ADVERTISEMENT

ദുബായ് ∙ മാറ്റങ്ങൾക്കൊപ്പം മുന്നേറാൻ പൂർണസജ്ജമായതോടെ യുഎഇയിൽ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലടക്കം ഹൈടെക് പുതുയുഗപ്പിറവി. പുതിയ സാങ്കേതിക വിദ്യകൾക്കും സാധ്യതകൾക്കും യോജിച്ചവിധമുള്ള മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിനാണു തുടക്കമാകുന്നത്. നിർമിതബുദ്ധി, റോബട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സ്കൂൾ മുതൽ സർവകലാശാലാ തലം വരെ പുതിയ പാഠ്യപദ്ധതികൾ വ്യാപകമാക്കും. പരമ്പരാഗത പഠന-തൊഴിൽ സങ്കൽപങ്ങളിൽ നിന്നുള്ള വിപ്ലവകരമായ മുന്നേറ്റത്തിനാണു തുടക്കമാകുന്നതെന്നു വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി.

കടലാഴങ്ങൾ മുതൽ ബഹിരാകാശം വരെയുള്ള സാധ്യതകളിലേക്കാണ് ചുവടുവയ്പ്. േകാവിഡ് സാഹചര്യത്തിൽ ക്യാംപസുകൾ അടച്ചിടേണ്ടി വന്നതോടെ ഓൺലൈൻ ക്ലാസുകളും പരീക്ഷകളും വ്യാപകമായി. നിലവാരത്തെ ബാധിക്കാത്ത വിധം ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം കൂടുതൽ വിപുലമാക്കും.

സ്മാർട് ഭാവിക്കാവശ്യമായ അറിവുകൾ സ്വായത്തമാക്കാനുള്ള വിദ്യാഭ്യാസ പദ്ധതികൾക്ക് സ്വീകാര്യത കൂടിവരുകയാണെന്ന് ദുബായ് ഇന്റർനാഷനൽ അക്കാദമിക് സിറ്റി-ദുബായ് നോളജ് പാർക്ക് എംഡി: മുഹമ്മദ് അബ്ദുല്ല പറഞ്ഞു. 

ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകൾ പ്രവർത്തിക്കുന്ന യുഎഇയിലെ പുതിയ വിദ്യാഭ്യാസ അവസരങ്ങൾ വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളെ ആകർഷിക്കുന്നു. നിർമിതബുദ്ധി, സൈബർ സെക്യൂരിറ്റി, ഗെയിമിങ് ആൻഡ് റോബട്ടിക്സ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയിൽ കൂടുതൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കും.

ഗൾഫിൽ തൊഴിൽ മേഖല മാറുന്നു

കോവിഡ് സാഹചര്യത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിലടക്കം സഹകരണം ശക്തമാക്കാനാണ് ജിസിസി വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രിമാരുടെ തീരുമാനം. യുവജനങ്ങൾക്കു കൂടുതൽ അവസരങ്ങളൊരുക്കുക, പുതിയ സംരംഭകരെ ആകർഷിക്കുക, നിക്ഷേപാനുകൂല സാഹചര്യമൊരുക്കുക, സംയുക്ത ഗവേഷണപരിപാടികൾ ആരംഭിക്കുക എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.

മുഖംതിരിച്ചാൽ തിരിച്ചടി

േകാവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ തൊഴിൽ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുന്നതെന്ന് വൊളോങ്കോങ് സർവകലാശാല സിഇഒ: ആൻഡി ഫിലിപ് പറഞ്ഞു.  പരമ്പരാഗത തൊഴിൽ രീതികൾ ഹൈബ്രിഡ് തൊഴിലുകൾക്കു വഴിമാറി. പുതിയ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണമെങ്കിൽ വൈജ്ഞാനിക മികവുകൾ വർധിപ്പിക്കണം. 

ഏതു തൊഴിലിനും യോഗ്യതയും ശാസ്ത്രീയ പരിശീലനവും നിർബന്ധമായി. പാഠ്യപദ്ധതി, പരിശീലനം എന്നിവ മാറുമ്പോൾ അധ്യാപകരടക്കം സജ്ജമാകണം. മറിച്ചായാൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നിലനിൽപില്ലെന്നും ചൂണ്ടിക്കാട്ടി.

