ദുബായ്∙ കഴിഞ്ഞ വർഷം (2020) ദുബായിൽ 1,303 പുതിയ ഭക്ഷണ ശാലകൾ ആരംഭിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ഒരുദിവസം മൂന്നിലേറെ(3.5) സ്ഥാപനങ്ങളാണ് തുറന്നത്.
കഴിഞ്ഞവർഷം അവസാനം വരെയുള്ള കണക്കനുസരിച്ച് ദുബായിൽ ആകെയുള്ള ഭക്ഷണ ശാലകൾ 19,259 ആണെന്ന് ദുബായ് മുനിസിപാലിറ്റി ഫൂഡ് ഇൻസ്പെക്ഷൻ വിഭാഗം ഡയറക്ടർ സുൽത്താൻ അൽ താഹിർ പറഞ്ഞു. ഇൗ വർഷം ഒക്ടോബറാകുമ്പോഴേയ്ക്കും ഇത് 20,000 ആയിത്തീരുമെന്നും വ്യക്തമാക്കി.

ഭക്ഷണശാലകളുടെ എണ്ണം വർധിച്ചുവരുന്നത് ദുബായിൽ നിക്ഷേപം നടത്താൻ വ്യവസായികളുടെ താത്പര്യം പ്രകടമാക്കുന്നു. ഭക്ഷ്യസുരക്ഷാ കാര്യത്തിൽ ദുബായ് മുനിസിപാലിറ്റി ഏറെ ശ്രദ്ധാലുക്കളാണ്. ലോകത്ത് തന്നെ മുന്നിലാണ്. രാജ്യാന്തര ഫൂഡ് ഔട് ലറ്റുകൾക്ക് തങ്ങളുടെ ശാഖ ദുബായിൽ തുടങ്ങാൻ വലിയ താത്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളികളുടേതടക്കം ലോകത്തെ വൈവിധ്യമാർന്ന ഭക്ഷണം ലഭ്യമാകുന്ന കേന്ദ്രമാണ് ദുബായ്.
