ADVERTISEMENT

ദുബായ്∙ ഇന്ത്യയിലേക്കു പോകുന്നവർ നിർബന്ധമായും 72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതോടെ നാട്ടിലേക്കു യാത്ര റദ്ദാക്കിയവർ ധാരാളം. യാത്രക്കാർ ഇറങ്ങുന്ന വിമാനത്താവളങ്ങളിലും പിസിആർ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ വ്യവസ്ഥയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം. കോവിഡ് ചട്ടങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകളാണ് സ്വീകരിക്കേണ്ടത്.

എന്നാൽ ഇതുവരെ ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞദിവസം നോർക്ക അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും തമ്മിൽ ചർച്ച നടന്നെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. മരണം പോലുള്ള അത്യാവശ്യവുമായി പോകുന്നവരെ പരിശോധനാ ഫലം ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എയർസുവിധ ആപ്പിൽ വിവരം അപ് ലോഡ് ചെയ്യണം. അതിനു ശേഷം അനുമതി ലഭിച്ചെങ്കിൽ മാത്രമേ യാത്ര ചെയ്യാനാകൂ.

ഇങ്ങനെ അനിശ്ചിതത്വവും പണച്ചെലവും കാരണം അത്യാവശ്യമില്ലാത്തവരെല്ലാം യാത്ര റദ്ദാക്കുകയാണ്. യുഎഇയിൽ കോവിഡ് പിസിആർ പരിശോധനയ്ക്ക് 150 ദിർഹമാണ് ഇൗടാക്കുന്നത് (ഉമ്മുൽഖുവൈൻ വീസക്കാർക്ക് അൽ സലാമ ഹെൽത്ത് സെന്ററിൽ സൗജന്യ പരിശോധന ആരംഭിച്ചിട്ടുണ്ട്). ഒരു കുടുംബം ഒന്നിച്ചു പോകുമ്പോൾ ശരാശരി 600 ദിർഹം ചെലവ്. ഇവർ നാട്ടിൽ ചെല്ലുമ്പോൾ അവിടെയും സ്വന്തം ചെലവിൽ പിസിആർ നടത്തണം. അതിന് ഒരാൾക്ക് 1500 രൂപ വച്ച് ആറായിരം രൂപ ചെലവാകും. ഇതിനു പുറമേ ആർക്കെങ്കിലും കോവിഡ് ആണെന്ന് കണ്ടെത്തിയാൽ എല്ലാവരും യാത്ര റദ്ദാക്കേണ്ട സാഹചര്യമാണ്.

ഇതുമൂലം നല്ലൊരു ശതമാനം ആളുകളും യാത്ര വേണ്ടെന്നു വയ്ക്കുകയാണെന്ന് ദുബായിലെ അൽ സോറ ട്രാവൽ ആൻഡ് ടൂർസിലെ ജനറൽ മനേജർ ജോയ് തോമസ് പറയുന്നു. “അനിശ്ചിതത്വം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ട്രാവൽ മേഖലയെയാണ്. ധാരാളം പേർ ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. പോകാനിരുന്ന പലരും ഇനി വ്യക്തമായ അറിയിപ്പ് ഉണ്ടായിട്ട് മാത്രം യാത്ര ചെയ്യാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ 14 ദിനം ക്വാറന്റീനാണ് പറഞ്ഞിരിക്കുന്നത്. അവിടേക്കുള്ള ടിക്കറ്റുകളും പലരും റദ്ദാക്കിയിട്ടുണ്ട്"”- ജോയ് തോമസ് ചൂണ്ടിക്കാട്ടി. രണ്ടു തവണ വാക്സിനേഷൻ എടുത്ത് ഡോസ് പൂർത്തിയാക്കി നാട്ടിലേക്ക് പോകുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിനും സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല.

കോവിഡ് രോഗികൾ വർധിക്കുന്നതും ജനിതക മാറ്റം സംഭവിച്ച വൈറസുകൾ കണ്ടെത്തിയ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവകുപ്പ് അധികൃതർ ശക്തമായ നടപടികൾ വേണമെന്ന് ആവശ്യപ്പെടുന്നത്. ഇന്ത്യൻ വ്യോമയാന–ആരോഗ്യ,കുടുംബക്ഷേമ വകുപ്പുകൾ പ്രഖ്യാപിച്ച പുതിയ കോവിഡ് ചട്ടപ്രകാരം യൂറോപ്പ്, മധ്യപൂർവദേശം എന്നിവിടങ്ങളിൽ നിന്നുള്ള നേരിട്ടോ, യുഎഇ വഴിയോ ഉള്ള എല്ലാ പ്രായത്തിലുള്ള കുട്ടികളടക്കം എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന ബാധകമാണ്. കൂടാതെ, സത്യവാങ്മൂലവും ഹാജരാക്കണം. ഇവയില്ലാതെ യാത്ര ചെയ്യാൻ എത്തുന്നവരെ വിമാനത്താവളങ്ങളിൽ തടയും. വീടുകളിൽ 14 ദിവസം ക്വാറന്റീനിലിരിക്കുന്നവരുടെ ആരോഗ്യസ്ഥിതി അധികൃതർ നിരീക്ഷണ വിധേയമാക്കും.

അറിഞ്ഞിരിക്കേണ്ടവ

1. എയർ സുവിധാ സെൽഫ് ഡിക്ലറേഷൻ ഫോറം www.newdelhiairport.in എന്ന സൈറ്റ് സന്ദർശിച്ച് പൂരിപ്പിച്ച് യാത്രയ്ക്ക് മുൻപ് ഒാണ്‍ലൈനായാണ് സമർപ്പിക്കേണ്ടത്. 

2. എയര്‍ സുവിധ ഫോറം പൂരിപ്പിച്ച യാത്രക്കാരെ മാത്രമേ വിമാനത്തിൽ കയറ്റാവൂ എന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

3. കോവിഡ് പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം ഇല്ലാതെ എത്തുന്നവരെ തുടർ യാത്ര അനുവദിക്കണമെങ്കിൽ അവർ കുടുംബത്തിലെ അംഗം മരിച്ചതുകൊണ്ട് പോകുന്നവരായിരിക്കണം. ഇൗ പരിഗണനയ്ക്കായി യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് എയർസുവിധ പോർട്ടൽ (www.newdelhiairport.in) വഴി അപേക്ഷിക്കണം. ഇതുസംബന്ധമായ അന്തിമ തീരുമാനം ഗവൺമെന്‍റിന്റേതായിരിക്കും.

4. പ്രകടമായ ആരോഗ്യപ്രശ്നങ്ങളില്ലാത്ത യാത്രക്കാരെ തെർമൽ സ്ക്രീനിങ്ങിന് ശേഷം മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം.

5. യുകെ, യൂറോപ്പ്, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വ്യത്യസ്ത മാനദണ്ഡങ്ങളായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com