sections
MORE

യുഎഇയിൽ വാക്സീൻ ജനങ്ങളിലേക്ക്; തുടക്കം ലേബർ ക്യാംപിൽ നിന്ന്

seha
ആരോഗ്യസേവന വിഭാഗമായ സേഹ ഒരുക്കിയ കേന്ദ്രത്തിൽ വാക്സീൻ സ്വീകരിക്കാനെത്തിയവർ.
SHARE

അബുദാബി∙ യുഎഇയിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന കോവിഡ് വാക്സീൻ ക്യാംപെയ്ൻ ജനങ്ങൾക്കിടയിലേക്ക്. വയോധികർക്ക് വീടുകളിലെത്തി വാക്സീൻ നൽകും. ലേബർ ക്യാംപ്, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി വാക്സീൻ നൽകുന്ന പദ്ധതിക്കു തുടക്കമിട്ടു. 3 മാസത്തിനകം 50% പേർക്കും വാക്സീൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാംപെയ്ൻ.

തുടക്കം ലേബർ ക്യാംപിൽ നിന്ന്

കഴിഞ്ഞ ദിവസം അബുദാബി മഫ്റഖിലെ വർക്കേഴ്സ് സിറ്റിയിൽ നടന്ന ക്യാംപെയ്നിൽ വിവിധ കമ്പനികളിലെ 8000 തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്സീൻ നൽകി. ഉച്ചയ്ക്കു മൂന്നിനു തുടങ്ങിയ ക്യാംപെയ്ൻ പുലർച്ചെ രണ്ടിനാണ് അവസാനിച്ചത്.  വാക്സീൻ വിതരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നിർദേശം കമ്പനികളെ അറിയിച്ചതോടെ ലേബർ ക്യാംപുകളിൽ സൗകര്യം ഒരുക്കുകയായിരുന്നു. ആസ്മ, രക്തസമ്മർദം തുടങ്ങിയ രോഗമുള്ള ഏതാനും പേർക്കൊഴികെ എല്ലാവർക്കും  കുത്തിവയ്പ്   നടത്തി. ഇവരുടെ  രോഗം നിയന്ത്രണവിധേയമായ ശേഷം വാക്സീൻ നൽകും.

അജ്മാനിലും ഫുജൈറയിലും 2 ആഴ്ച പ്രത്യേക കേന്ദ്രം

അജ്മാൻ, ഫുജൈറ എമിറേറ്റുകളിൽ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമായി പ്രത്യേക വാക്സീൻ  കേന്ദ്രം തുറന്നു.
ഈ കേന്ദ്രം 2 ആഴ്ച പ്രവർത്തിക്കും. ഹമദ് ബിൻ അബ്ദുല്ല അൽ ഷർഖി സെക്കൻഡറി  സ്കൂൾ ദിബ്ബ ഫുജൈറ, മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ഫുജൈറയിലെ വാക്സീൻ കേന്ദ്രം. രാവിലെ 9 മുതൽ   ഉച്ചയ്ക്കു 3 വരെയാണ്   സേവനം. യുഎഇ  യൂണിവേഴ്സിറ്റിയിൽ 11നു ആരംഭിച്ച  വാക്സീൻ   ക്യാംപെയ്ൻ  ഇന്ന് അവസാനിക്കും.     

പാഠം ഒന്ന് രോഗപ്രതിരോധം

17ന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വാക്സീനുമായി ആരോഗ്യവിഭാഗം സ്കൂളുകളിലും എത്തിത്തുടങ്ങി. വിവിധ സ്കൂളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് എത്തുക. അധ്യാപകർ, ഇതര ജീവനക്കാർ, 18 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾ എന്നിവർക്കെല്ലാം വാക്സീൻ നൽകി സ്കൂൾ അന്തരീക്ഷം സുരക്ഷിതമാക്കും.

പ്രാർഥനയോടെ

കൂടുതൽ പേർ എത്തുന്ന ആരാധനാലയങ്ങളിലും വാക്സീൻ വിതരണം തുടങ്ങി. കഴിഞ്ഞ ദിവസം മുഷ്റിഫിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ  നടന്ന ക്യാംപെയ്നിൽ  മലയാളികൾ അടക്കം വിവിധ രാജ്യക്കാരായ 7000 പേർ കുത്തിവയ്പ് എടുത്തു.

ഗുരുതര ആരോഗ്യപ്രശ്നം? വിളിക്കാം 02 8191111

യുഎഇയിലെ 125 രാജ്യക്കാരായ 31,000 പേരിൽ സിനോഫാം  വാക്സീൻ മൂന്നാം ഘട്ട പരീക്ഷണം നടത്തി. ദുബായിൽ ഫൈസർ വാക്സീനും ലഭ്യമാണ്. വാക്സീൻ എടുക്കുന്നവരിൽ ചിലർക്കു മാത്രം പനി, ഛർദി, ക്ഷീണം    എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ശ്വാസതടസ്സം തുടങ്ങി കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറിൽ  02 8191111 ബന്ധപ്പെടണം. 18 വയസ്സിനു മുകളിൽ ഉള്ള, മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് വാക്സീൻ എടുക്കാം. 21 ദിവസത്തിനിടെ 2 ഡോസ് വാക്സീൻ നൽകും. 15–17 വയസ്സുള്ളവർക്ക് ഡോക്ടർ പരിശോധിച്ച് ഉറപ്പാക്കിയാൽ വാക്സീൻ ലഭിക്കും.

വാക്സീൻ ഒഴിവാക്കേണ്ടവർ

ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 3 മാസത്തിനകം ഗർഭധാരണം ആഗ്രഹിക്കുന്നവർ, എയ്ഡ്സ് ഉൾപ്പെടെ പ്രതിരോധ ശേഷി കുറയുന്ന അസുഖം ഉള്ളവർ, അലർജിയുള്ളവർ,  അപസ്മാരം, മസ്തിഷ്ക വീക്കം, മാനസിക പ്രശ്നങ്ങൾ ഉള്ളവർ,  14 ദിവസത്തിനകം മറ്റ് വാക്സീനുകൾ സ്വീകരിച്ചവർ, 15 വയസ്സിനു താഴെയുള്ളവർ എന്നിവർക്കു വാക്സീൻ നൽകില്ല.

വാക്സീനെതിരായ പ്രചാരണം വിശ്വസിക്കരുത്: മന്ത്രാലയം

അബുദാബി∙ കോവിഡ് വാക്സീനെതിരെയുള്ള വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹം പരത്തുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും മുന്നറിയിപ്പുണ്ട്. വിവരങ്ങൾക്കും സംശയ നിവാരണത്തിനും ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവൂ. സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങൾ പങ്കുവയ്ക്കുന്നതിനു മുൻപ് അതിന്റെ നിജസ്ഥിതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. നിയമ ലംഘകർക്ക് 5 ലക്ഷം ദിർഹം (10 ലക്ഷം രൂപ) പിഴയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA