ADVERTISEMENT

അബുദാബി ∙ ഒരു വാണിങ് ലെറ്റർ പോലും നൽകാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് അവസരം നൽകാതെയാണ് അസീസിന്റെ മടക്കം; ഒരു കമ്പനിയിൽ തന്നെ 35 വർഷം തികച്ച ചാരിതാർഥ്യത്തോടെ. കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശി മലയിൽ അബ്ദുൽ അസീസാണു സവിശേഷതയാർന്ന  പ്രവാസത്തിനു പൂർണ വിരാമമിടുന്നത്. 

1986 ഫെബ്രുവരി ഒൻപതിന് മുംബൈയിൽ നിന്ന് പൊന്തിയ 'ഗൾഫ് എയർ ' വിമാനമിറങ്ങുമ്പോൾ അബുദാബിയും അസീസും അത്ര സമൃദ്ധിയിലായിരുന്നില്ല. തലസ്ഥാന നഗരത്തിൽ തലയെടുപ്പുള്ള കെട്ടിട സമുച്ചയങ്ങളോ  വ്യാപാര കേന്ദ്രങ്ങളോ കാണാനുമില്ല. അറ്റമില്ലാത്ത മരുഭൂമിക്ക് അതിരിടുന്നതു പോലുള്ള ചെറു കെട്ടിടങ്ങൾ മാത്രം. ഒരു കാറ്ററിങ് കമ്പനിയുടെ ഗ്രൂപ്പ് വീസയിലാണ് അസീസിന്റെ ഗൾഫ് മോഹം പൂവിടുന്നത്. വടകരയിലെ സാമൂഹിക സേവകനും പൗരപ്രമുഖനുമായിരുന്ന കാര്യാട്ട്  കുഞ്ഞിമുഹമ്മദ് ഹാജിയുടെ കനിവിൽ വീസ തരപ്പെട്ടു. കൂടെപ്പിറപ്പ് പോലെയുള്ള അധ്വാനശീലം കൂടെയുണ്ടെന്ന ധൈര്യം മാത്രമായിരുന്നു കൈമുതൽ. അബുദാബി നാഷനൽ ഹോട്ടൽ കമ്പനി ശൃംഖലയിൽ ക്ലീനിങ് വിഭാഗത്തിലാണ് ആദ്യം ജോലി കിട്ടിയത്. ഗ്രൂപ്പ് കമ്പനിയായതിനാൽ  പ്രവർത്തന പരിധിയും പ്രവിശാലമായിരുന്നു.

കോഴിക്കോടിന്റെ സവിശേഷ ശൈലിയിലുള്ള മലയാളം മാത്രമാണ് ആശയ വിനിമയത്തിനു ആശ്രയമായുണ്ടായിരുന്നത്. ശരീരഭാഷയുടെ അവസരോചിത വിന്യാസത്തിലൂടെ, ബഹുവിധ ദേശക്കാരുമായി സമരസപ്പെട്ട് അറബിക്കും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം വഴക്കിയെടുത്തു. ജോലിയിലെ മികവും ആത്മാർഥതയും സമന്വയിപ്പപ്പോൾ കമ്പനിയും അതു തിരിച്ചറിഞ്ഞു. ഓഫീസ് ബോയ്, പുതിയ ജീവനക്കാരുടെ പരിശീലകൻ, ക്ലർക്ക് എന്നിങ്ങനെ പടിപടിയായി പ്രവാസത്തിന്റെ പടവുകളിലേക്ക് സ്ഥാപനം തന്നെ കൈ പിടിച്ചു കയറ്റി. ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ ഉയർച്ചയുടെ മാറ്റ് കമ്പനി തന്നെ  കൂട്ടുമായിരുന്നെന്ന് അസീസ് ചെറുചിരിയോടെ പറഞ്ഞു. 

Aziz-uae-back-home
യുഎഇ നരിക്കുനി കൂട്ടായ്മ അസീസിനു അബുദാബിയിൽ നൽകിയ യാത്രയയപ്പ്. 

