ADVERTISEMENT

അബുദാബി/ദുബായ്∙ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ കോവിഡ് നിബന്ധനക്കെതിരെ പ്രവാസികളുടെ പ്രതിഷേധം ഇരമ്പുന്നു. ആരോഗ്യ സുരക്ഷാ പരിശോധനയ്ക്ക് എതിരല്ലെന്നും പ്രവാസികളെ വീണ്ടും പിഴിയുന്നതിനു പകരം കോടികൾ കെട്ടിക്കിടക്കുന്ന പ്രവാസി വെൽഫെയർ ഫണ്ട് ഇതിനായി വിനിയോഗിക്കണമെന്നും വിവിധ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. നാടിന്റെ നട്ടെല്ലായ പ്രവാസികളെ സഹായിക്കുന്നതിനുപകരം കൊല്ലാകൊല ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ബെംഗളൂരുവിൽ 500; കൊച്ചിയിൽ 1700

അബുദാബി ∙ മറ്റു സംസ്ഥാനങ്ങളിലെ എയർപോട്ടിൽ 500 രൂപയ്ക്കു വരെ കോവിഡ് പരിശോധന നടത്തുമ്പോൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈടാക്കുന്നത് മൂന്നിരട്ടിയിലേറെ (1700 രൂപ) തുക. പ്രവാസി മലയാളികളെ കറവപ്പശുക്കളാക്കുന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണിത്. 

നാലംഗ കുടുംബത്തിനു കേരളത്തിൽ പോയി തിരിച്ചുവരണമെങ്കിൽ പിസിആർ ടെസ്റ്റ് ഇനത്തിൽ മാത്രം 20,000 രൂപ ചെലവു വരും. യാത്രയ്ക്ക് മുൻപും വിമാനത്താവളത്തിൽ എത്തിയാലും 7 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞാലും തിരിച്ചു വരുന്നതിനു മുൻപും പിസിആർ എടുക്കണം. വിദേശ രാജ്യങ്ങളിൽ 12 വയസ്സിനു താഴെയുള്ളവർക്ക് പിസിആർ വേണ്ടെങ്കിൽ ഇന്ത്യയിലേക്കു വരുന്ന നവജാത ശിശുവിനു വരെ പിസിആർ ടെസ്റ്റ് നിർബന്ധം!

ബെംഗളൂരു, വിജയവാഡ, ജയ്പുർ എന്നിവിടങ്ങളിൽ സാധാരണ ആർടി പിസിആറിന് 500 രൂപ മതി. അഹമ്മദാബാദ്, ഡൽഹി 800, മുംബൈ 850, കൊൽക്കത്ത 950, ഹൈദരാബാദിൽ, 1000, ചെന്നൈയിൽ 1200 രൂപ എന്നിങ്ങനെയാണ് നിരക്ക്. കേരളത്തിലെത്തുമ്പോഴേക്കും നിരക്ക് ഉയരും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ 1700 രൂപയാണ് ഈടാക്കുന്നത്.

സ്വന്തം നാട്ടിൽ അന്യരാക്കുന്നു: ഇ.പി. ജോൺസൺ

യുഎഇയിലെത്തുന്നവർക്കെല്ലാം വിമാനത്താവളത്തിൽ സൗജന്യമായാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. ഫലം വരുന്നതുവരെ മാത്രം ക്വാറന്റീനിൽ ഇരുന്നാൽ മതി. എന്നാൽ ഇന്ത്യക്കാർ സ്വന്തം നാട്ടിൽ തിരിച്ചെത്തുമ്പോൾ അന്യരും അനഭിമതരുമാകുന്ന രീതി മാറണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ പറഞ്ഞു.  

നാലംഗ കുടുംബം നാട്ടിലെത്തണമെങ്കിൽ വിദേശത്തും നാട്ടിലുമായി കോവിഡ് പരിശോധനയ്ക്കുമാത്രം 20,000 രൂപയോളം നൽകണം. - ജോൺസൺ പറഞ്ഞു.  

കോവിഡിനെ വരുമാനമാർഗമാക്കി: പുത്തൂർ റഹ്മാൻ

കോവിഡിനെ ധനസമ്പാദനത്തിന് ഉപയോഗിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടി പ്രവാസികളെ കൊള്ളയടിക്കുന്നതിനു തുല്യമാണെന്നു യുഎഇ കെഎംസിസി നാഷനൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു. പ്രവാസികളോടുള്ള കൊടും ക്രൂരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.  പരിശോധനയുടെ പേരിൽ ഭീമമായ തുക ഈടാക്കുന്നത് അനീതിയാണ്.  ജോലി നഷ്ടപ്പെട്ടും മറ്റും തിരിച്ചെത്തുന്നവർക്കു താങ്ങാവുന്നതല്ല ഇത്. നടപടി പിൻവലിക്കുകയോ ടെസ്റ്റിനുള്ള തുക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തു നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

കൊള്ളയ്ക്ക് ന്യായീകരണമില്ല: കെ.കൃഷ്ണകുമാർ

കോവിഡ് വാക്സീൻ പ്രചാരത്തിലായതിനു ശേഷവും മഹാമാരി വർധിച്ചുവരുന്നത് ജാഗ്രത കൂടുതൽ വേണമെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ 72 മണിക്കൂറിനകം 2 കോവിഡ് പരിശോധനയും ക്വാറന്റീനു ശേഷമുള്ള മറ്റൊരു ടെസ്റ്റും മലയാളികൾക്കു സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്നു അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് കെ. കൃഷ്ണകുമാർ പറഞ്ഞു. സർക്കാരും ആരോഗ്യവകുപ്പും നിഷ്കർഷിക്കുന്ന നിയമം പ്രവാസികൾക്കു മാത്രമല്ല തദ്ദേശീയർക്കും ബാധകമാണെന്ന് സർക്കാർ ഉറപ്പുവരുത്തണം. കോവിഡ് പരിശോധനയുടെ പേരിൽ കൊള്ള നടത്തുന്നതു ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞു.

