അബുദാബി∙ കോടികളുടെ ആയുധ കരാറിൽ ഒപ്പിട്ട് രാജ്യാന്തര കമ്പനികൾ. അബുദാബിയിൽ നടന്നുവരുന്ന രാജ്യാന്തര പ്രതിരോധ, നാവിക (ഐഡെക്സ്, നേവഡെക്സ്) പ്രദർശനത്തിന്റെ രണ്ടാം ദിനത്തിൽ 729 കോടി ദിർഹത്തിന്റെ 11 കരാറുകളാണ് ഒപ്പുവച്ചത്.
ഇതിൽ ഒൻപതും (698 കോടി ദിർഹം) രാജ്യാന്തര കമ്പനികളുടേതായിരുന്നുവെന്ന് ഐഡെക്സ്, നേവഡെക്സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഹസ്സാനി പറഞ്ഞു.ഇന്റർനാഷനൽ ഗോൾഡൻ ഗ്രൂപ്പ് (28.5 കോടി ദിർഹം), അഹ്മദ് അൽ മസ്റൂഇ മെറ്റൽ ഇൻഡസ്ട്രീസ് (2.5 കോടി ദിർഹം) എന്നിവയാണ് കരാർ ഒപ്പുവച്ച പ്രാദേശിക കമ്പനികൾ.
എഡ്ജ് ഗ്രൂപ്പ് സ്വയം പ്രവർത്തിക്കുന്ന സ്മാർട് ആയുധങ്ങളാണ് പ്രദർശനത്തിൽ പരിചയപ്പെടുത്തിയത്.പ്രദർശനം കാണാൻ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എത്തിയിരുന്നു.