ADVERTISEMENT
അബുദാബി∙ യുഎഇയിൽ സിനോഫാം വാക്സീൻ  2 ഡോസ് എടുത്തവർക്കും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കും വിദേശത്തുപോയി മടങ്ങിവന്നാൽ ക്വാറന്റീൻ വേണ്ടെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ഇവർ  രാജ്യത്തെത്തിയാൽ  പിസിആർ ടെസ്റ്റിനു വിധേയമാകണമെന്നു മാത്രം. ഇവരോടൊപ്പമുള്ള 12–17 വയസ്സുള്ള കുഞ്ഞുങ്ങൾക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.

ക്വാറന്റീൻ പരിഷ്കരിച്ചു

ഗ്രീൻ പട്ടികയിലെ രാജ്യങ്ങളിൽനിന്നുള്ള 18 വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ്, ക്വാറന്റീൻ നിയമങ്ങൾ പരിഷ്കരിച്ചു. 12 വയസ്സിനു താഴെയുള്ളവർക്കു വിമാനത്താവളത്തിലെ പിസിആർ പരിശോധനയും 10 ദിവസത്തെ ക്വാറന്റീനും സ്മാർട് വാച്ചും വേണ്ട. 12–17 വയസ്സുവരെയുള്ള കുട്ടികൾക്ക് ക്വാറന്റീൻ വേണ്ടെങ്കിലും മുതിർന്നവരെ പോലെ രാജ്യത്ത് എത്തി 6, 12 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് നിർബന്ധം.

ഗ്രീൻ പട്ടികയിലെ രാജ്യക്കാർ

ചൈന, ഹോങ്കോങ്, ഐൽ ഓഫ് മാൻ, മക്കാകൊ, മൊറീഷ്യസ്, മംഗോളിയ, ന്യൂ കലഡോണിയ, ന്യൂസീലൻഡ്, സാ ന്തോം ആൻഡ് പ്രിൻസിപ്പി, സെന്റ് കിറ്റ്സ് ആൻഡ് നൊവിസ്, തയ്പെയ്, തായ്‌ലൻഡ്, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യക്കാരാണ്  ഗ്രീൻ പട്ടികയിൽ ഇടംപിടിച്ചത്. ഈ രാജ്യക്കാർക്കു യുഎഇയിലെത്തിയാൽ ക്വാറന്റീൻ വേണ്ട. എന്നാൽ യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത പിസിആർ ടെസ്റ്റ് നിർബന്ധം. പ്രവേശന കവാടത്തിൽ പിസിആർ പരിശോധനയുണ്ടാകും.

വാക്സീന്‍ എടുക്കാത്തവർ അറിയാൻ..

വാക്സീൻ എടുക്കാത്തവർക്ക് യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനത്താവളത്തിൽ എത്തിയാൽ വീണ്ടും പിസിആർ പരിശോധനയുണ്ടാകും. നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിയണം.

ഇന്ത്യക്കാർക്ക് ഐസിഎ അനുമതി നിർബന്ധം

ഗ്രീൻപട്ടികയിൽ ഇല്ലാത്ത ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാർക്ക് അബുദാബിയിലേക്കു വരാൻ ഐസിഎ ഗ്രീൻ  സിഗ്നൽ നിർബന്ധം. അബുദാബിയിൽ 10 ദിവസം ക്വാറന്റീനുണ്ടാകും. കൂടാതെ തുടർച്ചയായി അബുദാബിയിൽ തങ്ങുന്നവർ 6, 12 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കണം. 12–17 വയസ്സിനിടയിലുള്ള കുട്ടികൾക്കും ഇതു ബാധകം. 12നു താഴെയുള്ളവർക്കു പിസിആർ ടെസ്റ്റ് വേണ്ട. 10 ദിവസത്തെ ക്വാറന്റീൻ വേണം. 17 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സ്മാർട് വാച്ച് വേണ്ട.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com