ദുബായ് ∙ ബിഗ് സ്ക്രീനിലെ ദൃശ്യവിസ്മയങ്ങൾ ആസ്വദിക്കാൻ മലയാളികളടക്കം ഇന്ത്യക്കാർക്ക് ഇപ്പോഴും വിമുഖത. യുഎഇയിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും തിയറ്ററുകളിൽ സിനിമ കാണാൻ ഇന്ത്യക്കാർ എത്തുന്നത് അപൂർവമാണെന്ന് ഇന്ത്യൻ സിനിമകളുടെ ജിസിസിയിലെ വിതരണക്കാരായ ദുബായിലെ ഫാർസ് ഫിലിംസ് അധികൃതർ പറഞ്ഞു. നേരത്തെ, മലയാളം കൂടാതെ, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് സിനിമകൾ ആസ്വദിക്കാൻ ഇന്ത്യക്കാരായിരുന്നു ഗൾഫിലെ തിയറ്ററുകളിൽ ഏറ്റവുമധികം എത്തിയിരുന്നത്. വാരാന്ത്യങ്ങളിൽ കുടുംബസമേതം പ്രേക്ഷകരെത്തിയിരുന്നു. വാറ്റ് അടക്കം 36.75 ദിർഹമാണ് വോക്സ് സിനിമാ തിയറ്ററുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക്.
വിജയ് മാസ്സായി; മാസ്റ്റർ ആളെ കയറ്റി
ഏറെ കാലത്തിന് ശേഷം ഇളയദളപതി വിജയിന്റെ 'മാസ്റ്റർ' ആണ് തിയറ്ററുകളിൽ ആളനക്കമുണ്ടാക്കിയതെന്ന് യുഎഇ സിനിമയുടെ പിതാവെന്നറിയപ്പെടുന്ന ഫാർസ് ഫിലിംസ് ചെയർമാനുമായ ഇറാൻ സ്വദേശി അഹമദ് ഗുൽഷൻ മനോരമ ഒാൺലൈനിനോട് പറഞ്ഞു. ആറാഴ്ച പ്രദർശിപ്പിച്ച മാസ്റ്റർ ജിസിസിയിൽ ആകെ 2,40,000 പേർ തിയറ്ററുകളിൽ കണ്ടു. സൗദിയിൽ മാത്രം മലയാളികളടക്കം 20,000 പേർ ഇൗ ചിത്രം കാണാൻ തിയറ്ററുകളിലെത്തി. തുടർന്ന് ചിത്രം ഒടിടിയിൽ വന്നതോടെ കളക്ഷൻ കുറഞ്ഞു.

അതേസമയം, മലയാള ചിത്രങ്ങളിൽ പ്രജേഷ് സെൻ സംവിധാനം ചെയ്ത ജയസൂര്യ നായകനായ 'വെള്ള'മാണ് തിയറ്ററുകൾ വീണ്ടും തുറന്ന ശേഷം പ്രദർശിപ്പിച്ചവയിൽ ഏറ്റവുമധികം പ്രേക്ഷകർ കയറിയത്–18,000 പേർ. ഇതിനിടയ്ക്ക് വന്ന ഷൈൻ ടോം ചാക്കോ നായകനായ ഖാലിദ് റഹ്മാൻ്റെ 'ലവ്', അജു വർഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'സാജൻ ബേക്കറി' എന്നിവ മലയാളി പ്രേക്ഷകർ കണ്ടില്ലെന്ന് നടിച്ചു. തിയറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കെ സാജൻ ബേക്കറി ആമസോൺ പ്രൈമിൽ വന്നതും തിയറ്ററുകൾക്ക് പാരയായി. കേരളത്തിലെ തിയറ്ററുകളിൽ ആളെ കയറ്റിയ നവാഗത സംവിധായകൻ തരുൺ മൂർത്തി ഒരുക്കിയ 'ഒാപറേഷൻ ജാവ', 'ബ്ലാക്ക് കോഫി' എന്നിവയാണ് ഇപ്പോൾ ജിസിസി തിയറ്ററുകളിലുള്ള മലയാള പടങ്ങൾ. ഒാപറേഷൻ ജാവ ഹിറ്റാകുന്ന കാഴ്ചയാണ് കാണുന്നതെന്നും ഇതിനകം പതിനായിരം പേർ കണ്ടുകഴിഞ്ഞതായും ഫാർസ് പ്രതിനിധി റഫീഖ് കുളങ്കര പറഞ്ഞു.
അതിനിടെ, ആഷിഖ് അബു സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ സാൾട്ട് ആൻഡ് പെപ്പറിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ ബാബുരാജ് ബ്ലാക്ക് കോഫിയിലൂടെ പുതിയ കഥ പറഞ്ഞ് വീണ്ടും എത്തുന്നു. ഇൗ ചിത്രത്തിന് വലിയ പ്രേക്ഷക പ്രതികരണമുണ്ടായിട്ടില്ല. ടോം ആൻഡ് ജെറിയുടെ ഏറ്റവും പുതിയ പതിപ്പടക്കം കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ എത്തുന്ന ഇംഗ്ലീഷ് ചിത്രങ്ങളാണ് കൂടുതലും തിയറ്ററുകളിലുള്ളത്. യൂറോപ്പ്, അമേരിക്ക സ്വദേശികളും സ്വദേശികളും ഇതര അറബ് വംശജരും ഇൗ ചിത്രങ്ങൾ കാണാൻ കുടുംബസമേതം പതിവായി എത്തുന്നുണ്ട്. ഇംഗ്ലീഷ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തിയറ്ററുകളിലുള്ളത് തമിഴ് ചിത്രങ്ങൾ. നെഞ്ചം മറപ്പതില്ലൈ, ചക്ര, ഉപ്പേന എന്നീ ചിത്രങ്ങൾ ഇപ്പോൾ കളിക്കുന്നു. പവർ പ്ലേ, പ്രിയാ വാരിയർ നായികയായ ചെക്ക് (തെലുങ്ക്) എന്നിവയും പ്രദർശനത്തിനുണ്ട്.

