ADVERTISEMENT

ദോഹ∙ സെൻട്രൽ ദോഹയുടെ രൂപസൗന്ദര്യത്തിന് മാറ്റുകൂട്ടി സൗന്ദര്യവൽക്കരണ ജോലികൾ അതിവേഗ പാതയിൽ തന്നെ. പൊതുമരാമത്ത് അതോറിറ്റിയുടെ റോഡുകളും പൊതുഇടങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിനുള്ള മേൽനോട്ട കമ്മിറ്റിയാണ്  സെൻട്രൽ ദോഹയുടെ മോടി കൂട്ടുന്നത്. സെൻട്രൽ ദോഹ വികസന-സൗന്ദര്യവൽക്കരണ പദ്ധതികളുടെ പാക്കേജ് രണ്ടും മൂന്നുമാണ് പുരോഗമിക്കുന്നത്.

രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും  പ്രതിഫലിപ്പിക്കുന്നതിനൊപ്പം പ്രകൃതിഭംഗിയും എടുത്തുകാട്ടിയുള്ള പരിസ്ഥിതി സൗഹൃദവും ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള സൗന്ദര്യവൽക്കരണമാണ് നടക്കുന്നത്. ഈന്തപ്പനയോലയുടെയും ഓലത്തണ്ടിന്റെയും ഡിസൈനുകളിലുള്ള അലങ്കരിച്ച 1,160 വൈദ്യുത വിളക്കു തൂണുകൾ സെൻട്രൽ ദോഹയിൽ സ്ഥാപിക്കും.

സെൻട്രൽ ദോഹയിൽ ഗ്രാൻഡ് ഹമദ്, ജാബർ ബിൻ മുഹമ്മദ്, മ്യൂസിയം സ്ട്രീറ്റുകളിലും എ-റിങ് റോഡിലും ദോഹ കോർണിഷിനോടു ചേർന്നുള്ള സ്ട്രീറ്റുകളിലും പനയോലകളുടെ ഡിസൈനിലുള്ള 1,160 വിളക്കുതൂണുകൾ സ്ഥാപിക്കാൻ കഴിഞ്ഞ മാസമാണ് അഷ്ഗാൽ പ്രാദേശിക കമ്പനികളുമായി കരാറായി.

ഹരിത ഇടങ്ങൾ ഏറെ

പാക്കേജിന്റെ രണ്ടിന്റെ ഭാഗമായി ഖത്തർ ദേശീയ മ്യൂസിയത്തിനും ചുറ്റുമുള്ള പ്രദേശങ്ങളും മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിന് എതിർവശമുള്ള സഥലങ്ങളും വികസിപ്പിക്കും. ഇവിടങ്ങളിലെ പ്രധാന സട്രീറ്റുകളുടെ വികസനവും സൗന്ദര്യവൽക്കരണവും കൂടാതെ അടിസ്ഥാന സൗകര്യ വികസനങ്ങളും പുരോഗമിക്കുന്നു. 10,000 ചതുരശ്രമീറ്റർ സ്ഥലം തീർത്തും ഹരിതഇടങ്ങളാണ്. 1,400 മരങ്ങൾ ഇവിടങ്ങളിൽ നടും. 22.6 കിലോമീറ്റർ കാൽനട, സൈക്കിൾ പാതകളും നിർമിക്കും.

ഗ്രാൻഡ് ഹമദ് സ്ട്രീറ്റിന് ചുറ്റുമുള്ള തെരുവുകളും അയൽപ്രദേശങ്ങളുമാണ് പാക്കേജ് മൂന്നിന്റെ ഭാഗമായി  സൗന്ദര്യവൽക്കരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പുരോഗതിയിലാണ്. എല്ലാ പ്രധാന സ്ട്രീറ്റുകളിലും ഗ്രാനൈറ്റ് പാകി മനോഹരമാക്കുന്നതാണ് പാക്കേജ് മൂന്നിന്റെ പ്രത്യേകത. ആഘോഷങ്ങളും മറ്റും നടക്കുമ്പോൾ കാൽനടയാത്ര മാത്രം അനുവദിക്കുന്ന തരത്തിൽ എല്ലാ പ്രധാന വാഹന പാതകളും അടച്ചിടാൻ കഴിയത്തക്ക വിധത്തിലാണ് നിർമാണം.

അഞ്ഞൂറിലധികം അലങ്കരിച്ച വൈദ്യുത വിളക്കു തൂണുകൾ ഇവിടങ്ങളിൽ സ്ഥാപിക്കും. 30,000 ചതുരശ്രമീറ്ററിലാണ് പച്ചപ്പ് നിറയ്ക്കുന്നത്. 3,250 ഓളം മരങ്ങളാണ് നടുന്നത്. കാൽനട, സൈക്കിൾ യാത്രക്കാർക്കായി 35.3 കിലോമീറ്റർ പാതയാണ് നിർമിക്കുന്നതും.  അടുത്ത വർഷം ആദ്യ പാദത്തിൽ രണ്ടു പാക്കേജുകളും  പൂർത്തിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com