ADVERTISEMENT

കുവൈത്ത് സിറ്റി ∙ ലോകം പഴയകാലത്തെന്നപോലെ തിരിച്ചുവരും എന്ന പ്രതീക്ഷയോടെ കോവിഡ്19 മഹാമാരിക്കാലത്ത് കഴിയുന്നവരാണ് ആതുരസേവന രംഗത്തുള്ളവർ. ജീവനും മരണത്തിനും ഇടയിൽ പ്രതീക്ഷയുടെ നൂൽപാലത്തിലൂടെ സഞ്ചരിക്കുമ്പോൾ മറക്കാനാകാത്ത നന്മയുടെ മുഖങ്ങളാണ് അവരെന്നും.   അടുത്തകാലത്ത് ബെന്യാമിൻ എഴുതിയ നോവൽ 'നിശബ്ദസഞ്ചാരങ്ങൾ' പറയുന്നത് നഴ്സുമാരുടെ കഥയാണ്. നോവൽ സമർപ്പിച്ചതും നഴ്സുമാർക്കാണ്. നിസ്തുലമായ സേവനപാതയിൽ അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഏത് മാപിനികൾ കൊണ്ട് അളന്ന് രേഖപ്പെടുത്തും!. സ്വജീവിതം മറ്റുള്ളവർക്കായി സമർപ്പിക്കുന്ന അവരുടെ മനസ്സ് എന്താണ് പറയുന്നത്? പത്തുവർഷമായി കുവൈത്തിൽ നഴ്‌സായി ജോലിചെയ്യുന്ന കൊല്ലം പത്തനാപുരം സ്വദേശിനി ജീന ഷൈജു തന്റെ അനുഭവങ്ങൾ മനോരമ ഒാണ്‍ലൈൻ വായനക്കാരുമായി പങ്കിടുന്നു:

''പോയ ദിവസങ്ങളിൽ ഒന്നിൽ ഏതാണ്ട് വെളുപ്പാന്‍ കാലത്ത് കാഷ്വാലിറ്റിയിൽ ഒരാളെ കൊണ്ടുവന്നു. മുപ്പത്തിയെട്ട് വയസോളം തോന്നിക്കുന്ന തമിഴ്‌നാട് സ്വദേശി. ചുറ്റും പരിഭ്രമമേറിയ അയാളുടെ സഹപ്രവർത്തകരുടെ കണ്ണുകൾ. ജീവനും മരണത്തിനും ഇടയിലുള്ള കയറ്റിറക്കങ്ങളിലൂടെ ഒരാൾ. സ്ട്രച്ചറിൽ നിന്നു കട്ടിലിലേയ്ക്ക് എടുത്തപ്പോൾ ദേഹത്ത് ചൂടുണ്ട്. ഞരമ്പുകൾ പതിഞ്ഞിരുന്നു. ചുണ്ടുകള്‍ക്ക് നീല നിറം. കൂടെ വന്നവരോട് കാര്യം ആരാഞ്ഞപ്പോൾ വെളുപ്പിന് ഏകദേശം മൂന്നായായപ്പോൾ താൻ ജോലിചെയ്യുന്ന കമ്പനിയുടെ ക്യാംരിസെ ഡബിൾ കട്ടിലിന്റെ മുകളിൽ നിന്നു ഒച്ചയും ബഹളവും കേൾക്കുന്നുണ്ടായിരുന്നുവെന്നും, ടോയ്‌ലെറ്റിനു അടുത്തേക്ക് നടന്നു പോകുന്ന വഴിയിൽ തൊണ്ടക്കുഴിയിൽ മുറുകെ പിടിച്ചു കൊണ്ട് കുഴഞ്ഞു വീഴുകയായിരുന്നുവെന്നും അറിഞ്ഞു. ആതുരസേവകരെ സംബന്ധിച്ചിടത്തോളം നിർണായക നിമിഷങ്ങൾ.  

ഒരു നിമിഷത്തെ താമസം ഒരു ജീവൻ എടുത്തേക്കാം. ഉടൻതന്നെ ഞങ്ങൾ സിപിആർ തുടങ്ങി. സ്‌ക്രീനിൽ വലിയ മാറ്റങ്ങൾ ഒന്നും തെളിയുന്നില്ല. കുറേ സൈക്കിൾ സിപിആർ കഴിഞ്ഞപ്പോൾ കഴുത്തിലെ ഞരമ്പുകൾ അതാ മിടിക്കുന്നു! ഹൃദയം രേഖകൾ വരച്ചുതുടങ്ങി; ജീവന്റെ ചിത്രങ്ങൾ. ജീവൻ തിരികെ വന്നു എന്ന സന്തോഷത്തിൽ നിൽക്കുമ്പോൾ വീണ്ടും സ്‌ക്രീനിൽ നേർരേഖ തെളിയുകയാണ്. എങ്കിലും പ്രതീക്ഷ ഞങ്ങൾ കൈവെടിഞ്ഞില്ല. കണ്ണുകൾ സ്ക്രീനിലേക്ക് ഉറ്റുനോക്കുന്നു. അയാളുടെ ഹൃദയമിടിപ്പ് കുറയുമ്പോൾ ഞങ്ങളുടേത് കൂടി. സമയം മുന്നോട്ട്... കുറെ തിരികെ വരവിനും പോകലിനുമൊടുവിൽ ഞങ്ങളിലെ അവസാന പ്രതീക്ഷയുടെ തിരിനാളത്തെയും നിത്യമായി കെടുത്തികൊണ്ട് ആ ശരീരം ചേതനയറ്റു. ജീവനില്ലാത്ത നേർരേഖമാത്രം ബാക്കി. 