ഹിന്ദി ചിത്രങ്ങൾ വരുന്നില്ല
മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ഹിന്ദി ചിത്രങ്ങളൊന്നും ജിസിസിയിൽ പ്രദർശനത്തിനെത്തിയിട്ടില്ല. ഇതാദ്യമായി ഹൊറർ –കോമഡി വിഭാഗത്തിൽപ്പെടുന്ന റൂഹി എന്ന ചിത്രം പ്രദർശിപ്പിക്കാൻ തയാറെടുക്കുന്നു. രാജ് കുമാർ റാവു, ജാൻവി കപൂർ എന്നിവർ പ്രധാനവേഷമിട്ട ചിത്രം പക്ഷേ, പ്രേക്ഷകർ എത്രമാത്രം സ്വീകരിക്കുമെന്ന കാര്യം കണ്ടറിയണം. കാർത്തി നായകനായ തമിഴ് ആക്ഷൻ ത്രില്ലർ സുൽത്താൻ ഏപ്രിൽ രണ്ടിന് റിലീസാകും. മലയാളികളടക്കം ഏറെ ആരാധകരുള്ള സൂപ്പര്‍ താരമാണ് കാർത്തി. അദ്ദേഹത്തിന്റെ ആരാധകരുടെ ശക്തി തിയറ്ററുകളിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷയെന്ന് റഫീഖ് കുളങ്കര പറഞ്ഞു.

കോവിഡ് തിയറ്ററുകൾ അടപ്പിച്ചു; ഒടിടി ആശ്രയമായി
ഗൾഫ് രാജ്യങ്ങളിൽ ആകെ 166 തിയറ്ററുകളാണ് ഉള്ളത്. യുഎഇലാണ് ഏറ്റവും കൂടുതൽ–72. ഒമാൻ–22, ബഹ്റൈൻ–9, ഖത്തർ–18, കുവൈത്ത്–14, സൗദി–31 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്ക്. കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളോളം തിയറ്ററുകൾ അടച്ചിട്ടതോടെ സിനിമാ പ്രേമികളുടെ ആശ്രയം ആമസോണും നെറ്റ് ഫ്ലിക്സുകളുമടക്കമുള്ള ഒാവർ ദ് ടോപ് (ഒടിടി) പ്ലാറ്റ്ഫോമുകളിലേക്ക് ചുരുങ്ങി. നെറ്റ്ഫ്ലിക്സിലൂടെ ലോകത്തെ ഒട്ടേറെ മികച്ച ചിത്രങ്ങൾ മുന്നിലുള്ളപ്പോൾ സാഹസം കാണിച്ച് തിയറ്ററുകളിൽ പോകേണ്ട കാര്യമില്ലെന്ന് നേരത്തെ പതിവായി തിയറ്ററിൽ പോയി സിനിമ കണ്ടിരുന്ന കാഞ്ഞങ്ങാട് സ്വദേസി ഫിറോസ് സാലിഹ് പറഞ്ഞു. പുതിയ ചിത്രങ്ങളും ഒടിടിയിൽ വരുന്നു. ദൃശ്യം2 വന്നതോടെ ഒടിടി പ്ലാറ്റ് ഫോം വരിക്കാരാകാത്ത മലയാളികളേ ഇല്ലെന്ന അവസ്ഥയായി. ആമസോൺ ആദ്യത്തെ ഒരു മാസം സൗജന്യമായി കാണാനാകും.
കഴിഞ്ഞ വർഷം മാർച്ച് 15നായിരുന്നു യുഎഇ അടക്കം പല ഗൾഫ് രാജ്യങ്ങളിലും തിയറ്ററുകൾ അടച്ചത്. മേയ് 27ന് ദുബായിലെ തിയറ്ററുകൾ കർശന നിയന്ത്രണങ്ങളോടെ വീണ്ടും തുറന്നു. ആദ്യം മുപ്പതും പിന്നീട് അമ്പത് ശതമാനവും ആളുകളെ മാത്രം പ്രവേശിപ്പിച്ചു. കൂടാതെ, തിയറ്ററുകളിൽ അണുനശീകരണം ഉള്‍പ്പെടെയുള്ള വൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു.

അബുദാബി തിയറ്ററുകളിൽ 30% പേർക്ക് പ്രവേശനം
വീണ്ടും തുറന്ന അബുദാബി തിയറ്ററുകളിൽ 30% പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. മാസ്ക് ധരിക്കുകയും രണ്ടു പേർ തമ്മില്‍ കൃത്യമായ അകലം പാലിക്കുകയും വേണം. കൂടാതെ, പതിവായി അണുനശീകരണം നടത്തണമെന്ന കർശന നിബന്ധനകളോടെയാണ് തിയറ്ററുകൾ പ്രവർത്തിക്കാൻ അബുദാബി അടിയന്തര ദുരന്ത നിവാരണ കമ്മിറ്റി അനുവാദം നൽകിയത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അബുദാബിയിൽ മാത്രം തിയറ്ററുകൾ വീണ്ടും അടച്ചത്.