പിന്നിലാകരുത്, ആത്മവിശ്വാസം

കോവിഡാനന്തര കാലഘട്ടത്തിൽ പുതിയ വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും വിദ്യാർഥികളിൽ ആത്മവിശ്വാസം കൂട്ടുന്ന പഠന രീതികൾ വികസിപ്പിക്കുകയും വേണമെന്നു മിഡിൽസക്സ് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.സെഡ് വിൻ ഫെർണാണ്ടസ്.

ഓൺലൈൻ പഠനം വ്യാപകമാണെങ്കിലും ക്ലാസ് മുറികളിലെ വിദ്യാഭ്യാസത്തെ അപേക്ഷിച്ച് പല പരിമിതികളുമുണ്ട്.

 

 അധ്യാപകരും സഹപാഠികളുമായി നേരിട്ടുള്ള ഇടപെടൽ ഇല്ലാത്തതിനാൽ ഒറ്റപ്പെടുന്നുവെന്ന തോന്നൽ കുട്ടികളിൽ ഉണ്ടാകാം. പിരിമുറക്കം കൂടുകയും വിഷാദരോഗത്തിനു കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ വിദ്യാഭ്യാസത്തിനു തടസ്സം നേരിടാതിരിക്കാൻ യുഎഇയിൽ സാറ്റലൈറ്റ് ഓപ്പറേഷൻസ് സെന്റർ തുടങ്ങിയിട്ടുണ്ട്. ഇന്റർനെറ്റ് ശൃംഖലയുടെ ഏകോപനം, വേഗം, കാര്യക്ഷമത തുടങ്ങിയവയ്ക്കുള്ള ഉപഗ്രഹ നിയന്ത്രിത കേന്ദ്രമാണിത്.

മാറ്റങ്ങൾ എങ്ങനെ

* റോബട്ടിക്സ്, നിർമിത ബുദ്ധി ലാബുകൾ ഉൾപ്പെടെയുള്ള ഹൈടെക് സംവിധാനങ്ങളോടെ കൂടുതൽ ന്യൂജെൻ സ്കൂളുകൾ. 150 കോടി ദിർഹത്തിന്റെ ആദ്യഘട്ട പദ്ധതി പുരോഗമിക്കുന്നു.

* കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആദ്യ 6 വർഷങ്ങൾ വളരെ പ്രധാനപ്പെട്ടതിനാൽ നഴ്സറികളിലടക്കം സമഗ്രമാറ്റം. ഉന്നതവിദ്യാഭ്യാസ രംഗം അടിമുടി പൊളിച്ചെഴുതും.

* റോബട്ടിക്സ്, നിർമിതബുദ്ധി ലാബുകൾ ഉൾപ്പെടെയുള്ള ഹൈടെക് സംവിധാനങ്ങളോടെ ന്യൂജെൻ സ്കൂളുകൾ.

* വിദ്യാർഥികൾക്കു പഠനത്തോടൊപ്പം താൽപര്യമുള്ള തൊഴിലിലും പരിശീലനം നൽകും. പഠനം പൂർത്തിയാകുമ്പോൾ തൊഴിലിൽ വൈദഗ്ധ്യം നേടാനാകും. ഇതിനായി എമിറേറ്റ്സ് യൂത്ത് പ്രഫഷനൽ സ്കൂൾ തുടങ്ങി.

* നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളിലേക്ക് പൂർണമായും മാറുന്നതോടെ ഭാവിയിൽ 20 ലക്ഷം തൊഴിലുകൾ ഇല്ലാതാകുമെന്നാണു വിലയിരുത്തൽ. 