പ്രാർഥനകൾക്കും ശ്രമങ്ങൾക്കും വിലകൽപ്പിക്കാത്ത കരാളവിധി. ഒരിക്കലും തിരിച്ചു വരാനാകാത്ത മരണത്തിന്റെ അഗാധഗർത്തത്തിലേയ്ക്ക് ഒരു മനുഷ്യജന്മം ഇതാ വഴുതി വീഴുന്നു. കൺമുന്നിൽ കാണുന്നത് മരണമല്ലാതെ മറ്റൊന്നുമല്ല. തന്റെ ജീവിത ഓട്ടം ഒരു മനുഷ്യൻ അകാലത്തിൽ പൂർത്തിയാക്കുന്നു.  സഫലമാകാത്ത എത്രയോ ആഗ്രഹങ്ങൾ ഈ ചേതനയറ്റ ഹൃദയകോണിൽ ഉണ്ടായിരുന്നിരിക്കണം? ആഗ്രഹങ്ങൾ നിലച്ചു പോയ മനസ്സ്. അവസാന വിധിയുടെ അടയാളമിട്ട് അയാൾ യാത്രയായി! ജീവിതം, അത് ഇത്രമാത്രം.

മരിച്ചയാളുടെ ഫോണിലേയ്ക്ക് മകൾ വിളിക്കുമ്പോൾ...

ഇതുപോലെ കൺമുന്നിൽ തുടിയ്ക്കുന്ന എത്രയെത്ര ജീവിതങ്ങൾ. മരിച്ചു കിടക്കുന്ന മനുഷ്യന്റെ മൊബൈൽ ഫോണിൽ മകളുടെ ഫോൺ കാൾ കാണേണ്ടി വരുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. ആരാണ് ആ ഫോൺ എടുക്കുക? സ്വന്തം പിതാവ് ഈ ലോകം വിട്ടുപോയി എന്ന് എങ്ങനെയാണ് ആ മകളോട് പറയുക? വിതുമ്പലുകൾ അല്ലാതെ ഉത്തരം കിട്ടാത്ത നിസാഹായാവസ്ഥ.  

jenna-kerala-nurse1

മണിക്കൂറുകൾ മുൻപ് വരെ തന്റെ മുന്നിൽ ഓടിച്ചാടി നടന്ന സ്വന്തം കുഞ്ഞിനെ മരിച്ചു കാണുന്ന അമ്മയെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക? അതുപോലെ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്തു നേടിയെടുത്ത തന്റെ പ്രിയപ്പെട്ടവളെ നഷ്ടമായവന്റെ വേദന ആർക്ക്, എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാകും?.  ഇതൊക്കെ കാണേണ്ടി വരുന്ന ഓരോ നഴ്സിന്റെയും മാനസികാവസ്ഥ വല്ലാത്ത ഒന്നാണ്. മനുഷ്യത്വം മരവിക്കാത്ത അടക്കിയ വിതുമ്പലുകൾ അവരുടെ ഉള്ളിലും കുറുകുന്നുണ്ട്. താൻ അനുഭവിക്കാത്ത ജീവിതങ്ങൾ പലപ്പോഴും നമുക്ക് കെട്ടുകഥകൾ മാത്രമാണെന്ന കഥാകാരന്റെ വാക്കുകൾ കൈയെത്തും ദൂരെ മാത്രം അനുഭവിക്കുന്ന അവസ്ഥ. 

ഒരിക്കൽ, മുന്നിൽ കണ്ട അഞ്ച് മക്കളുടെ അമ്മയുടെ മുഖം മറക്കാനാകില്ല. വീട്ടിനുള്ളിൽ തീപിടിച്ച് ലിഫ്റ്റിൽ കയറി ശ്വാസംമുട്ടി അവരുടെ രണ്ട് മക്കൾ മരിച്ചു. െഎസിയുവിൽ മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിൽ അവരുടെ ബാക്കി മൂന്നു മക്കൾ. എന്താണ് ചുറ്റും സംഭവിച്ചതെന്ന് അറിയാതെ പകച്ചു നിൽക്കുന്ന അടുത്ത ബന്ധുക്കൾ. ഇതൊന്നുമറിയാതെ രണ്ടു കിടക്കകള്‍ക്കപ്പുറം ആ മക്കളുടെ മാതാവ് - ദൈവമേ എത്ര ദാരുണമാണ് ഈ കാഴ്ച! ഹൃദയമുള്ളവർക്ക് കണ്ടു നിൽക്കാനാവാത്ത അവസ്ഥ. ആ കുഞ്ഞുങ്ങളുടെ ജീവനില്ലാത്ത ശരീരം പൊതിഞ്ഞു കെട്ടിയപ്പോൾ എന്റെ വിരലുകൾ വിറപൂണ്ടിരുന്നു. കൈകളിൽ നിന്നു ദേഹമാകമാനം മരവിപ്പ് അരിച്ചുകയറുന്നുണ്ടായിരുന്നു. തൊണ്ടക്കുഴിയിൽ അണകെട്ടി നിന്ന ഉമിനീർ  കവിൾതടങ്ങളിലൂടെ ഒഴുകി സ്വാതന്ത്ര്യം നേടുന്നത് ഞാനറിഞ്ഞു. കണ്ണിൽ നിറയുന്ന ഉപ്പുനീരിന് എത്ര കാഠിന്യം?!

