ADVERTISEMENT

ദോഹ∙ വിട്ടുമാറാത്ത രോഗമുള്ളവർ ഡോക്ടറുടെ ഉപദേശപ്രകാരം വേണം റമസാൻ നോമ്പെടുക്കാനെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി). പ്രമേഹം, വൃക്ക തകരാറുകൾ, ഹൃദ്രോഗങ്ങൾ എന്നിവയുള്ളവർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ നിർദേശിച്ചു.

പ്രമേഹ രോഗികൾ അറിയാൻ

ടൈപ്പ്-2 പ്രമേഹമുള്ളവർ (ഹൃദയ, വൃക്ക തകരാറുകൾ ഇല്ലാത്തവർ)  നോമ്പുകാലത്ത് ഭക്ഷണക്രമം, വ്യായാമം, മരുന്ന് എന്നിവയിൽ ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷമേ നോമ്പെടുക്കാവൂയെന്ന് എച്ച്എംസി ഇന്റേണൽ മെഡിസിൻ ചെയർമാൻ പ്രൊഫ.അബ്ദുൾ ബാദി അബു സമ്ര പറഞ്ഞു. 

ഇൻസുലിൻ എടുക്കുന്ന ടൈപ്പ്-1 പ്രമേഹമുള്ളവർ, പ്രമേഹമുള്ള ഗർഭിണികൾ എന്നിവർ നോമ്പെടുക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. നോമ്പെടുക്കുന്നവർ നോമ്പില്ലാത്ത സമയങ്ങളിൽ മതിയായ അളവിൽ വെള്ളം കുടിക്കണം.  ദിവസവും പ്രമേഹത്തിന്റെ അളവ് പരിശോധിക്കണം. കാപ്പി, ചായ, മധുര പാനീയങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണം. നോമ്പെടുക്കുമ്പോൾ പ്രത്യേകിച്ചും ഉച്ചകഴിഞ്ഞും ഇഫ്താറിന് മുൻപും കൂടുതൽ സമയം ഉറങ്ങുന്നതും കഠിനമായ ജോലികൾ ചെയ്യുന്നതും ഒഴിവാക്കണം.

വൃക്കരോഗികളുടെ ശ്രദ്ധയ്ക്ക്

വൃക്ക രോഗമുള്ളവർ ആരോഗ്യനില അനുസരിച്ച് ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ നോമ്പെടുക്കാവൂ. ഗുരുതരമായ വൃക്ക തകരാർ ഉള്ളവരും വൃക്ക തകരാറിന്റെ മൂന്നാം ഘട്ടമോ അതിൽ കൂടുതലോ അവസ്ഥയിലേക്ക് എത്തിയവരും നോമ്പെടുക്കാൻ പാടില്ലെന്നും എച്ച്എംസി നെഫ്രോളജി വകുപ്പ് മേധാവി ഡോ.ഹസൻ അൽ മാൽകി പറഞ്ഞു. 

ഭക്ഷണവും വെള്ളവും ഒഴിവാക്കുന്നത് നിർജലീകരണത്തിനും അതിലൂടെ ആരോഗ്യാവസ്ഥ ഗുരുതരമാകാനും കാരണമാവും. വൃക്ക മാറ്റിവച്ചവരും നോമ്പെടുക്കുന്നത് ഒഴിവാക്കുന്നതും ആരോഗ്യകരമായി തുടരാൻ സഹായിക്കും. ഹീമോഡയാലിസിസ് നടത്തുന്നവർ ഡയാലിസിസ് ദിവസങ്ങളിൽ നോമ്പെടുക്കുന്നത് ഒഴിവാക്കണം. 

ഹൃദയ സംബന്ധമായ രോഗമുള്ളവർ

ഹൃദയസംബന്ധമായ രോഗമുള്ള ഭൂരിഭാഗം പേർക്കും സുരക്ഷിതമായി നോമ്പെടുക്കാൻ കഴിയും. എന്നാൽ ദിവസേന മരുന്നു കഴിക്കുന്നവർ ഉൾപ്പെടെയുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമേ നോമ്പെടുക്കാൻ പാടുള്ളുവെന്ന് അൽഖോർ ആശുപത്രി കാർഡിയോളജി വകുപ്പ് മേധാവി ഡോ.അമർ സലാം പറഞ്ഞു.  അതേസമയം അടുത്തിടെ ഹൃദയാഘാതം വന്നവരും ഹൃദയ ശസ്ത്രക്രിയ നടത്തിയവരും വാൽവിന് തകരാർ ഉള്ളവരും നോമ്പെടുക്കുന്നത് ഉചിതമല്ല. 

നോമ്പ് കാലത്ത് ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ വാരിവലിച്ചു കഴിക്കാതെ ചെറിയ അളവിൽ വേണം കഴിക്കാൻ. കൊഴുപ്പും ഉപ്പും മധുരം കൂടിയതുമായ ഭക്ഷണങ്ങളും വലിയ അളവിൽ പാനീയങ്ങൾ കുടിക്കുന്നതും ഒഴിവാക്കണം. ചായ, കാപ്പി തുടങ്ങി കഫിനേറ്റഡ് പാനീയങ്ങൾ കുടിക്കുന്നതും ഒഴിവാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com