അധിക ബാധ്യത: സലീം ചിറക്കൽ

72 മണിക്കൂർ ദൈർഘ്യമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് വീണ്ടുമൊരു ടെസ്റ്റ് അധിക ബാധ്യതയും മാനസികമായി തളർത്തുന്നതുമാണ്. 

ടെസ്റ്റ് നിർബന്ധമാണെങ്കിൽ പ്രവാസി ഫണ്ടിൽനിന്ന് തുകയെടുത്ത് നിർവഹിക്കണമെന്നും അബുദാബി മലയാളി സമാജം ആക്ടിങ് പ്രസിഡന്റ് സലീം ചിറക്കൽ പറഞ്ഞു. 

നാട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന ഒട്ടേറെ പരിപാടികൾ കണ്ടില്ലെന്നു നടിക്കുന്ന സർക്കാർ പ്രവാസികളെ പിന്തുടരുന്നത് കടുത്ത മാനസിക പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും പറഞ്ഞു.

പ്രവാസികളോട് വിവേചനം:നിബു സാം ഫിലിപ്പ്

നാടിനും വീടിനും വേണ്ടി വർഷങ്ങളോളം വിദേശത്തു പണിയെടുത്ത് സർക്കാരിന്റെ നിബന്ധനകളെല്ലാം പാലിച്ചു  തിരിച്ചെത്തുന്ന പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഇൻകാസ് അബുദാബി ട്രഷറർ നിബു സാം ഫിലിപ്പ് പറഞ്ഞു.  ഇത് പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കാണുന്നതിനു തുല്യമാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന റാലികൾക്കും രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്കും ഒരു നിയന്ത്രണവുമില്ലാതെ കുറഞ്ഞ അവധിക്കുവരുന്ന പ്രവാസികളെ മാത്രം കൂട്ടിലടച്ചതുകൊണ്ട് എന്തു കാര്യമാണുള്ളതെന്നും ചോദിച്ചു.

ഈ ക്രൂരതയ്ക്ക് മാപ്പില്ല

കേരളത്തിൽ രാഷ്ട്രീയഭേദമന്യെ നടത്തുന്ന റാലികളിലും മറ്റും മാസ്കിടാതെയും അകലം പാലിക്കാതെയും ജനം തിങ്ങിക്കൂടിയിട്ടും നടപടിയെടുക്കാത്ത സർക്കാർ ഒരു മാസത്തെ അവധിക്കായി വരുന്ന പ്രവാസികളോടെ ചെയ്യുന്ന ക്രൂരതയ്ക്കു മാപ്പില്ലെന്നു പത്തനംതിട്ട സ്വദേശി ജെറിൻ ജേക്കബ്. ഉറ്റവർ മരിച്ചിട്ടു അന്ത്യകർമങ്ങൾക്കു എത്താൻ പറ്റാത്തവരുടെ ശാപം ഏതു ഗംഗയിൽ മുങ്ങിയാലും മോക്ഷം കിട്ടില്ലെന്നും പറഞ്ഞു.

ഹൈക്കോടതിയെ സമീപിക്കും: ലീഗൽ സെൽ

പുതിയ വ്യവസ്ഥകളെ ചോദ്യം ചെയ്ത് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ജോസ് ഏബ്രഹാം, യുഎഇ കൺട്രി ഹെഡ് ശ്രീധരൻ പ്രസാദ്, ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോ-ഓർഡിനേറ്റർ അമൽദേവ് എന്നിവർ അറിയിച്ചു. നിബന്ധനകൾ സാമ്പത്തിക ചൂഷണവും ഭരണഘടന ഉറപ്പുതരുന്ന തുല്യതാ ലംഘനവുമാണെന്ന് അവർ ആരോപിച്ചു.

ഇന്ത്യയിൽ കോവിഡ് നടപടികൾ ഏകീകരിക്കുന്ന കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് പരിശോധനാ ഫീസും ഏകീകരിക്കണമെന്ന് സുനിൽ തോമസ് റാന്നി ചൂണ്ടിക്കാട്ടി. എയർ സുവിധയിൽ റജിസ്റ്റർ ചെയ്യുമ്പോൾ ബാർ കോഡ് സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

കത്തയച്ച് ഐസിഎഫ് ഗൾഫ് കൗൺസിൽ

കേന്ദ്ര സർക്കാരിന്റെ പുതിയ യാത്രാ മാനദണ്ഡം ഒഴിവാക്കണമെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഗൾഫ് കൗൺസിൽ കേന്ദ്രസർക്കാറിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. 

ഈ നയം ഒഴിവാക്കണം: ഐഎംസിസി  ഷാർജ

നയം എത്രയും പെട്ടെന്ന്  ഒഴിവാക്കണമെന്ന് ഐഎംസിസി ഷാർജ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും ഇടപെടണമെന്ന് പ്രസിഡന്റ് താഹിർ അലി പൊറോപ്പാടും ജനറൽ സെക്രട്ടറി മനാഫ് കുന്നിലും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com