ഒരു നഴ്സ് തളരുമ്പോൾ സംഭവിക്കുന്നത്

സ്വയം തളരാതെ നിൽക്കുകയും, മറ്റുള്ളവർക്ക് ആശ്വാസം പകർന്നു കൊടുക്കുകയും ചെയ്യുക എന്നത് ഒരു നഴ്‌സിനെ സംബന്ധിച്ച് ഏറെ പ്രയാസകരമായ ഒന്നാണ്. നമ്മൾ കൂടി തളർന്നാൽ..? ജീവന്റെ അടയാളങ്ങൾ നിങ്ങൾക്ക് ഞങ്ങളുടെ വിരൽത്തുമ്പുകളിൽ കാണാം. സാന്ത്വനത്തിന്റെ തലോടലുകൾ തൂവൽസ്‌പർശം പോലെ രോഗികൾക്ക് അറിയാം. ജീവിതത്തിന് ആധാരം കേവലം പണമോ പ്രതാപമോ ആഡംബരമോ ഒന്നുമല്ല എന്ന് ഓരോരുത്തരും അനുഭവിച്ചറിയുന്ന ഇടങ്ങളാണ് ഓരോ ആശുപത്രി മുറികളും. നീതിദേവതയുടെ കണ്ണുകൾ മൂടപ്പെട്ട ത്രാസ് പോലെ ഒന്നാണ് ആതുരാലയങ്ങൾ. ഇവിടെ രണ്ടേരണ്ട്‍ തട്ടുകൾ മാത്രം; ജീവിതം, പിന്നെ മരണം.

പണ്ട് തണ്ടും തടിയുമുള്ള ആൺമക്കൾ പട്ടാളത്തിൽ പോകുമ്പോൾ വീട്ടിലെ പെൺകുട്ടികളെ നഴ്സിങ്ങിന് വിട്ടിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഒരു പരിധിവരെ സാമ്പത്തിക ലാഭത്തിനായിരുന്നു ഈ മേഖല പലരും തിരഞ്ഞെടുത്തിരുന്നത്. എന്നാൽ കച്ചകെട്ടി, അരമുറുക്കി അങ്കത്തട്ടിൽ കയറുന്നത്തോടെ ഓരോ നഴ്സും മാലാഖയായി പുനർജനിക്കുകയാണ്. അവിടെ ധനസമ്പാദനം മാത്രമല്ല ലക്ഷ്യം. സമൂഹത്തിൽ ഏറെ പഴിയും നിന്ദയും കേൾക്കേണ്ടി വരുന്നവരും പലപ്പോഴും ഞങ്ങളാണ്. ചെറിയൊരു കൈയബദ്ധം... അതിന് ഒരു ന്യായീകരണവും ഇല്ല. അതുവരെ ചെയ്‌ത എല്ലാ നന്മകളും അതോടെ അവസാനിക്കുന്നു.

മാലാഖമാരും മനുഷ്യരാണ്!

രോഗത്തിനും ജീവനും മരണത്തിനും ഇടയയിൽ ശ്വാസനിശ്വാസങ്ങൾ ഉയരുന്ന ഈ വെള്ളവസ്ത്രധാരികൾക്കിടയിലും ഉള്ളത് അമ്മമാരുടെ മക്കളാണ്. ഭർത്താക്കന്മാരുടെ ഭാര്യമാരാണ്. വീട്ടിൽ കാത്തിരിക്കുന്ന കുഞ്ഞുമക്കളുടെ അമ്മമാരാണ്. അതേ, മാലാഖമാരും മനുഷ്യരാണ്-അതാണ് സത്യം. നിങ്ങൾക്ക് കുത്തേണ്ട സൂചിയുടെ കനം മുതൽ മരുന്നിന്റെ അളവ് വരെ അറിയുന്നവരാണ് ഓരോ നഴ്‌സും. അവരെ ബഹുമാനിക്കുക. സ്നേഹിക്കുക, അംഗീകരിക്കുക. നിങ്ങളുടെ ജീവൻ കരുതലോടെ കാത്തുപരിപാലിക്കുന്ന അവർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം അതുമാത്രമാണ്". 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com