും. 16 വയസ്സിന് മുകളിലുള്ള, അലർജി പ്രശ്‌നങ്ങൾ ഇല്ലാത്തവർക്കാണ് രാജ്യത്ത് വാക്സിനേഷന് അനുമതി.

വാക്സിനേഷൻ കേന്ദ്രങ്ങൾ

ഖത്തർ സർവകലാശാല, അൽ വാബ്, അൽഖോർ, അൽ വജ്ബ, ലിബെയ്ബ്, അൽ റുവെയ്‌സ്, ഉം സലാൽ, റൗദത്ത് അൽ ഖെയ്ൽ, അൽ തുമാമ, മൈതർ ഹെൽത്ത് സെന്ററുകൾ.  അധികം താമസിയാതെ രാജ്യത്തെ മുഴുവൻ ഹെൽത്ത് സെന്ററുകളിലും വാക്സിനേഷൻ തുടങ്ങും.

ഹോട്‌ലൈനിൽ വിളിക്കാം

കോവിഡ് വാക്‌സീൻ എടുക്കാൻ അർഹരായവരെ ഹെൽത്ത് സെന്ററുകളിൽ നിന്നു അധികൃതർ ഫോൺ വിളിച്ചോ എസ്എംഎസ് അയച്ചോ നേരിട്ടാണ് ബന്ധപ്പെടുന്നത്. 65 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവർക്ക് ഇനിയും അധികൃതരുടെ ഫോൺ വിളി എത്തിയില്ലെങ്കിൽ വാക്‌സിനേഷനായി 4027 7077 എന്ന ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം. കുത്തിവയ്പിനു മുൻകൂർ അനുമതി നിർബന്ധം. രാവിലെ 7.00 മുതൽ രാത്രി 11.00 വരെ ഹോട്‌ലൈൻ സേവനം ലഭിക്കും.

ഹെൽത്ത് കാർഡ്  എടുക്കാൻ

∙ താമസപരിധിയിലുള്ള ഹെൽത്ത് സെന്ററുകളിൽ ചെന്ന് റജിസ്റ്റർ ചെയ്ത് ഹെൽത്ത് കാർഡ് സ്വന്തമാക്കാം.

∙ പ്രാഥമിക പരിചരണ കോർപറേഷന്റെ മൊബൈൽ ആപ്പായ 'നർ ആ കോം(Nar'aakom)' അല്ലെങ്കിൽ ഖത്തർ ഐഡി നമ്പർ ഉപയോഗിച്ച് സർക്കാർ ഇ-പോർട്ടലായ ഹുക്കുമിയിലൂടെ (http://portal.www.gov.qa)ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. നർ ആ കോം ആപ്പിലൂടെ തന്നെ ഹുക്കുമിയിൽ പ്രവേശിക്കാനുള്ള സൗകര്യമുണ്ട്.

പ്രവാസികൾ നൽകേണ്ട രേഖകൾ

∙ മുതിർന്നവർ: കാലാവധിയുള്ള ഖത്തർ റസിഡൻസ് പെർമിറ്റ്, പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫീസ്-100 റിയാൽ

∙ കുട്ടികൾ: പാസ്‌പോർട്ട്, കാലാവധിയുള്ള ഖത്തർ ഐഡി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഖത്തറിലാണ് ജനിച്ചതെങ്കിൽ ആദ്യമായെടുത്ത വാക്സിനേഷൻ കാർഡ്. ഫീസ്-100 റിയാൽ

∙ ഗാർഹിക ജീവനക്കാർ: പാസ്‌പോർട്ട്, കാലാവധിയുള്ള ഖത്തർ ഐഡി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, സ്‌പോൺസറിന്റെ ഒറിജിനൽ ഖത്തർ ഐഡി. ഫീസ്-50 റിയാൽ (വ്യക്തിഗത സ്‌പോൺസർഷിപ്പിനായി ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച തൊഴിലാളികൾക്ക്).

∙ സ്വന്തം പേരിലുള്ള ഫോൺ ബിൽ, വെള്ളത്തിന്റെ അല്ലെങ്കിൽ വൈദ്യുതിയുടെ ബിൽ

∙ കാർഡ് പേയ്മെന്റ് മാത്രമേ അനുവദിക്കൂ.

ഹെൽത്ത് കാർഡ്  പുതുക്കാൻ

∙ കാർഡ് പുതുക്കൽ, നഷ്ടമായതും തകരാർ സംഭവിച്ചതുമായ കാർഡുകൾക്ക് പകരം പുതിയ കാർഡ് എടുക്കൽ എന്നിവയെല്ലാം ഹുക്കുമിയിലൂടെ ചെയ്യ ാം.

∙ ഓൺലൈൻ വഴി ഫീസടക്കാം. കാർഡ് പുതുക്കാൻ പ്രവാസികൾക്ക് 1 വർഷത്തേക്ക് 100 റിയാൽ. കാർഡ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ കാലാവധിക്ക് ശേഷമാണ് പുതുക്കുന്നതെങ്കിൽ 200 റിയാൽ. കാർഡ് തപാലിൽ ലഭിക്കാൻ 10 റിയാൽ അധികം നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com