ADVERTISEMENT

ദുബായ്∙ കോവിഡ് കാലത്തെ പൂട്ടിയിടലുകൾക്കു ശേഷം ലോകം ഒത്തു കൂടുന്ന വലിയ മേള എന്ന നിലയിൽ ഗൾഫൂഡ് ശ്രദ്ധേയമാകുന്നു. 85 രാജ്യങ്ങളിൽ നിന്ന് 2500 കമ്പനികൾ ലോക ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്ഷണ ശീലങ്ങൾക്കും വിതരണ രീതികൾക്കുമെല്ലാം വന്ന മാറ്റങ്ങൾ മേളയിലും പ്രതിഫലിക്കുന്നു.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരസാധനങ്ങൾക്കു ആവശ്യം വർധിച്ചതിനു പുറമേ ഫ്രഷ് സാധനങ്ങൾക്കും ഉന്നത നിലവാരത്തിലുള്ള സാധനങ്ങൾക്കും ആവശ്യക്കാർ ഏറുകയാണെന്ന് ഈ മേഖലയിലുള്ളവർ മേളയോടനുബന്ധിച്ചു നടക്കുന്ന സെമിനാറുകളിലും വ്യക്തമാക്കുന്നു. ഇതിനു പുറമേ ഓൺലൈൻ വ്യാപാരത്തിന്റെ തോതും ഭക്ഷ്യമേഖലയിലും വർധിച്ചു. യുഎഇയിലെ 73% ആളുകളും ഓൺലൈൻ വ്യാപാരത്തോടുള്ള തങ്ങളുടെ വിശ്വാസം വർധിച്ചതായാണ് സർവേയിൽ വെളിപ്പെടുത്തിയതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

ഗ്രോസറി വ്യാപാരത്തിലും കഴിഞ്ഞവർഷം മൂന്നാം പാദത്തിൽ 300 ശതമാനമാണ് വർധനയുണ്ടായത്. സൗദിയിൽ ഇത് 500 ശതമാനമാണ്. ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ വളർച്ചയിലും ഇത് പ്രതിഫലിക്കുന്നുണ്ടെന്നു വിദഗ്ധർ വ്യക്തമാക്കി. വേൾഡ് ഇക്കണോമിക് ഫോറവും യുഎഇയിലെ ഇ-കോമേഴ്സ് മാർക്കറ്റ് 2720 കോടി ഡോളറിന്റേതാണെന്ന് വിലയിരുത്തിയിട്ടുണ്ട്. അത്ര ശക്തമായ സാധ്യതയിലേക്ക് ഇനിയും ധാരാളം കമ്പനികളെത്തുമെന്നു പ്രതീക്ഷയും സെമിനാറിൽ ഉയർന്നു. ഇന്ത്യയിൽ നിന്നു മേളയ്ക്ക് ശക്തമായ പ്രാതിനിധ്യം ഉണ്ട്.

കേരളം, ആന്ധ്ര, മധ്യപ്രദേശ്, അരുണാചൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാമുള്ള വൻകമ്പനികൾ എത്തിയിട്ടുണ്ട്. ലുലു, ഈസ്റ്റേൺ, ആർകെജി, അബെവിയ ന്യൂടിഡോർ, ഇഫ്കോ തുടങ്ങിയ ബ്രാൻഡുകളുടെ സ്റ്റാളുകളും മേളയിലുണ്ട്. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ സെമിനാറും സംഘടിപ്പിച്ചിരുന്നു. ആന്ധ്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സാധ്യതകളെക്കുറിച്ച് അവിടെ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി ഇന്നലെ അരുണാചൽ പ്രദേശിന്റെ സ്റ്റാളുകളും സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com