ADVERTISEMENT

ദോഹ ∙ ഖത്തറിൽ നിന്നു സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമാകും. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. മൂന്നര വർഷത്തിന് ശേഷമാണ് ഖത്തർ എയർവേയ്‌സിന്റെ യാത്രാ വിമാനം ഇന്ന് റിയാദിലേക്ക് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് പ്രാദേശിക സമയം 2.05ന് ഹമദ് വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന വിമാനം റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ 3.30ന് എത്തിച്ചേരും.

ഒന്നര മണിക്കൂർ ആണു യാത്രാ സമയം. ഖത്തർ എയർവേയ്‌സിന്റെ ദോഹ-റിയാദ്, ദോഹ-ദമാം സർവീസുകൾ ദിവസേനയും ദോഹ-ജിദ്ദ ആഴ്ചയിൽ 4 ദിവസവും സർവീസ് നടത്തും. സൗദിയിലെ വ്യാപാര, കാർഗോ പങ്കാളികളുമായി ശക്തമായ ബന്ധം പുലർത്താനാണ് ഖത്തർ എയർവേയ്‌സ് ലക്ഷ്യമിടുന്നത്. നിലവിൽ ആഗോള തലത്തിൽ 110 നഗരങ്ങളിലേക്ക് എണ്ണൂറിലധികം പ്രതിവാര സർവീസുകളാണ് ഖത്തർ എയർവേയ്‌സിനുള്ളത് എന്നതിനാൽ സൗദിയിലെ യാത്രക്കാർക്ക് കൂടുതൽ നഗരങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും.

അയൽ രാജ്യങ്ങളിൽ ഖത്തർ എയർവേയ്‌സിന്റെ ഓഫിസുകളിൽ ജോലി ചെയ്തിരുന്ന മുൻ ജീവനക്കാരോട് ഖത്തർ എയർവേയ്‌സുമായി ബന്ധപ്പെടാനും കമ്പനി നിർദേശിച്ചിട്ടുണ്ട്. സൗദി വിമാനകമ്പനിയായ സൗദിയയുടെ ഖത്തറിലേക്കുള്ള ആദ്യ യാത്രാ വിമാനവും ഇന്നെത്തും. സൗദി പ്രാദേശിക സമയം 4.40ന് റിയാദിൽ നിന്നു പുറപ്പെടുന്ന വിമാനം വൈകിട്ട് 6.05ന് ദോഹയിലെത്തും.

സൗദിയയുടെ റിയാദ്-ദോഹ സർവീസുകൾ ആഴ്ചയിൽ നാലും ജിദ്ദ-ദോഹ മൂന്നു തവണയുമായിരിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ സജീവമാകുന്നതോടെ പ്രവാസി മലയാളികൾക്കും വ്യക്തിഗത, കുടുംബ, ബിസിനസ് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സഹായകമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com