യുഎഇയിൽ 3579 പുതിയ കോവിഡ് രോഗികൾ; 9 മരണം, 4166 പേർക്ക് രോഗമുക്തി
Mail This Article
അബുദാബി ∙ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുമ്പോഴും യുഎഇയിൽ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിലേറെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3579 കേസുകളും 9 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 792 ആയി. ആകെ രോഗികളുടെ എണ്ണം 2,77,955 ആയതായും 4166 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ ആകെ എണ്ണം: 2,51,484. ചികിത്സയിൽ കഴിയുന്നവർ: 25,679.
കോവിഡ് പരിശോധന 24.5 ദശലക്ഷം
യുഎഇയിൽ ഇന്ന് 1,79,117 പേർക്ക് കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 24.5 ദശലക്ഷം ആയതായി അധികൃതർ പറഞ്ഞു. അതേസമയം, രാജ്യത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. വിനോദപരിപാടികൾ വിലക്കുകയും പരിശോധനകള്‍ ഉൗർജിതമാക്കുകയും ചെയ്തു. പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.