അബുദാബി∙ കോവിഡിനെ നിയന്ത്രിക്കുന്നതിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ലോകത്തെ 25 നഗരങ്ങളിൽ അബുദാബിക്ക് ഒന്നാം സ്ഥാനം. സോൾ, സിഡ്നി, സിംഗപ്പൂർ, ഒട്ടോവ എന്നീ നഗരങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
ആരോഗ്യ സംരക്ഷണം, കാര്യക്ഷമമായ ക്വാറന്റീൻ, വാക്സീൻ വിതരണം, സർക്കാരിന്റെ പിന്തുണ എന്നിവയെ അടിസ്ഥാനമാക്കി ലണ്ടൻ ആസ്ഥാനമായുള്ള ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ സർവേയിലാണ് ഈ വെളിപ്പെടുത്തൽ. കോവിഡിന്റെ തുടക്കം മുതൽ അബുദാബി സ്വീകരിച്ച ആരോഗ്യ, സുരക്ഷാ, മുൻകരുതൽ നടപടികളും സാമ്പത്തിക ഉത്തേജക പദ്ധതികളുമാണ് അബുദാബിക്ക് മികച്ച സ്ഥാനം നേടിക്കൊടുത്തത്.