അതേസമയം തൊഴിൽ ലഭ്യത കുറയില്ലെന്നും നിലവിലുള്ള തൊഴിലുകളുടെ സ്വഭാവം മാറുകയാണു ചെയ്യുകയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ഭാവിയിലെ ക്ലാസ് ഇപ്പോൾ തന്നെ 

അബുദാബി∙ ഭാവിയിലെ ക്ലാസ്സ് മുറിയിലേക്കു ഇപ്പോൾതന്നെ വാതിൽ തുറന്ന് അൽഐനിലെ യുഎഇ യൂണിവേഴ്സിറ്റി. നിർമിത ബുദ്ധിയിലധിഷ്ഠിതമായ ഫ്യൂച്ചർ ക്ലാസ് സജ്ജമാക്കുന്ന യുഎഇയിലെ ആദ്യ സർവകലാശാലയാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റു നൂതന സാങ്കേതിക സംവിധാനങ്ങളുടെയും പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തി സിസ്കൊ ഇന്റർനാഷനലിന്റെ സഹകരണത്തോടെയാണ് ഫ്യൂച്ചർ ക്ലാസ് സജ്ജമാക്കിയിരിക്കുന്നത്.  

ഫ്യൂച്ചർ ക്ലാസ്സിലെത്തുന്ന ഓരോ കുട്ടിയുടെയും മനസ്സറിഞ്ഞ് നിർമിത ബുദ്ധി ആശയവിനിമയം നടത്തും. സാന്നിധ്യം തിരിച്ചറിഞ്ഞ് ഹാജർ രേഖപ്പെടുത്തും.  പഠിക്കുന്ന വിഷയത്തിൽ കുട്ടികളുടെ അവഗാഹവും പോരായ്മയും  മനസ്സിലാക്കി അതതു അധ്യാപകരുടെ ശ്രദ്ധയിൽപെടുത്തും. റോബട് അധ്യാപകരും ക്ലാസ് എടുക്കാനുണ്ടാകും. പഠിപ്പിച്ച പാഠഭാഗങ്ങളുടെ വിശദാംശങ്ങളും ബന്ധപ്പെട്ട മറ്റു വിവരങ്ങളും അധ്യാപകരിൽനിന്നു സമാഹരിച്ച് വിദ്യാർഥികൾക്ക് എത്തിച്ചുകൊടുക്കും.

വെർച്വൽ അസിസ്റ്റന്റായും പ്രവർത്തിക്കും. വിവിധ മേഖലകളിലുള്ള വിദ്യാർഥികളെയും അധ്യാപകരെയും ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ചർച്ചയ്ക്കു നേതൃത്വം നൽകും. ചാൻസിലർകൂടിയായ സഹമന്ത്രി സാക്കി അൻവർ നുസൈബ ഭാവിയിലെ ക്ലാസ് ഇന്നലെ ഉദ്ഘാടനം ചെയ്തു. ഭാവി തലുറയ്ക്കു മികച്ച ഭാവി രൂപപ്പെടുത്താൻ ആവശ്യമായ സൗകര്യം ഒരുക്കുകയാണ് ഫ്യൂച്ചർ ക്ലാസ്സിലൂടെ  ലക്ഷ്യമാക്കുന്നതെന്നു മന്ത്രി പറഞ്ഞു.  ജനങ്ങളാണ് രാജ്യത്തിന്റെ ഭാവിതീർക്കുന്നതെന്നു വിശ്വസിക്കുന്ന യുഎഇ അതിനു ആനുപാതികമായ സൗകര്യമൊരുക്കി പുതുതലമുറയെ വാർത്തെടുക്കുകയാണെന്നും പറഞ്ഞു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയിലും നിർമിത ബുദ്ധി ഉപയോഗപ്പെടുത്തും. യുഎഇയുടെ ശതാബ്ദി വർഷത്തിനു മുന്നോടിയായി അടുത്ത 50 വർഷത്തേക്കുള്ള പദ്ധതിയിൽ  പ്രധാനപ്പെട്ട നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായാണിത്. സമസ്ത മേഖലകളിലും സ്മാർട് സംവിധാനമൊരുക്കി വിദ്യാർഥികളെ ഭാവിക്കു അനുയോജ്യമാകുന്ന വിധം വാർത്തെടുക്കും.

പരമ്പരാഗത പാഠ്യരീതി പുതിയ വിദ്യാർഥികളെ തൃപ്തിപ്പെടുത്തില്ലെന്നു മനസ്സിലാക്കിയാണ് കാലോചിതമായ മാറ്റം കൊണ്ടുവരുന്നത്. ഇതു പുതുതലമുറയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com