ADVERTISEMENT

ദോഹ ∙ സംഭരണ സൗകര്യവുമായി പുതിയ കണ്ടെയ്‌നർ നഗരം നിർമിക്കാൻ അധികൃതർ ഒരുങ്ങുന്നു. നിശ്ചിത വാടക കൊടുത്താൽ എത്ര നാൾ വേണമെങ്കിലും ക്യാംപിങ് ഉപകരണങ്ങൾ മുതൽ ഗൃഹോപകരണങ്ങൾ വരെ കണ്ടെയ്‌നറുകളിലാക്കി സൂക്ഷിക്കാം.

അൽ മജ്ദ് റോഡിലെ ബുജോദ് പ്രദേശത്ത് ബെർക്കാത്ത് അൽ അവാമെറിന്റെ എതിർവശത്തായാണ് പുതിയ കണ്ടെയ്‌നർ നഗരം നിർമിക്കുന്നത്.

ഇതിനായി നഗരസഭ പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബെ കോണ്ടിനെന്റൽ ട്രേഡിങ് കമ്പനിയുമായി കരാർ ഒപ്പുവച്ചു കഴിഞ്ഞു. സർക്കാർ ഭൂമി ഫലപ്രദമായി വിനിയോഗിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം പകുതിയോടെ  സ്വയം-സംഭരണ കണ്ടെയ്നർ‍ നഗരം പ്രവര്‍ത്തനസജ്ജമാകും.  

കണ്ടെയ്‌നർ വാടകയ്ക്ക്

വ്യക്തികൾക്കും കമ്പനികൾക്കും ക്യാംപിങ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി ആവശ്യമുള്ള സാധനങ്ങളെല്ലാം കണ്ടെയ്‌നറുകളിലാക്കി ഈ നഗരത്തിൽ സുരക്ഷിതമായി സൂക്ഷിക്കാം. പകുതിയായോ മുഴുവനായോ (20-ഫൂട്ട് അല്ലെങ്കിൽ 40 ഫൂട്ട്) ഹ്രസ്വ -ദീർഘകാലങ്ങളിലായി കണ്ടെയ്‌നർ തുച്ഛമായ വാടകയ്ക്ക് ലഭിക്കും. അത്യാധുനിക സൗകര്യങ്ങളോടെയാണ് നഗരം നിർമിക്കുന്നത്.

പദ്ധതി ഗുണകരമാകും

ഫാമുകള്‍, ചെറുകിട, ഇടത്തരം കമ്പനികള്‍, വ്യക്തികള്‍ എന്നിവര്‍ക്കെല്ലാം പുതിയ നഗരം ഗുണകരമാകും. മാത്രമല്ല സംഭരണ സൗകര്യമില്ലാത്തതിനാല്‍ പാര്‍പ്പിട മേഖലകളിലെ റോഡരികില്‍ ക്യാംപിങ് ഉപകരണങ്ങളും മറ്റും വലിച്ചെറിയുന്ന പ്രവണതയും ലംഘനങ്ങളും കുറയ്ക്കാം.

സൗകര്യങ്ങള്‍ ഒട്ടേറെ
 
അത്യാധുനിക സൗകര്യങ്ങളോടെയാണ് നഗരം നിര്‍മിക്കുന്നത്. തൊഴിലാളികള്‍ക്കുളള കെട്ടിടങ്ങള്‍, ഇന്ധന സ്‌റ്റേഷന്‍, റോഡുകള്‍, ലോഡിങ്-അണ്‍ലോഡിങ് ഏരിയ, പുനരുപയോഗ ഊര്‍ജ ഉല്‍പാദന പ്ലാന്റ്, സേവന-മെയ്ന്റനൻസ് കേന്ദ്രം എന്നിവയെല്ലാം നഗരത്തിലുണ്ടാകും. വിതരണം, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട ലോജിസ്റ്റിക് സേവനങ്ങളും നഗരത്തില്‍ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com