സ്വന്തം നില മെച്ചപ്പെടുത്താൻ മാത്രമല്ല ഇക്കാലമത്രയും അസീസ് ശ്രദ്ധിച്ചത്. നല്ലൊരു കമ്പനിയിൽ എത്തിപ്പെട്ടതിനാൽ നാട്ടിൽ കഷ്ടപ്പെടുന്നവരെ  ജോലിക്കാരായി കണ്ണി ചേർക്കാനും സാധിച്ചു. ബന്ധുക്കളും നാട്ടുകാരുമായ ഒട്ടേറെപ്പേർ വലിയ കമ്പനിയുടെ വിവിധ തസ്തികകളിൽ നിയമിതരാകാൻ  നിമിത്തമായി. ജന്മനാട്ടിൽ നിന്നു തൊഴിൽ തേടി യുഎഇയിൽ എത്തുന്ന കന്നിക്കാർക്കെല്ലാം ഒരു അത്താണി അവരുടെ ഈ ആദ്യത്തെ അബുദാബിക്കാരനായിരുന്നു. അസീസ് കൊണ്ടുവരുന്നവരും പരിചയപ്പെടുത്തുന്നവരും തൊഴിലിലും ജീവിതത്തിലും അദ്ദേഹത്തെപ്പോലെ തന്നെ നിസ്വാർഥരും നിഷ്കളങ്കരുമായിരിക്കുമെന്ന മാനേജർമാരുടെ നിഗമനത്തിനു ഇതുവരെ മങ്ങലേറ്റിട്ടില്ല. അസിസ് മടങ്ങിയാലും നട്ടുനനച്ച മരുമരങ്ങൾ പോലെ  പല കുടുംബങ്ങൾക്കും അവർ തണലിടും. പിന്നിട്ട 35 സംവത്സരങ്ങളിൽ അസിസിന്റെ സന്തോഷവും ഇതാണ്. 

സഹായമനസ്ഥിതിയും സഹനവും കൈവിടരുത് 

മറ്റുള്ളവരെ സഹായിച്ചാൽ ദുരിതനേരത്ത് ഒരു കൈ സഹായിക്കാൻ ആരെങ്കിലും നമുക്കൊപ്പം ഉണ്ടാകുമെന്നാണ് നരിക്കുനിക്കാരുടെ അബുദാബി ചാപ്റ്റർ കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായ അസീസ് പറയുന്നത്. ഗൾഫ് ജീവിതത്തിന്റെ പ്രഥമ ദിവസം മുതൽ കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി താഹയുടെ സഹായം അസീസ് മറക്കില്ല. മാനേജർ പദവിയിൽ എത്തിയിട്ടും സൗഹൃദം കെടാതെ അദ്ദേഹം കാത്തു സൂക്ഷിച്ചു.

പ്രവാസത്തിന്റെ ഉഷ്ണക്കാറ്റിൽ പ്രതിരോധമായി നിന്ന  സുഡാനി മാനേജർ അബ്ദുൽ അസീസ് ഉസ്മാൻ ഒരു നൊമ്പരപ്പെടുത്തുന്ന ഓർമയാണ്. ജോലിയിലിരിക്കെ അർബുദ രോഗം ബാധിച്ച് മരിച്ച അദ്ദേഹത്തിന്റെ മരണാനന്തര കർമങ്ങൾ കഴിഞ്ഞ് ഭൗതിക ശരീരം നാട്ടിലേക്കയച്ച നിമിഷം അസീസിനു പ്രവാസത്തിന്റെയും മനുഷ്യായുസ്സിന്റെയും നൈമിഷികത ഓർമിപ്പിക്കുന്നതു കൂടിയായിരുന്നു. 

സ്വദേശികളും വൈവിധ്യ സംസ്കാരമുള്ള സഹപ്രവർത്തകരും അറബ് വംശജരുടെയെല്ലാം സഹായ മനസ്ഥിതി നുകർന്നിട്ടുണ്ട്. ആയുസ്സിന്റെ നല്ലൊരു ഭാഗം ഗൾഫിൽ ഹോമിച്ചെങ്കിലും ആർഭാടങ്ങളൊന്നും അസീനെ ആകർഷിച്ചിട്ടില്ല. വീടുവയ്ക്കാനും മക്കൾക്ക് വിദ്യാഭ്യാസം നൽകാനും സാധിച്ചതാണു പ്രവാസം കൊണ്ടുള്ള നേട്ടം. ജീവിക്കുന്ന നാടും പരിസരവും കുടുംബത്തിനു കാണിച്ച് കൊടുക്കാനും ഇക്കാലയളവിലായി. ഫാത്തിമയാണു ഭാര്യ. മൂത്ത മകൻ   മുഹമ്മദ് ഫാസിൽ അബുദാബിയിലുണ്ട്. മകൾ ഫർസാന ഓമശേരിയിൽ ഫാർമസി വിദ്യാർഥിനിയും ഇളയ മകൾ അബീർ പ്ലസ് ടുവിനും പഠിക്കുന്നു.

കോവിഡ് കാലം ഗൾഫിലെ ജീവിത ചിത്രം മാറ്റിയെഴുതി. മറുവഴികളില്ലാത്തതിനാൽ കമ്പനികൾ കടുത്ത നിയന്ത്രണങ്ങൾ പുറത്തെടുത്തു പിടിച്ചു നിൽക്കാനുള്ള ശ്രമമാണ്. സഹനം കൈവിടാതെ, നിരാശ പിടികൂടാതെ ജീവിതം മുന്നോട്ട് തന്നെ നയിക്കണമെന്നാണു നരിക്കുനിക്കാരുടെ അസീസ് 'ഇക്കായി 'ക്ക് പ്രവാസികളോട് പറയാനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com